രോഗങ്ങൾ വരാതിരിക്കാൻ ദിവസവും ആപ്പിൾ കഴിച്ചാൽ മതിയെന്നു പറയാറുണ്ട്. അമിതഭാരവും കുടവയറും കുറയ്ക്കാനും ആപ്പിൾ സഹായിക്കും എന്നറിയാമോ?
നാരുകൾ ധാരാളം അടങ്ങിയ പഴമാണ് ആപ്പിൾ. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആപ്പിൾ സഹായിക്കും.
ആപ്പിളിലടങ്ങിയ പെക്റ്റിൻ നാരുകളും പോളിഫിനോളുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ചർമത്തിനും ആരോഗ്യമേകുന്ന നിരവധി ജീവകങ്ങളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ആപ്പിളിലുണ്ട്. ഇതിനൊക്കെ പുറമെ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പു കുറയ്ക്കാനും ആപ്പിൾ കഴിച്ചാൽ മതി. ഇതെങ്ങനെയെന്നു നോക്കാം.
ഒരു ആപ്പിളില്‍ 4 ഗ്രാം നരുകൾ ഉണ്ട്. സ്ത്രീകൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ 16 ശതമാനവും പുരുഷന്മാർക്ക് ആവശ്യമുള്ളതിന്റെ 11 ശതമാനവും ഒരു ആപ്പിളിൽ നിന്നു കിട്ടും.
ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ, ഭക്ഷണത്തിലെ അമിത കൊഴുപ്പിനെ ശരീരം വലിച്ചെടുക്കുന്നതിൽ നിന്നു തടയുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നാനും ഇതു സഹായിക്കുന്നു. ദഹനത്തിനും മലശോധനയ്ക്കും സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
കാലറി വളരെ കുറഞ്ഞ പഴമാണ് ആപ്പിൾ. 100 ഗ്രാം ആപ്പിളിൽ ഏതാണ്ട് 50 കാലറി മാത്രമേ ഉള്ളൂ. ശരീരഭാരം കൂടുമോ എന്ന പേടി കൂടാതെ എത്ര വേണമെങ്കിലും ആപ്പിൾ കഴിക്കാം.
പോഷകസമ്പുഷ്ടമായ ആപ്പിളിൽ 85 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽപ്പെട്ട ആപ്പിൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
ആപ്പിൾ ജ്യൂസ് ആക്കിയോ സാലഡ് രൂപത്തിലോ, സ്മൂത്തിയാക്കിയോ എങ്ങനെയും കഴിക്കാം.
രോഗങ്ങളില്ലാത്ത ശരീരം സ്വന്തമാക്കുന്നതോടൊപ്പം അമിതവണ്ണമുള്ളവരുടെ കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തിയാൽ മതി.
Read More : Fitness Magazine