ഓരോ വെയ്റ്റ് ലോസ് കഥകള്‍ക്കും പറയാനുണ്ടാകും അസാധാരണമായ ഒരു യാത്രയുടെ വഴികളെ കുറിച്ച്. നിതേഷ് സഞ്ചാനി എന്ന 26 കാരന്റെ കഠിനാധ്വാനവും ഇത്തരമൊന്നാണ്. അമിതഭാരം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതം വിരസമായി കടന്നു പോകുമ്പോഴാണ് നിതേഷിന്റെ ജിവിതം മറ്റൊരു വഴിത്തിരിവിലെത്തിയത്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇതിനു കാരണമായത്.
പ്രമുഖ സ്പോര്‍ട്സ് ന്യൂട്രിഷനിസ്റ്റിന്റെ, കീറ്റോ ഡയറ്റ് പിന്തുടര്‍ന്ന് എങ്ങനെ ഫിറ്റ്‌നസ് നിലനിര്‍ത്താം എന്ന പോസ്റ്റായിരുന്നു ഇത്. ഡയറ്റിങ്ങിനു പിന്നിലെ രഹസ്യം എന്തെന്ന് അന്നാണ് നിതേഷിനു മനസ്സിലായത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തായിരുന്നു നിതേഷിനു ജോലി. 110 കിലോയോളം ഭാരമായിരുന്നു ഇദേഹത്തിന്. ആദ്യകാലത്ത് ഒരുപാട് ഡയറ്റുകള്‍ നിതേഷ് പിന്തുടര്‍ന്നിരുന്നു. ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കി. ഭക്ഷണനിയന്ത്രണം നടത്തി. എന്നിട്ടും 10-12 കിലോ മാത്രമാണ് കുറയ്ക്കാന്‍ സാധിച്ചത്.
2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് നിതേഷിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ ശ്രമത്തില്‍ എവിടെയാണ് പാകപ്പിഴ എന്നും എവിടെയാണ് മാറ്റങ്ങള്‍ വേണ്ടതെന്നും അതോടെ നിതേഷിനു മനസ്സിലായി. ഫാറ്റ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ എങ്ങനെയാണ് നമ്മളില്‍ പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായി. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ വളരെ ഗുണകരമായൊരു കീറ്റോ ഡയറ്റും പറഞ്ഞു തന്നെന്ന് നിതേഷ് പറയുന്നു.
സാധാരണ ഇന്റര്‍നെറ്റില്‍ കാണുന്ന കീറ്റോഡയറ്റ് ആയിരുന്നില്ല അത്. എങ്ങനെ വ്യായാമം ചെയ്യണം, എങ്ങനെ ആഹാരം പാകം ചെയ്യണം എന്നു തുടങ്ങി എങ്ങനെ ആരോഗ്യകരമായി ഒരു ഡയറ്റ് പ്ലാന്‍ പിന്തുടരാം എന്നദ്ദേഹം പറഞ്ഞു തന്നു.
വൈകാതെ ഭാരം കുറഞ്ഞു വരുന്നതായി നിതേഷിനു ബോധ്യമായി. പഴയ ഉടുപ്പുകള്‍ എല്ലാം ലൂസായി തുടങ്ങി. ഈ ആഹാരക്രമം തുടങ്ങിയ ശേഷം ഒരിക്കല്‍ പോലുമൊരു പനി പോലും വന്നതായി നിതേഷിനു ഓര്‍മയില്ല. 72 കിലോ ആയിരുന്നു നിതേഷിന്റെ മനസ്സിലെ ടാര്‍ജെറ്റ്. ഇപ്പോള്‍ താന്‍ അതില്‍ എത്തിയെന്ന് നിതേഷ് സന്തോഷത്തോടെ പറയുന്നു.
300 ഗ്രാം ബട്ടറും ഇറച്ചിയും നെയ്യും മുട്ടയും പച്ചക്കറികളും ചേര്‍ന്നതാണ് നിതേഷിന്റെ ഡയറ്റ്. ഇന്ത്യന്‍ ഡയറ്റിലെ ഏറ്റവും അപകടകാരിയായ വസ്തു നമ്മുടെ എണ്ണയാണ് എന്നാണ് നിതേഷിന്റെ അഭിപ്രായം. കാര്‍ബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയതാണ് നമ്മുടെ ഡയറ്റ്. 38 കിലോയാണ് ആറു മാസം കൊണ്ട് നിതേഷ് കുറച്ചത്.
നിതേഷിന്റെ ഡയറ്റ് പ്ലാനുകള്‍ ഇങ്ങനെ:
പ്രാതല്‍ : 4-6 മുട്ട, നൂറു ഗ്രാം ബട്ടര്‍, നൂറു ഗ്രാം ഇഷ്ടമുള്ള പച്ചക്കറികള്‍
ഉച്ചയ്ക്ക്: 200 ഗ്രാം മുട്ട അല്ലെങ്കില്‍ ഇറച്ചി അല്ലെങ്കില്‍ പനീര്‍, നൂറു ഗ്രാം ബട്ടര്‍, നൂറു ഗ്രാം ഇഷ്ടമുള്ള പച്ചക്കറികള്‍
അത്താഴം : പ്രോട്ടീന്‍ ഷേക്ക് അല്ലെങ്കില്‍ മുകളില്‍ പറഞ്ഞത് എന്തെങ്കിലും അല്പം.
ഇതിനൊപ്പംതന്നെ ആഴ്ചയില്‍ ആറു ദിവസം പലതരത്തിലെ വ്യായാമങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ തനിക്ക് പഴയതിലും കൂടുതല്‍ ആത്മവിശ്വാസം ഉണ്ടെന്നാണ് നിതേഷ് പറയുന്നത്. എല്ലാവരും തന്റെ ഈ മാറ്റത്തെ കുറിച്ച് വാചാലരാകുന്നു. തന്റെ പഴയ ഫോട്ടോകള്‍ കാണുമ്പോള്‍ ഇപ്പോള്‍ അദ്ഭുതം തോന്നുന്നു. ഫാറ്റ് കൂടുതല്‍ വരുന്ന കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് ആണ് തന്റെ ഈ ശാരീരികമാറ്റത്തിന് പിന്നിലെന്ന് നിതേഷ് പറയുന്നു.
Read More : Weight Loss Tips