ചുവന്ന പാത്രത്തിൽ കഴിച്ചാൽ തടി കുറയും; കാരണം അറിയണ്ടേ

ആഹാരത്തിന്റെ രുചിയും ഗുണവും മണവും മാത്രമല്ല അവയുടെ നിറവും അതിന്റെ ആകർഷണീയത വർധിപ്പിക്കും എന്ന വസ്തുത ഭക്ഷ്യലോകം മനസ്സിലാക്കിയിട്ടു കാലമേറെയായി. ആഹാരത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണു നിറം. അതുമാത്രമല്ല, ജീവശാസ്ത്രപരമായും നിറങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയുടെ നിറങ്ങൾക്ക് എത്രത്തോളം കടുപ്പമുണ്ടോ അത്രയധികമായിരിക്കും അതിന്റെ പോഷകമൂല്യം  എന്നതു ശാസ്ത്രീയമ‌ായി തെളിയിക്കപ്പെട്ടിട്ട‌ു കാലമേറെയായി. 

എന്നാൽ ആഹാരപദാർഥത്തിന്റെ നിറം മാത്രമല്ല, അതു പകർന്ന പാത്രത്തിന്റെ നിറംപോലും രുചിമുകുളങ്ങളെ ഉണർത്തും എന്നു ശാസ്ത്രീയ പഠനങ്ങൾ അടിവരയിടുന്നു. പാത്രങ്ങളുടെയും കപ്പുകളുടേയുമൊക്കെ വലുപ്പവും ആകൃതിയും മാത്രമല്ല, നിറംപോലും നമ്മു‌ടെ ഭക്ഷ്യശൈലിയുമായി  ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 

പാത്രത്തിന്റെ നിറം ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുമെന്നാണു പുതിയ നിഗമന‌ം. പാത്രങ്ങൾ മാത്രമല്ല, കപ്പ്, ബൗൾ, സ്പൂൺ, ഫോർക്ക് എന്നിവയുടെ നിറങ്ങളും രുചിയുമായി ബന്ധമേറെ. ഇവ മനഃശാസ്ത്രപരമായും തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. ഓക്സ്ഫഡ് സർവകലാശാലയുടെ പുതിയ പഠനങ്ങളാണ് ഈ ചർച്ചയ്ക്കു തുടക്കമിട്ടത്. പാത്രങ്ങളുടെ നിറം രുചിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവരുടെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. 

വായിൽ വെള്ളിക്കരണ്ടിയോടെ ജനിച്ചവൻ എന്ന  ആപ്തവാക്യം ശരിവയ്ക്കുന്നതാണു പഠനങ്ങൾ. വെള്ളിക്കരണ്ടിയിൽ ഭക്ഷണം കഴിക്കുമ്പോൾ സ്വാദ്  ഏറുമെന്നു പഠനങ്ങളുടെ വെളിച്ചത്തിൽ പറയുന്നു. നിറംമങ്ങിയൊരു പ്ലാസ്റ്റിക് സ്പൂണാണ് ഉപയോഗിക്കുന്നത് എന്നു കരുതുക. ആകർഷണീയത കുറയും എന്നു മാത്രമല്ല രുചിയും കുറയുമത്രെ. ചുരുക്കത്തിൽ കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളുടെ നിറത്തിന് നമ്മുടെ ഭക്ഷണത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. 

