Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു ദിവസം കൊണ്ട് ഏഴു കിലോ കുറയ്ക്കണോ; പിന്തുടരാം ജിഎം ഡയറ്റ്

ജിഎം ഡയറ്റ് അഥവാ ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാൻ എന്നു കേട്ടിട്ടുണ്ടോ? മറ്റേത് ഡയറ്റിനേക്കാളും വളരെ പെട്ടെന്ന് ശരീരഭാരം കുറയുകയും വയറിലെ കൊഴുപ്പിനെ നീക്കുകയും ചെയ്യുന്ന ഒന്നാണ് ജിഎം ഡയറ്റ് എന്നാണ് ഈ ഭക്ഷണരീതി പിന്തുടരുന്നവർ അവകാശപ്പെടുന്നത്. ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ഈ ഡയറ്റ് എങ്ങനെ നീക്കം ചെയ്യുന്നുവെന്നും ശരീരഭാരം കുറയ്ക്കാൻ ജിഎം ഡയറ്റ് സഹായിക്കുന്നത് എങ്ങനെയെന്നും നമുക്കു നോക്കാം. 

ജനറൽ മോട്ടോർസിലെ ജോലിക്കാരെ ആരോഗ്യവാന്മാരാക്കാനും അതുവഴി ഉൽപ്പാദനം മെച്ചപ്പെടുത്താനും 1985 ൽ ആരംഭിച്ച ഭക്ഷണരീതിയാണ് ജിഎം ഡയറ്റ്. വെറും ഏഴു ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റിനു കഴിയും. 

ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, FOA എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ഈ ജിഎം ഡയറ്റ്. 

വെറും ഒരാഴ്ചകൊണ്ട് 6.8 കിലോ (15 പൗണ്ട്) വരെ ഭാരം കുറയ്ക്കാൻ ഈ ഡയറ്റിനാകും. ഫ്രഷ് ഫ്രൂട്ടുകളും പച്ചക്കറികളുമാണ് പ്രധാനമായും ഈ ഡയറ്റിൽ ഉൾപ്പെടുന്നത്. വളരെ കുറഞ്ഞ അളവിൽ ഇറച്ചിയും ഉൾപ്പെടും. ദിവസം 8 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അന്നജം, കാലറി വളരെ കുറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, പാൽ കൂടാതെ ധാരാളം വെള്ളം ഇവയുടെ മിശ്രണമാണ് ജിഎം ഡയറ്റ്.

ജിഎം ഡയറ്റ് ചാർട്ട്

ഏഴു ദിവസങ്ങളായി ഈ ഡയറ്റിനെ വിഭജിച്ചിരിക്കുന്നു.

1–ാം ദിവസം : പഴങ്ങൾ മാത്രം കഴിക്കുക എന്നാൽ വാഴപ്പഴം മാത്രം കഴിക്കരുത്.

2–ാം ദിവസം : പച്ചക്കറികൾ മാത്രം കഴിക്കുക. വേവിച്ചോ േവവിക്കാതെയോ കഴിക്കാം. എന്നാൽ ഉരുളക്കിഴങ്ങ് കഴിക്കുന്നുണ്ടെങ്കിൽ അത് പ്രഭാത ഭക്ഷണത്തിൽ മാത്രം ഉൾപ്പെടുത്തുക. 

3–ാം ദിവസം : പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. വാഴപ്പഴവും ഉരുളക്കിഴങ്ങും ഒഴിവാക്കുക.

4–ാം ദിവസം : വാഴപ്പഴവും പാലും മാത്രം കഴിക്കുക. നിങ്ങൾക്ക് 6 വലിയ പഴമോ 8 ചെറിയ പഴമോ കഴിക്കാം. ഒപ്പം കൊഴുപ്പു കുറഞ്ഞ മൂന്നു ഗ്ലാസ്സ് പാലും കുടിക്കാം. 

5–ാം ദിവസം : ബീഫ്, കോഴിയിറച്ചി, മത്സ്യം ഇവ കഴിക്കാം. സസ്യാഹാരികൾക്ക് തവിടു കളയാത്ത അരിയും പാൽക്കട്ടിയും കഴിക്കാം. കൂടെ ആറു തക്കാളിയും, ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ 12 മുതല്‍ 15 ഗ്ലാസ്സ് വരെ വെള്ളവും കുടിക്കണം. 

6–ാം ദിവസം : മത്സ്യം, ചിക്കൻ ബ്രസ്റ്റ് ഇവ കഴിക്കാം. സസ്യ ഭുക്കുകൾ തവിടു കളയാത്ത അരി ഉപയോഗിക്കാം. ഒപ്പം ധാരാളം പച്ചക്കറികളും കഴിക്കണം. എന്നാൽ ഉരുളക്കിഴങ്ങ് വേണ്ട. 12 മുതൽ 15 ഗ്ലാസ്സ് വരെ വെള്ളവും കുടിക്കണം. 

7–ാം ദിവസം : തവിടു കളയാത്ത അരി, പഴങ്ങൾ, പഴച്ചാറുകൾ, പച്ചക്കറികള്‍ ഇവ കഴിക്കാം. 

കാലറി കൂടിയതായതിനാൽ പയർവർഗങ്ങൾ ജിഎം ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ശരീരഭാരം കൂട്ടാൻ കാരണ മായേക്കാം. കൃത്രിമ മധുരങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കണം. ജിഎം ഡയറ്റ് പിന്തുടർന്ന ശേഷം അന്നജം കുറഞ്ഞതും, പ്രോട്ടീൻ ധാരാളം ഉള്ളതും ആയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. 

ഈ ഡയറ്റ് പിന്തുടരുന്നവർ ഇതു കൂടി ശ്രദ്ധിക്കണം. തുടർച്ച യായി ഈ ഡയറ്റ് പിന്തുടരാൻ പാടില്ല. കാരണം ഇത് രോഗ പ്രതിരോധശക്തിയെയും ഉപാപചയപ്രവർത്തനങ്ങളെയും സാവധാനത്തിലാക്കും. പ്രധാന പോഷകങ്ങൾ പലതും ഈ ഡയറ്റ്പ്ലാനിൽ ഇല്ല എന്നതും ഒരു പോരായ്മയാണ്. ജിഎം ഡയറ്റ്, ശരീരഭാരം താൽക്കാലികമായി മാത്രമേ കുറയ്ക്കൂ. ദീർഘകാലത്തേക്ക് ശരീരഭാരം കുറയ്ക്കാൻ പതിവായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിയും പിന്തുടരു ന്നതാകും നല്ലത്. 

Read More : Fitness Magazine