ഒരു മിനിറ്റ് വ്യായാമം 45 മിനിറ്റ് ജോഗിങ്ങിനു തുല്യം

ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ല ആഹാരം മാത്രം പോരാ, ആവശ്യത്തിനു വ്യായാമം കൂടി വേണം. വ്യായാമം ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ഓരോ ദിവസവും ഓരോ കാരണം പറഞ്ഞു മാറ്റി വയ്ക്കുന്നവരാണ് പലരും. വ്യായാമം ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. ആരോഗ്യത്തോടെ ജീവിക്കാനാണ് വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കേണ്ടത്.

വ്യായാമം ചെയ്യാനൊക്കെ എവിടെ സമയം എന്നു ചോദിക്കാന്‍ വരട്ടെ. അടുത്തിടെ നടത്തിയൊരു പഠനത്തില്‍ പറയുന്നത് നാൽപത്തിയഞ്ച് മിനിറ്റ് ദിവസവും ജോഗിങ് ചെയ്യുന്നതിനെക്കാള്‍ ഫലപ്രദമാണ് ഒരു മിനിറ്റ് വീതം വ്യായാമം ചെയ്യുന്നതെന്നാണ്. അമിതവണ്ണമുള്ള 25 ആളുകളെ പങ്കെടുപ്പിച്ചു കാനഡയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.  ഇവരെ രണ്ടു ഗ്രൂപ്പായി തിരിച്ചു. ആദ്യത്തെ സംഘത്തിലെ അംഗങ്ങളെ പത്തു മിനിറ്റ് വ്യത്യാസത്തില്‍ കഠിനമായ വ്യായാമങ്ങള്‍ പന്ത്രണ്ട് ആഴ്ച ചെയ്യിപ്പിച്ചു. അടുത്ത സംഘത്തെ അത്ര കഠിനമല്ലാത്ത ജോഗിങ് പോലെയുള്ള വ്യായാമങ്ങളും. 

ഒരു നിശ്ചിതകാലത്തിനു ശേഷം ഈ സംഘത്തിലെ എല്ലാവരുടെയും ഹൃദയാരോഗ്യം, മസില്‍ സ്ട്രെങ്ത് എന്നിവ പരിശോധിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിനും കാര്യമായ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ല. വെറുതെ വ്യായാമം ചെയ്യുന്നതിലല്ല, എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്ന് ഗവേഷകര്‍ പറയുന്നു. അധികസമയം ചെലവിടാതെ വീട്ടില്‍ത്തന്നെ  ചെയ്യാവുന്ന വ്യായാമങ്ങള്‍ തന്നെ മതിയാകും നല്ല ആരോഗ്യസംരക്ഷണത്തിന്. അവയില്‍ ചിലത് ചുവടെ.

സ്റ്റെയർ വര്‍ക്ക്‌ഔട്ട്‌

കോളജിലോ ഓഫിസിലോ വീട്ടിലോ ചെയ്യാവുന്ന ഒന്നാണ് ഇത്. ലിഫ്റ്റിൽ കയറിയുള്ള യാത്രയ്ക്കു പകരം സ്റ്റെപ്പുകളെ ആശ്രയിക്കാം. 

ജംപ് റോപ്

കുറച്ചു സമയം കിട്ടിയാൽ പുറത്തിറങ്ങി ഒരു റോപ് സംഘടിപ്പിച്ച് ഇതിൽ വ്യായാമം ചെയ്യാം.