ശരീരഭാരം കുറയ്ക്കാം റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെ

ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികൾ തേടുന്നവർക്ക് സന്തോഷിക്കാം. ഓടിയും ചാടിയും വിയർപ്പൊഴുക്കാതെയും ശരീരഭാരം കുറയ്ക്കാം. റിവേഴ്സ് ഫാസ്റ്റിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലെ റിവേഴ്സ് ഫാസ്റ്റിങ്ങും ശരീരഭാരം കുറയ്ക്കാൻ നല്ല ഒരു മാർഗമാണ്. കുറച്ച് മണിക്കൂറുകൾ ഉപവസിച്ച ശേഷം പ്രത്യേകസമയത്തിനുള്ളിൽ എല്ലാ കാലറിയും അകത്താക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.

എന്നാൽ റിവേഴ്സ് ഫാസ്റ്റിങ്ങിൽ നാം ഭക്ഷണം ഒഴിവാക്കേണ്ടതില്ല. പകരം ഭക്ഷണസമയത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. രാത്രി ഒൻപതു മണിക്ക് ഭക്ഷണം കഴിച്ചാൽ സാവധാനത്തിലേ ദഹനം നടക്കൂ. പകരം അഞ്ചു മണിക്കോ ആറുമണിക്കോ കഴിക്കുക. ഈ ലളിതമായ മാറ്റത്തിലൂടെ ശരീരഭാരം കുറയ്ക്കാനാകും. കുടവയറും കുറയും. ഇതു പോലെ തന്നെ പ്രഭാതഭക്ഷണവും. കുറച്ചു നേരത്തേ അതായത് രാവിലെ ആറുമണിയ്ക്കോ ഏഴു മണിയ്ക്കോ കഴിക്കുക.

ഭക്ഷണസമയം മാറ്റുന്നതിലൂടെ 12 മണിക്കൂറോ അതിൽ കൂടുതലോ ഉപവാസത്തിൽ ആയിരിക്കുകയും രാത്രി മുഴുവനും ഉറങ്ങുമ്പോഴും വിശക്കാതെ തന്നെ ഉപവാസം എളുപ്പത്തിൽ തുടരാനും സാധിക്കും. 

ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും റിവേഴ്സ് ഫാസ്റ്റിങ് സഹായിക്കും. രാത്രിയിലെ ഉപവാസം ആരോഗ്യത്തിനു നല്ലതാണ്. പകൽ സമയം നമുക്ക് കൂടുതൽ ഊർജം ആവശ്യമാണ്. കൂടുതൽ വിശപ്പും അനുഭവപ്പെടും. എന്നാൽ രാത്രിയിൽ ശരീരത്തിന് വളരെ കുറച്ച് ഊർജ്ജമേ ഉണ്ടാകൂ. അതുകൊണ്ട് രാത്രിയിലെ ഉപവാസം നല്ലതാണ്. 

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും നല്ല ഉറക്കം ലഭിക്കാനും അത്യാവശ്യമായ സിർക്കാഡിയൻ റിഥം അഥവാ ജൈവഘടികാരത്തിന്റെ പ്രവർത്തനം ശരിയായി നടക്കാനും റിവേഴ്സ് ഫാസ്റ്റിങ്  സഹായിക്കും.