വീടിന്റെ മുഖ്യകേന്ദ്രങ്ങളിലൊന്നായി അടുക്കളയും തീൻമേശയും മാറിയതോടെയാണു നിറം നമ്മുടെ ഭക്ഷണസംവിധാനത്തെപ്പോലും ബാധിച്ചുതുടങ്ങിയത്.  പാത്രങ്ങളുടെ ഏതു നിറവും നമ്മൾ കഴിക്കുന്ന ആഹാരത്തെ രുചികരമാക്കും എന്നല്ല ഇതിനർഥം. ഓരോ നിറവും വ്യത്യസ്തമായ സ്വാധീനമാണ് ചുമത്തുക. നിറമുള്ള പാത്രങ്ങളിൽ ഭക്ഷണമിരിക്കുന്നതുതന്നെ ഭംഗി കൂട്ടും. സ്നാക്സിനായി മഞ്ഞ നിറത്തിലുള്ള പാത്രവും ഡെസർട്ടുകൾക്കായി മിന്റ് പച്ചയും കാപ്പിക്കായി നീല കപ്പുകളുമൊക്കെ മികച്ചതാണെന്നു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പച്ച ഐശ്വര്യത്തെയും മഞ്ഞ സന്തോഷത്തെയുമൊക്കെ പ്രതിനിധീകരിക്കുമെന്നാണു വിദഗ്ധാഭിപ്രായം. കറുത്ത പാത്രത്തിൽ കഴിക്കുന്നതിനെക്കാൾ 15 ശതമാനം തൃപ്തിയോടെ വെള്ള നിറമുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കാമെന്ന് ഉറപ്പാണ്. 

തീറ്റ കുറയ്ക്കാൻ ചുവപ്പ്

പൊണ്ണത്തടി കുറയ്‌ക്കണമോ? ഭക്ഷണം കഴിക്കുമ്പോൾ ചുവന്ന പാത്രവും കപ്പും ഉപയോഗിക്കുക! 2012ൽ  ജർമനിയിലെയും സ്വിറ്റ്‌സർലൻഡിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ്  ഇതു തെളിഞ്ഞത്. നിർത്തൂ, മതിയാക്കാം, അപകടം തുടങ്ങിയ സന്ദേശങ്ങളാണു ചുവപ്പുനിറം സൃഷ്‌ടിക്കുന്നതത്രെ. ചുവപ്പും നീലയും നിറങ്ങളുള്ള പാത്രങ്ങൾ നൽകിയാണു പഠനം നടത്തിയത്. ചുവപ്പു പാത്രവും കപ്പും ലഭിച്ചവരെല്ലാം കുറച്ചു ഭക്ഷണം മാത്രമാണു കഴിച്ചത്. ചുവന്ന പാത്രം തിരഞ്ഞെടുക്കുന്നതിലൂടെ ഭക്ഷണം കഴിക്കുന്നത് 40% വരെ കുറയുമെന്നാണു കണ്ടെത്തൽ. അതിലൂടെ പൊണ്ണത്തടി ഒഴിവാക്കുകയും ചെയ്യാം.  

അതേപോലെ ഭക്ഷണവും അതു പകർന്നിരിക്കുന്ന പാത്രത്തിന്റെ നിറങ്ങൾ തമ്മിലുള്ള അന്തരവും നമ്മുടെ ‘കഴിപ്പിനെ’ സ്വാധീനിക്കുമെന്നു പഠനങ്ങൾ പറയുന്നു. ഈ നിറങ്ങൾ തമ്മിലുള്ള വലിയ അന്തരം ഭക്ഷണം കുറച്ചുമാത്രം കഴിക്കാനായി നമ്മെ സഹായിക്കുമത്രെ. കോർണൽ സർവകലാശാലയുടെ പഠനങ്ങളും  ഈ വഴിക്കാണ്. 

അതുപോലെ ചൂടുവെള്ളം കുടിക്കാൻ ചുവപ്പുനിറമുള്ള കപ്പും തണുത്ത വെള്ള‌ം  കുടിക്കാൻ നീലനിറവും തിരഞ്ഞെടുത്തുനോക്കൂ. തണുത്ത പാനീയങ്ങൾ എപ്പോഴും നീലനിറമുള്ള ഗ്ലാസുകളിൽ കുടിക്കുന്നതാണു മെച്ചം. അതേപോലെ ചൂടു കാപ്പി ചുവന്ന കപ്പിൽ കുടിക്കുന്നതാണു നല്ലതെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

Read More : Health and Fitness Tips