Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ കോഫി ഉപയോഗിക്കും മുൻപ് ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക

green-coffee

ഗ്രീൻ കോഫി ശരീരഭാരം കുറയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ? പച്ച കാപ്പിക്കുരു പയറിനാണ് ഈ ഗുണം. കാപ്പിക്കുരു വറക്കുമ്പോൾ അതിലെ ബയോ ആക്ടീവ് ഘടകമായ ക്ലോറോജനിക് ആസിഡ് കുറയുന്നു. എന്നാൽ കഫീനിന്റെ അളവ് വറക്കുന്നതുമൂലം നഷ്ടമാകുന്നില്ല. ക്ലോറോജനിക് ആസിഡിന് ചില ആരോഗ്യ സംരക്ഷണ ഗുണങ്ങളുണ്ട്. ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഗുണം ശരീരത്തിലെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാൻ കഴിയും എന്നതാണ്.

ക്ലോറോജനിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ആഗീരണത്തെ കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്ത് ശരീരഭാരം കുറച്ച് പ്രമേഹത്തെ തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. കൊഴുപ്പിന്റെ ഓക്സിഡേഷനിൽ ഒരു ഉൽപ്രേരകമായി പ്രവർത്തിച്ച് മെറ്റബോളിസത്തിനുവേണ്ട ഫാറ്റി ആസിഡിനെ പുറത്തു വിടാൻ സഹായിക്കുന്നു.

ഇത് രക്തധമനികളെ സ്വാധീനിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. 

വറുത്തെടുത്ത കാപ്പിക്കുരുവിലും പച്ച കാപ്പിക്കുരുവിലും കഫീനിന്റെ അളവ് തുല്യമാണ്. ഇക്കാരണത്താൽ തന്നെ രണ്ടു തരം കാപ്പിപ്പൊടികളുടെയും പാർശ്വഫലങ്ങൾ ഒരു പോലെയാണ്. ഉറക്കമില്ലായ്മ, അസ്വസ്ഥത, അജീർണബാധ, ഛർദ്ദി, മനം പുരട്ടൽ, ഉയർന്ന ഹൃദയനിരക്ക്, ഉയർന്ന ശ്വാസനിരക്ക്, തലവേദന, ഉത്കണ്ഠ കൂടാതെ ക്രമാതീതമായ ഹൃദയമിടിപ്പ് എന്നിവ കഫീനിന്റെ പാർശ്വഫലമായി ചിലയാളുകളിൽ  കണ്ടു വരുന്നു.

ഗ്രീൻ കോഫിയുടെപാർശ്വഫലങ്ങൾ നന്നായി മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും നീണ്ട പഠനങ്ങൾ ആവശ്യമാണ്. ഗ്രീൻ കോഫിയുടെ സത്ത് ലഭ്യമാണ്.എന്നാലിത് ഏത് ഡോസിൽ കഴിക്കാമെന്നുള്ളതിന്റെ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ദീർഘകാലത്തേക്കുള്ള ശരീരഭാര നിയന്ത്രണം, ആരോഗ്യകരമായ ഭക്ഷണ നിയന്ത്രണം, നിരന്തരമായ വ്യായാമ ക്രമങ്ങൾ, നിരന്തരമായ പരിശ്രമം, കൃത്യമായ ദിനചര്യകൾ ഇതെല്ലാം നമ്മുടെ ജീവിത നിലവാരത്തെ തന്നെ മാറ്റുന്നു.

സുസ്ഥിരമായ ശരീരഭാരക്രമീകരണത്തിന്  ഇടക്ക് വല്ലപ്പോഴും ഉള്ള  പരിശ്രമം പോരാ. അതായത് കുറച്ചു കാലത്തേക്കുള്ള ഭക്ഷണക്രമീകരണമോ ചയാപചയങ്ങൾ എളുപ്പമാക്കുന്ന പാനീയങ്ങളുടെ (ഗ്രീൻ ടീ, ഗ്രീൻ കോഫി, വൈറ്റ് ടീ) ഉപയോഗമോ ഒന്നും പോര. നിങ്ങളുടെ ശരീരഭാരം അനിയന്ത്രിതമാക്കുന്ന അനാരോഗ്യ ഭക്ഷണത്തെ മാറ്റി  ആസ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന ജീവിതചര്യയാക്കി മാറ്റണം.

Read More : Fitness Magazine