Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ ഞെട്ടിച്ച് വിക്കി കൗശൽ; ഇനിയില്ല ആ കോളജ്കുമാരൻ ലുക്ക്

vicky

ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് വിക്കി കൗശല്‍. ബോംബെ വെൽവറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിക്കി മാസാന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജുള്ള വിക്കിയെ ഇപ്പോള്‍ കണ്ടാല്‍ ആരാധകര്‍ ഒന്നു ഞെട്ടും. കാരണം ഇപ്പോള്‍ താരത്തിന്റെ മാറ്റം അത്രയ്ക്കാണ്. തീരെ മെല്ലിച്ച കോളജ് കുമാരന്റെ രൂപത്തില്‍ നിന്നും വിക്കി അത്രയ്ക്ക് മാറിയിരിക്കുന്നു. 

പുതിയ ചിത്രമായ 'ഉറി'യ്ക്കു വേണ്ടിയാണ് താരം ശരീരഭാരം കൂട്ടി മേക്കോവർ നടത്തിയിരിക്കുന്നത്. ഇതിൽ ആര്‍മി ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിക്കി എത്തുന്നത്.

15 കിലോയോളമാണ് ഉറിയിലെ കഥാപാത്രമാകാന്‍ വിക്കി കൂട്ടിയത്. ഇന്ത്യന്‍ സൈന്യം  അതിര്‍ത്തിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കം ചിത്രീകരിക്കുന്ന സിനിമയാണ് ഉറി. ഇതിലെ ഉരുക്ക്ശരീരമുള്ള പട്ടാളക്കാരന്റെ കഥാപാത്രമാകാനാണ് വിക്കി ഇങ്ങനെയൊരു മാറ്റത്തിന് തയാറായത്. കഠിനാധ്വാനം എത്രയെന്ന് ആരാധകരെ കാണിക്കാന്‍ വിക്കി ചില വര്‍ക്ക്‌ഔട്ട്‌ വിഡിയോകളും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 

ഇത്രയും മെലിഞ്ഞ തനിക്ക് ഇത്രയും മാറ്റങ്ങള്‍ വരുത്തേണ്ടി വരിക എന്നത് തന്നെയൊരു വെല്ലുവിളിയായിരുന്നെന്നു വിക്കി പറയുന്നു. അത്രയധികം കാലറിയാണ് ശരീരത്തിലേക്ക് എത്തിക്കേണ്ടത്‌. കാലറി ധാരാളമടങ്ങിയ ഡയറ്റ് കഴിക്കുന്നതിനൊപ്പം തന്നെ കഠിനവ്യായാമവും നല്ലയുറക്കവും ശീലമാക്കിയിരുന്നുവെന്നും വിക്കി പറയുന്നു.