വെള്ളം കുടിച്ചാലും മതി വണ്ണം വയ്ക്കും, എന്തു ചെയ്യാനാ? ഇങ്ങനെ പറഞ്ഞു വിലപിക്കാൻ വരട്ടെ. ഈ അഞ്ചു കാര്യങ്ങൾ ഒന്നു ശീലിച്ചു നോക്കൂ... പിന്നെ ശരീരഭാരത്തെക്കുറിച്ച് പരാതി പറയേണ്ടി വരില്ല.
കഴിക്കാം പതുക്കെ
വിശപ്പ് സഹിക്കാതെ വരുമ്പോള്‍ തിടുക്കത്തില്‍ വാരി വലിച്ചു കഴിക്കുന്നത് ഒഴിവാക്കുക. അമിതമായി വിശപ്പു വന്നിട്ട് ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നാന്‍ കുറച്ചു സമയം അധികം എടുക്കും. ഭക്ഷണം മതി എന്ന് മസ്തിഷ്കത്തിന് തോന്നി അത് ശരീരത്തിലേക്ക് സിഗ്നല്‍ അയയ്ക്കാന്‍ എടുക്കുന്ന കാലതാമസമാണ് ഇതിനു കാരണം. അതുകൊണ്ട് വിശപ്പ് കൂടുതല്‍ ഉള്ളപ്പോള്‍ വേഗം കുറച്ചു മാത്രം ഭക്ഷിക്കുക. കഴിക്കുന്നത് ചവച്ചരച്ചു ആസ്വദിച്ചു കഴിക്കുക.
വെള്ളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന്‍റെ ഒരു മണിക്കൂര്‍ മുൻപേ ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. മധുര പാനീയങ്ങള്‍ പാടെ ഒഴിവാക്കുക. ജ്യൂസ് കഴിക്കുമ്പോഴും പഞ്ചസാര ചേര്‍ക്കാതെ കഴിക്കാന്‍ ശ്രദ്ധിക്കുക.
പകുതി കഴിക്കാം
ഉച്ചയൂണ് ലാവിഷായി കഴിക്കുന്നവരാണ് നമ്മള്‍. വയറു നിറഞ്ഞു പൊട്ടാറാവുന്നത് വരെ ഭക്ഷണം കഴിക്കുക എന്നതാണ് പൊതുധാരണയും. എന്നാല്‍ ദഹനത്തിന്‍റെ ആയാസം കൂട്ടുക മാത്രമല്ല ശരീരത്തില്‍ കൊഴുപ്പടിയാനും ഇത് ഇടയാക്കും . അതുകൊണ്ട് കഴിക്കേണ്ട ഭക്ഷണം രണ്ടു തവണയായി കഴിക്കാം. ഇതിനിടയ്ക്കു ഭക്ഷണം ദഹിക്കാനായി രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവേള കൊടുക്കാം
കൊറിക്കാം പഴങ്ങള്‍
വൈകുന്നേരം ചായക്കൊപ്പം രണ്ടു പരിപ്പുവട അല്ലെങ്കില്‍ പഴംപൊരി. ഈ ശീലങ്ങളോടെല്ലാം ഗുഡ് ബൈ പറഞ്ഞേക്കൂ. പ്രാതല്‍, ഉച്ചയൂണ്, അത്താഴം ഇവ ഒഴികെ ഭക്ഷണം കഴിക്കാന്‍ സാഹചര്യമോ ആഗ്രഹമോ വരുമ്പോള്‍ പഴങ്ങളോ പച്ചക്കറികളോ മാത്രം കഴിക്കുക. ജ്യൂസ്, സലാഡ് അങ്ങനെ നിങ്ങള്‍ക്കു താല്പര്യമുള്ള എതു രീതിയിലും ആവാം.
മുടക്കരുത് വ്യായാമം
നിങ്ങള്‍ക്കിഷ്ടമുള്ള കളികളോ നൃത്തമോ നീന്തലോ എന്തും ആവാം. ഒരു ദിവസം ഇരുപത് മിനിട്ട് അതിനായി മാറ്റി വയ്ക്കാം.ഇനി അങ്ങനെഒരു പ്രത്യേക ഇഷ്ടം ഇല്ലെങ്കില്‍ നടപ്പ് ശീലമാക്കാം അത് മനസ്സിനും ഉന്മേഷം പകരും.