Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസിൽ കയറ്റം ഉടനെ ചെയ്യേണ്ടത്

muscle-pain

മസിൽ കയറി എന്നു നാട്ടുഭാഷയിൽ പറയുന്ന പേശികൾക്കുണ്ടാകുന്ന കോച്ചിപ്പിടുത്തം ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാം. നവജാതശിശുക്കൾ, കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, അമിതഭാരമുള്ളവർ, ചിലതരം മരുന്നുകൾ കഴിക്കുന്നവർ, ആയാസമുള്ള ജോലി ചെയ്യുന്നവർ എന്നിവർക്കും വിവിധ കാരണങ്ങളാൽ കോച്ചിപ്പിടുത്തമുണ്ടാകാം.

തണുപ്പും ചൂടും

കഠിനമായ തണുപ്പ് പേശീവേദനയും കോച്ചിപ്പിടുത്തവും ഉണ്ടാക്കാം. ഇതുകൊണ്ടാണ് ഉറക്കത്തിനിടയിലും രാവിലെ നടക്കാനിറങ്ങിയാലുമൊക്കെ പേശികൾ കോച്ചിപ്പിടിക്കുന്നത്. ചിലരിൽ കാത്സ്യത്തിന്റെ കുറവും ഇതിനു കാരണമാകാം. ഇങ്ങനെയുള്ളവർ വ്യായാമത്തോടൊപ്പം കാത്സ്യം ധാരാളമടങ്ങിയ ഭക്ഷണവും കഴിക്കേണ്ടതാണ്.

കടുത്ത ചൂടുള്ളപ്പോൾ വ്യായാമം ചെയ്താലും പേശികൾ കോച്ചിപ്പിടിക്കുന്നതായി തോന്നാം. ഇതൊഴിവാക്കാനായി ചെറുതായി ജോഗ് ചെയ്തോ കൈവീശി നടന്നോ ശരീരം ചൂടുപിടിപ്പിച്ചശേഷം മാത്രം വ്യായാമം തുടങ്ങുക. ചൂടുമൂലമുള്ള നിർജലീകരണവും ഉപ്പിന്റെയും ധാതുക്കളുടെയും കുറവും കോച്ചിപ്പിടിത്തത്തിനു കാരണമാകാം. അതിനാൽ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ഉട്ട് കുടിക്കുന്നതും ഗുണം ചെയ്യാം.

പേശികൾക്കു വേണ്ടത്ര വ്യായാമം ലഭിക്കാതിരുന്നാലും കോച്ചിപ്പിടുത്തത്തിനുള്ള സാധ്യത കൂടും. അതുകൊണ്ട് ദിവസവും സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക. ഇതു പേശികളുടെ പ്രവർത്തനം അനായാസമാക്കും.

വ്യായാമങ്ങൾ

കോച്ചിപ്പിടുത്തമുണ്ടായാൽ അപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി നിർത്തുക. കോച്ചിപ്പിടിച്ചിരിക്കുന്ന ഭാഗം പതിയെ സ്ട്രെപ് ചെയ്യുക.

ഏതുവശമാണോ കോച്ചിപ്പിടിച്ചിരിക്കുന്നത് അതിനു എതിർദിശയിൽ വേണം സ്ട്രെച് ചെയ്യാൻ. ഇങ്ങനെ ഒന്നു രണ്ടു മിനിറ്റ് നിൽക്കണം. ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതു ഗുണകരമാണ്.

ഭാവിയിൽ കോച്ചിപ്പിടിത്തമുണ്ടാകുന്നത് തടയാൻ താഴെ പറയുന്ന വ്യായാമങ്ങൾ സഹായിക്കും.

1 കാഫ് മസിൽ സ്ട്രെച്: ഭിത്തിയോട് അഭിമുഖമായി കൈയൂന്നി നിന്നിട്ട് ഒരു കാൽ പിന്നിലേക്കു നീക്കി സ്ട്രെച് ചെയ്യുക. രണ്ടു മിനിറ്റ് ഇങ്ങനെ നിന്നിട്ട് അടുത്ത കാൽകൊണ്ട് ആവർത്തിക്കാം.

2 ക്വാഡ്രിസെപ്സ് മസിൽ സ്ട്രെച് : ഭിത്തിക്കു നേരേ നിന്ന് ഒരുകാൽ പിന്നിലേക്കു മടക്കി ഉപ്പൂറ്റി പിൻഭാഗത്ത് അമർത്തി വയ്ക്കുക.

3 ഹാംസ്ട്രിങ് മസിൽ സ്ട്രെച് : ഒരു കാൽ മടക്കി മറ്റേ കാൽ നീട്ടിവച്ച് ഇരിക്കുക. മുന്നോട്ടാഞ്ഞ് നീട്ടിവച്ച് കാൽ വിരലുകളിൽ തൊടുക.

ഡോ ജോർജ് മാത്യൂസ്

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)