വണ്ണം കുറയ്ക്കാന്‍ ഏത്തപ്പഴം

ഏത്തപ്പഴത്തിന്റെ ആരോഗ്യപരമായ ഗുണഗണങ്ങളെക്കുറിച്ചു നമ്മുക്കെല്ലാം അറിയാം. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദം കുറയ്ക്കാനും നല്ലതാണ്. എന്നാല്‍ ഏത്തപ്പഴം വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അറിയാമോ ?

ഏത്തപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളം ഉണ്ടെന്നും അത് ഭാരം വര്‍ധിപ്പിക്കുമെന്നുമെല്ലാം ധാരാളം പേര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരല്പം വാസ്തവം ഉണ്ടെങ്കിലും ചോക്ലേറ്റ്, പിസ്സ, ഫ്രഞ്ച് ഫ്രൈ , ജാം എന്നിവയില്‍ ഒക്കെ അടങ്ങിയിരിക്കുന്ന അത്ര കാര്‍ബോഹൈഡ്രേറ്റ് ഏത്തപ്പഴത്തില്‍ ഇല്ല എന്നതാണ് സത്യം. 

ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കാലറി കത്തിച്ചു കളയും. രക്തത്തില്‍ പഞ്ചസാരയുടെ അളവും ക്രമമായി നിലനിര്‍ത്തും. ഇത് അടിക്കടിയുള്ള വിശപ്പും ശമിപ്പിക്കും.  ഏത്തപ്പഴം ഡയറ്റില്‍ ഉൾപ്പെടുത്തിയ ശേഷം വ്യായാമം ചെയ്യുന്നവര്‍ക്ക് ഇതിലെ പൊട്ടാസ്യം മസ്സിലുകള്‍ ബലപ്പെടുത്താന്‍ സഹായിക്കും. 

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എത്തപ്പഴം കഴിച്ചാല്‍ വിശപ്പ്‌ ശമിക്കും ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. 

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതിനും ഏത്തപ്പഴം തന്നെ പരിഹാരം. വൈറ്റമിന്‍ ബി ധാരാളം അടങ്ങിയതാണ് ഏത്തപ്പഴം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഒപ്പം ഉന്മേഷവും നല്ല ശാരീരികക്ഷമതയും നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ ഈ ഏത്തപ്പഴം ഒന്ന് പരീക്ഷിക്കുക. പിന്നെ അധികമായാല്‍ അമൃതും വിഷം എന്നു പറയും പോലെ ആവശ്യത്തില്‍ അധികം കഴിക്കാതെ കൂടി ശ്രദ്ധിക്കുക.

Read More : Fitness Magazine