വണ്ണം കൂടുന്നത് എല്ലാവർക്കും ടെന്‍ഷനുള്ള സംഗതിയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, നമ്മുടെ സെലിബ്രിറ്റികള്‍. സാധാരണക്കാര്‍ക്ക് വണ്ണം ഒരൽപം കൂടിയാലും ചിലപ്പോള്‍ അടുപ്പക്കാരില്‍നിന്നു മാത്രമാകും വിമര്‍ശനം നേരിടേണ്ടിവരുന്നത്. എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യമോ? പുറത്തിറങ്ങിയാലും എന്തെങ്കിലും പരിപാടിക്കു വന്നാലുമെല്ലാം പിന്തുടരുന്ന ക്യാമറക്കണ്ണുകള്‍ അവർക്കു സ്വസ്ഥത കൊടുക്കില്ല. എന്താണു വണ്ണം വച്ചത്, എങ്ങനെ ഇതിനി കുറയ്ക്കും എന്നു തുടങ്ങി അവര്‍ നേരിടുന്ന ചോദ്യങ്ങള്‍ അനവധി.
എന്നാല്‍ വിജയകരമായി ഭാരം കുറച്ചു ശരീരസൗന്ദര്യം നേടിയ സെലിബ്രിറ്റികളുടെ കാര്യം എടുത്തു നോക്കൂ. അവരുടെ വെയ്റ്റ് ലോസ് കഥകള്‍ കേള്‍ക്കാനും അറിയാനുമെല്ലാം ആരാധകര്‍ക്ക് ഏറെ താൽപര്യമാണ്. അടുത്തിടെ ഇത്തരത്തില്‍ ഭാരം കുറച്ച മിക്ക സെലിബ്രിറ്റികളും പറഞ്ഞു കേള്‍ക്കുന്നൊരു ഡയറ്റ് ആണ് കീറ്റോജെനിക് ഡയറ്റ്. അതുകൊണ്ടുതന്നെ സെലിബ്രിറ്റികളെ പിന്തുടര്‍ന്ന് ഈ ഡയറ്റ് പരീക്ഷിക്കാന്‍ താൽപര്യപ്പെടുന്നവരും ഏറെ.
കാര്‍ബോഹൈഡ്രേറ്റ് പരമാവധി കുറച്ചു ശരീരത്തിലെ ഫാറ്റ് കൂടുതലായി ഉപയോഗപ്പെടുത്തി ഭാരം കുറയ്ക്കുന്ന ഡയറ്റ് പ്ലാന്‍ ആണിത്.
പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കിയാണ് ഈ ഡയറ്റ് ശീലിക്കുക. ഫാറ്റ് കൂടുതലായി കഴിച്ച്, കാര്‍ബോഹൈഡ്രേറ്റ് കുറച്ച്, പ്രോട്ടീന്‍ ആവശ്യത്തിന് എടുക്കുന്ന രീതിയാണ് ഇത്. ഇവിടെ ഫാറ്റ് എന്നുദ്ദേശിക്കുന്നത് നമ്മുടെ ചീസിലും പിസ്സയിലുമൊക്കെ ധാരാളം അടങ്ങിയ ഫാറ്റ് അല്ലെന്നു ആദ്യമേ പറയെട്ടെ. അവക്കൊഡയിലൊക്കെ ഉള്ള തരം പ്ലാന്റ് ബേസ് ഫാറ്റ് ആണ് ഇവിടെ ഉപയോഗിക്കുക. കീറ്റോ ഡയറ്റ് വിജയകരമായി പരീക്ഷിച്ചു വിജയിച്ച ചില സെലിബ്രിറ്റികളെ പരിചയപ്പെടാം.
ഹിമ ഖുറേഷി
മനോഹരമായ ചര്‍മമാണ് ഹിമയുടെ ഏറ്റവും വലിയ പ്ലസ്. എപ്പോഴും വൃത്തിയോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നതാണ് ഹിമയുടെ രീതി. ലോ കാര്‍ബോ ആഹാരങ്ങളെക്കുറിച്ച് ഹിമ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിക്കാറുണ്ട്. മധുരമുള്ള ആഹാരം ഏറെ ഇഷ്ടമാണ്. അങ്ങനെ വരുമ്പോള്‍ തന്റെ പ്രിയപ്പെട്ട കീറ്റോ ഫ്രണ്ട്‌ലി ഡെസർട്ട് ആണ് ഹിമ കഴിക്കുക.
തന്‍മയ് ഭട്ട്
എഐബി സ്ഥാപകനും സിനിമാതാരവുമായ തന്‍മയ് ഭട്ടിന്റെ പുതിയ ലുക്ക് എല്ലാവരെയും ഞെട്ടിച്ചിരുന്നു. 110 കിലോയില്‍ നിന്നാണ് ഇദ്ദേഹം ചുള്ളന്‍ ലുക്കില്‍ എത്തിയത്. കഠിന വ്യായാമത്തോടൊപ്പം കീറ്റോഡയറ്റ് പിന്തുടര്‍ന്നാണ് ഈ മേക്കോവര്‍ സ്വന്തമാക്കിയത്.
കരൺ ജോഹര്‍
സംവിധായകനും അവതാരകനുമായ കരൺ ജോഹറിന്റെ പുതിയ ലുക്ക് കണ്ടാല്‍ സിനിമാതാരങ്ങള്‍ തോല്‍ക്കും. ഇതിലേക്ക് എത്താന്‍ അദ്ദേഹം കളഞ്ഞത് 17 കിലോ ആണ്.
കിം കര്‍ദഷിയാന്‍
റിയാലിറ്റി ഷോ താരവും നടിയുമായ കിമ്മിനെ അറിയാത്തവര്‍ ചുരുക്കം. കീറ്റോ ഡയറ്റ് ഏറ്റവും പോപ്പുലര്‍ ആക്കിയത് കിം തന്നെയാണ്. 34 കിലോ കുറച്ചാണ് കിം ഇപ്പോഴത്തെ സുന്ദരഫിഗര്‍ സ്വന്തമാക്കിയത്. ചീര, സാല്‍മണ്‍ പോലെയുള്ള ഹൈ പ്രോട്ടീന്‍ ആഹാരം ആണ് കിം കഴിക്കുക. കാര്‍ബോ അടങ്ങിയ ആഹാരം കിമ്മിന്റെ മെനുവില്‍ ഇല്ല.
ഗിനെത് പൾട്രോ
ഹോളിവുഡ് നടി ഗിനെത് കീറ്റോയുടെ ആരാധികയാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം മക്കള്‍ക്കു പോലും നല്‍കില്ലെന്ന് ഒരിക്കല്‍ പറഞ്ഞ നടി ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കുട്ടികള്‍ക്ക് ബ്രഡ്, പാസ്ത, പിസ്സ എന്നിവ ഇവര്‍ നല്‍കില്ല.
Read More : Fitness Tips