ജിമ്മില്‍ പോയോ അല്ലാതെയോ വര്‍ക്ക് ഔട്ട് ചെയ്യുക എന്നത് ഇന്നൊരു ഫാഷന്‍ പോലെ പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ചിലര്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പോകുമ്പോള്‍ മറ്റു ചിലരാകട്ടെ ബോഡി ബില്‍ഡിങില്‍ കമ്പം കയറിയാകും ജിമ്മിലേക്ക് ഓടുന്നത്. എന്തായാലും ജിമ്മില്‍ പോകുന്നതിനോട് ആര്‍ക്കും വിരോധമില്ലെങ്കിലും വര്‍ക് ഔട്ട് ചെയ്യുന്നതിന് മുന്‍പും ശേഷവും പാലിക്കേണ്ട ചില സംഗതികള്‍ ഉണ്ട്. ഇതിൽ പ്രധാനമാണ് ജിമ്മില്‍ പോകുമ്പോള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ആഹാരങ്ങള്‍.
പത്തുകിലോമീറ്റര്‍ ഓട്ടം കഴിഞ്ഞു വന്ന ശേഷം ചീസ് ബര്‍ഗര്‍ കഴിച്ചാല്‍ എന്താണു ഫലം? ലോകപ്രശസ്ത പേഴ്സണല്‍ ട്രെയിനറായ ടോബി ഹോന്റിന്‍ടണ്‍ പറയുന്നത് വര്‍ക് ഔട്ട് ചെയ്യുന്നതിന് മുന്‍പ് ഏറ്റവുമധികം ഒഴിവാക്കേണ്ടത് ഹൈ ഫാറ്റ് ആഹാരങ്ങള്‍ ആണെന്നാണ്. വര്‍ക്ക് ഔട്ടിന് മുൻപ് സ്പോര്‍ട്സ് ഡ്രിങ്കുകളും ഒഴിവാക്കാം എന്ന് ന്യൂട്രിഷന്‍ വിദഗ്ധയായ റിയനോണ്‍ പറയുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ ദോഷകരമാണ് എന്നാണു ഇവര്‍ പറയുന്നത്.
മിക്കകമ്പനികളും മോഡലുകളെയും സെലിബ്രിറ്റികളെയും വച്ചു പരസ്യം ചെയ്യുന്ന സപ്ലിമെന്റ് ആഹാരങ്ങളും നല്ലതല്ല. നല്ല ജീവിതശൈലിയും ആഹാരവും ഉണ്ടെങ്കില്‍ ഇതിന്റെ ഒന്നും ആവശ്യമില്ലത്രേ. നല്ല ഉറക്കം, നല്ല വ്യായാമം, ആഹാരം ഇതാണ് ആരോഗ്യത്തോടെയിരിക്കാന്‍ ഏറ്റവും ആവശ്യം.
മിതമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ലഘുഭക്ഷണം വ്യായാമത്തിന് ഒരുമണിക്കൂര്‍ മുന്‍പ് കഴിക്കുന്നത് നല്ലതാണ്. അൽപം കോഫി അല്ലെങ്കില്‍ ഗ്രീന്‍ ടീയും വര്‍ക്ക് ഔട്ട് ചെയ്യും മുന്‍പ് ആവാം. മദ്യം തീര്‍ത്തും ഒഴിവാക്കണം. എന്നാല്‍ സ്പോര്‍ട്സ് ഡ്രിങ്കുകളെ അപേക്ഷിച്ചു ബിയര്‍ കുടിക്കുന്നത് നല്ലതാണെന്നു പറയപ്പെടുന്നു. പഴങ്ങളും പച്ചകറികളും ഉപയോഗിച്ചു തയാറാക്കുന്ന ഡ്രിങ്കുകളോളം വരില്ല മറ്റൊന്നും.
വ്യായാമം കഴിഞ്ഞ് 45 മിനിറ്റുകള്‍ക്കു ശേഷം ആഹാരം കഴിക്കാം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സ്, മുട്ട, കോട്ടേജ് ചീസ് എന്നിവ കഴിക്കാം. എന്നാല്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനു മുന്‍പും ശേഷവും ഏറ്റവും ആവശ്യം വേണ്ടത് വെള്ളമാണ്. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ പുറത്തുപോകുന്ന ഫ്ലൂയിഡ് വീണ്ടെടുക്കുക എന്നത് പ്രധാനം തന്നെയെന്നു മറക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.
Read More : Fitness Magazine