അടുത്തകാലത്തായി പ്രചാരത്തില്‍ വന്ന ഒന്നാണ് വാട്ടര്‍ മെലന്‍ ഡയറ്റ് അഥവാ തണ്ണിമത്തന്‍ ഡയറ്റ്. എന്താണ് ഈ തണ്ണിമത്തന്‍ ഡയറ്റ്? എന്താണ് ഇതിന്റെ പ്രത്യേകതകള്‍ ?
ഉടനടി വണ്ണം കുറയണമെന്നു മോഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ ഡയറ്റ് തന്നെയാണ് ഇതെന്നത് ആദ്യമേ പറയട്ടെ. അതുപോലെ ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്തു ശരീരം ശുദ്ധിയാക്കണമെന്നു മോഹിക്കുന്നവര്‍ക്കും ഇതു യോജിച്ചതാണ്. എന്നാല്‍ വെറുതേ അങ്ങ് കഴിച്ചു കളയാമെന്നു കരുതി ഈ തണ്ണിമത്തന്‍ ഡയറ്റ് ഫോളോ ചെയ്യാന്‍ പോയാല്‍ പണികിട്ടുമെന്ന് ആദ്യമേ പറയട്ടെ. കൃത്യമായ അളവില്‍ കഴിക്കേണ്ടതാണ് ഇതെന്ന് ഓര്‍ക്കുക.
രണ്ടു തരത്തിലാണ് ഈ ഡയറ്റ് ഉള്ളത്. ഒന്ന് ദീര്‍ഘകാലവും ഒന്ന് കുറഞ്ഞ കാലവും പിന്തുടരാന്‍ കഴിയുന്നത്. ദീര്‍ഘകാല ഡയറ്റിന് രണ്ടു ഘട്ടങ്ങള്‍ ഉണ്ട്. ഒന്ന് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഘട്ടം, രണ്ടാമത് കാലറി ക്രമപ്പെടുത്തി വണ്ണം കുറയ്ക്കുന്ന ഘട്ടം.
ആദ്യഘട്ടം മൂന്നു ദിവസമാണ്. ഇതില്‍ തണ്ണിമത്തന്‍ മാത്രം കഴിക്കുക. ആരോഗ്യവാനായ ഒരാള്‍ക്ക് ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. എങ്കിലും എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ഇതു നിര്‍ത്തിയ ശേഷം ഡോക്ടറെ കാണണം.
അടുത്ത ഘട്ടം ആറു മുതല്‍ പത്തു ദിവസം വരെയാണ്. 2-3 കഷ്ണം തണ്ണിമത്തന്‍ സ്നാക്സ് പോലെ കഴിക്കാം. ഓട്ട്സ്, ചീസ് സ്‌ലയിസ് എന്നിവ കഴിക്കാം. അതുപോലെ മറ്റു ഭക്ഷണങ്ങളും കഴിക്കാം. എന്നാല്‍ അത്താഴത്തിനു തണ്ണിമത്തന്‍ ധാരാളം കഴിക്കുക, മറ്റൊന്നും പാടില്ല.
ഇനി ഷോര്‍ട്ട് ടൈം തണ്ണിമത്തന്‍ ഡയറ്റ് ആണെങ്കില്‍ ഒരു കഷണം ടോസ്റ്റ്, കൂടെ തണ്ണിമത്തനും മാത്രം ആകണം അഞ്ചു ദിവസത്തെ നിങ്ങളുടെ പ്രാതല്‍. ഇടയ്ക്ക് ഒരു കപ്പ് കോഫി അല്ലെങ്കില്‍ ഗ്രീന്‍ ടീ. ഉച്ചയ്ക്ക് ബോയില്‍ ചിക്കന്‍ കഴിക്കാം. കൂടെ ഒരു കഷ്ണം വീറ്റ് ബ്രെഡ്, തണ്ണിമത്തന്‍ എന്നിവ ആകാം. അത്താഴം രണ്ടു കഷ്ണം തണ്ണിമത്തന്‍, 100 ഗ്രാം മാത്രം ചോറ്, ഗ്രീന്‍ വെജിറ്റബിള്‍സ് അതും നല്ല എണ്ണയില്‍ വേവിച്ചത് ഒപ്പം നൂറു ഗ്രാം മത്സ്യം കഴിക്കാം. ഈ ഡയറ്റ് അഞ്ചു ദിവസമാണ് കൂടുതലും ശുപാര്‍ശ ചെയ്യുന്നത്.
തണ്ണിമത്തനിൽ 92 ശതമാനം വെള്ളമാണ്. 6%ഷുഗര്‍ ഇതിലുണ്ട്. ഒപ്പം രണ്ടു ഗ്രാം ഫൈബറും. എന്നാല്‍ കഠിനമായ വര്‍ക്ക് ഔട്ട് ചെയ്തു കൊണ്ട് ഒരിക്കലും തണ്ണിമത്തന്‍ ഡയറ്റ് പിന്തുടരരുത്. L-coralline ധാരാളം അടങ്ങിയതാണ് തണ്ണിമത്തന്‍. ഇത് നമ്മുടെ ശരീരം L-arginine ആക്കി മാറ്റുന്നു. ഇത് രക്തയോട്ടം കൂട്ടാനും മസ്സിലുകള്‍ റിലാക്സ് ആകാനും ഉത്തമമാണ്. അതുകൊണ്ടുതന്നെ ഇത് പിന്തുടരുമ്പോള്‍ വ്യായാമം ചെയ്താല്‍ മസ്സില്‍ വേദന ഉണ്ടാകാന്‍ സാധ്യത ഏറെ.
ആരൊക്കെ ഒഴിവാക്കണം?
അമിതമായി ഒരിക്കലും ഈ ഡയറ്റ് പിന്തുടരാന്‍ പാടില്ല. ഗര്‍ഭിണികള്‍ ഒരു കാരണവശാലും ഇത് പിന്തുടരരുത്. അതുപോലെ കുട്ടികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കരള്‍ രോഗികള്‍ എന്നിവര്‍ ഇത് ചെയ്യരുത്. തണ്ണിമത്തന്‍ ഡയറ്റ് പാലിച്ചു വണ്ണം കുറഞ്ഞവര്‍ വൈകാതെ സാധാരണ ഭക്ഷണരീതി തുടരുന്നതോടെ വണ്ണം പഴയതു പോലെ വെയ്ക്കാന്‍ സാധ്യതയുണ്ട്.
ഇത് പിന്തുടരുമ്പോള്‍ തണ്ണിമത്തന്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്നു കരുതരുത്. മറ്റ് ആഹാരവും ഇതിനൊപ്പം ആകാം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ബാലന്‍സ് ഡയറ്റ് തന്നെയാണ് എപ്പോഴും ശരീരത്തിന് നല്ലതെന്ന് ഓര്‍ക്കുക.
Read More : Fitness Magazine