ദിവസം കഴിയുന്തോറും കൂടിവരുന്ന കുടവയർ ഒളിപ്പിക്കാൻ പാടുപെടുന്നയാളാണോ നിങ്ങൾ? നിങ്ങളെപ്പോലെ ഒരു പാടു പേരുണ്ട് ഇങ്ങനെ. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ക്രമവും ശീലമാക്കിയാൽ വയർ ചാടുന്നത് ഒഴിവാക്കാം. ദഹനത്തിനും മെറ്റബോളിസം വർധിപ്പിക്കാനും കുടവയർ കുറയ്ക്കാനും ആയുർവേദം നിർദേശിക്കുന്ന ചില ഭക്ഷണങ്ങളും ഔഷധച്ചെടികളും ഉണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വ്യത്യാസം നിങ്ങൾക്ക് അനുഭവിച്ചറിയാം.
1. നെല്ലിക്ക – ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള നെല്ലിക്ക, ചർമത്തിന്റെയും തലമുടിയുടെയും ഒപ്പം ദഹനേന്ദ്രിയവ്യവസ്ഥയുടെയും ആരോഗ്യത്തിനു നല്ലതാണ്. ഭക്ഷ്യനാരുകൾ നെല്ലിക്കയിൽ ധാരാളം ഉണ്ട്. നാരുകൾ വിഘടിക്കാനും ദഹിക്കാനും സമയ മെടുക്കും. ഇത് വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
2. ജീരകവെള്ളം – കാലറി വളരെ കുറവാണ് ജീരകവെള്ളത്തിന്. ഒരു ടീസ്പൂൺ ജീരകത്തിൽ െവറും ഏഴു കാലറി മാത്രമേ ഉള്ളൂ. അതിലടങ്ങിയ എണ്ണകൾ ദഹനം സുഗമമാക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തി കൊഴുപ്പിനെ കത്തിച്ചു കളയൽ എളുപ്പമാക്കുകയും ചെയ്യും.
3. ഉലുവ – ഉലുവയിൽ കാണപ്പെടുന്ന, ജലത്തിൽ ലയിക്കുന്ന ഗാലക്ടോമാനൻ എന്ന ഘടകം നമ്മുടെ വിശപ്പിനെ അകറ്റുന്നു. ഇത് ഏറെ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഉപാപചയ നിരക്കു കൂട്ടാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.
4. കറുവാപ്പട്ട – ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് കറുവപ്പട്ട വെള്ളം കുടിക്കാം. കറുവപ്പട്ടയിൽ സിനമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി വിസെറൽ കലകളുടെ ഉപാപചയപ്രവർത്തനം കൂട്ടുന്നു. ഇത് കുടവയർ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ജേണൽ ഓഫ് നാഷണൽ സയൻസ് ആൻഡ് വിറ്റമിനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
5. ത്രിഫല– നെല്ലിക്ക, താന്നിക്ക, കടുക്ക ഇവ മൂന്നും ചേർക്കുന്നതാണ് ത്രിഫല. ശരീരത്തിലെ വിഷഹാരികളെ നീക്കാനും ആരോഗ്യകരമായ ദഹനത്തിനും സഹായകം. ത്രിഫല ചൂർണം ചൂടുവെള്ളത്തിൽ ചേർത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുൻപും അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞും കഴിക്കാം.
ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തിയാൽ ആരോഗ്യം നിങ്ങളെ തേടി വരും എന്നുറപ്പാണ്.