ഒരു പൊലീസ് ഓഫീസറുടെ ഗൗരവം ഒട്ടുമില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന മെറിൻ ജോസഫ് ഐപിഎസിന്റെ ചിത്രം മലയാളികൾ പെട്ടന്നൊന്നും മറക്കില്ല. ചെറുപ്പക്കാരിയായ ആ പൊലീസുകാരിയുടെ കൈകൊണ്ട് ഒന്നു അറസ്റ്റ് ചെയ്യപ്പെടാനെങ്കിലും ആഗ്രഹിച്ച യുവാക്കളുമുണ്ട് കേരളത്തിൽ ! ഐപിഎസുകാരിയായിട്ടും യുവത്വവും സൗന്ദര്യവും നിലനിർത്തുന്നതെങ്ങനെയെന്നു കോളജ് പെൺകുട്ടികളെല്ലാം അതിശയിച്ചു. തന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് മെറിൻ തന്നെ സംസാരിക്കുന്നു...
∙ ഫിറ്റ്നെസ്
സാധാരണ ട്രെയിനിങ് കഴിയുമ്പോഴേക്ക് ഐപിഎസുകാരുടെ ശരീരമെല്ലാം അതിനനുസരിച്ച് പാകപ്പെട്ടിരിക്കും. ട്രെയിനിങ് സമയത്ത് എല്ലാം നിർബന്ധമാണ്. കുതിര സവാരി, നീന്തൽ, യോഗ അങ്ങനെ... അന്ന് അതൊക്കെ സമയത്തിനു ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ സമയം കിട്ടാറില്ല. ഇനി ചെയ്തു തുടങ്ങണം.
∙ ഡയറ്റ്
കൃത്യ സമയത്ത് നല്ല ഭക്ഷണം കഴിക്കും. അല്ലാതെ ഡയറ്റ് ഒന്നും ഇല്ല. ഒരുപാട് വറുത്തതും എണ്ണയിൽ പൊരിക്കുന്നതുമൊക്കെ ഒഴിവാക്കും. പിന്നെ പാക്ക്ഡ് ഫുഡും കഴിക്കാറില്ല. ആരോഗ്യമുള്ള ഭക്ഷണ ശീലമാണ് വലുത്. കഴിക്കാതിരിക്കുന്ന സ്വഭാവമില്ല.
∙ ഹോബീസ്
എനിക്ക് എപ്പോഴും പഠിക്കാനായിരുന്നു ഇഷ്ടം. പഠനത്തിൽ മാത്രം ശ്രദ്ധിച്ചാണ് പോന്നിരുന്നത്. സിവിൽ സർവീസിനു വേണ്ടി ഉൽസാഹിച്ചു പഠിച്ചിരുന്നു. വേറെയൊന്നും ചിന്തിച്ചിരുന്നില്ല. വായന ഒരു ശീലമാണ്. എപ്പോളും പുസ്തകങ്ങൾ എന്റെ കൂടെയുണ്ടാകും. എവിടുന്നു നല്ല പുസ്തകങ്ങൾ കിട്ടിയാലും മേടിക്കും. അതുകൊണ്ട് സിനിമകൾ പോലും അധികം കണ്ടിരുന്നില്ല.
ജോലിയല്ലാത്ത സമയങ്ങളിൽ ഇപ്പോഴും കൂട്ട് പുസ്തകങ്ങളാണ്. പിന്നെ യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാനാണ് ഇഷ്ടം. യാത്ര ചെയ്യാനും ഒരുപാട് ഇഷ്ടമാണെനിക്ക്.
∙ പാചകം
പാചകത്തിൽ പരീക്ഷണങ്ങൾ നടത്താനിഷ്ടമാണ്. സ്ഥിരമായില്ല. റെസിപ്പി ഒക്കെ വായിക്കാൻ ഇഷ്ടമാണ്. കുക്കറി പുസ്തകങ്ങൾ വാങ്ങാറുണ്ട്. കുക്കറി ബ്ലോഗ്സ് ഒക്കെ ഫോളോ ചെയ്യാറുമുണ്ട്.
∙ സിനിമ
ഇപ്പോഴാണ് സിനിമകളൊക്കെ കാണാൻ തുടങ്ങിയത്. പൊലീസ് സിനിമകളൊക്കെ കാണണം ഇനി. സുരേഷ് ഗോപിയുടെ സിനിമകൾ പൊലീസ് സിനിമകൾ കാണണമെന്നുണ്ട്. ബാഗ്ലൂർ ഡെയ്സ് ആണ് ഇഷടപ്പെട്ട സിനിമ.