ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ചികിത്സയും കൊണ്ട് മൂന്നോ, നാലോ മാസത്തിനുള്ളിൽത്തന്നെ ടൈപ്പ് 2 പ്രമേഹം 40 ശതമാനം കുറയ്ക്കാൻ സാധിക്കുമത്രേ.
ഇൻസുലിൻ മതിയായ രീതിയിൽ ഉത്പാദിപ്പിക്കാനാകാത്ത അവസ്ഥയാണ് പ്രമേഹം. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും.
ലോകത്ത് 200 ദശലക്ഷത്തിലധികം പേർ പ്രമേഹ ബാധിതരാണ്. ജീവിതരീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും മരുന്നിലൂടെയും ജീവിതശൈലി മാറ്റുന്നതിലൂടെയും പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. പ്രമേഹത്തിന് മരുന്നു കഴിച്ചു തുടങ്ങിയാൽ നിർത്തുക പ്രയാസകരമാണ്. എന്നാൽ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമാകും ഈ പഠനഫലം എന്നാണ് ഗവേഷകർ കരുതുന്നത്.
2 മുതൽ 4 മാസം വരെ നീണ്ട ഗുളിക, ഇൻസുലിൻ തെറാപ്പി, ജീവിതശൈലീചികിത്സ ഇവയിലൂടെ 40 ശതമാനം പേർക്കും ചികിത്സ തുടങ്ങി മൂന്നു മാസത്തിനു ശേഷം പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നത് നിർത്താൻ സാധിച്ചു.
ബേറിയാട്രിക് സർജറി കൂടാതെ തന്നെ ടൈപ്പ് 2 പ്രമേഹം കുറയ്ക്കാൻ സാധിക്കും എന്ന് ഈ പഠനം പറയുന്നു.
പഠനത്തിനായി 83 പേരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഇതിൽ രണ്ടു ഗ്രൂപ്പുകൾക്ക് പ്രത്യേക വ്യായാമ പദ്ധതി നല്‍കി. കൂടാതെ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ കലോറി 750 ല്‍ നിന്നും 500 ലേക്കു കുറച്ചു.
16 ആഴ്ചകൾക്കു ശേഷം രണ്ടു ഗ്രൂപ്പുകാര്‍ക്കും പ്രമേഹത്തിനുള്ള മരുന്നുകൾ നിർത്തി. ജീവിത ശൈലിയിലുണ്ടായ മാറ്റം തുടർന്നു കൊണ്ടു പോകാനും ഇവരോട് ആവശ്യപ്പെട്ടു. ഈ രണ്ടു ഗ്രൂപ്പുകളെ കൺട്രോൾ ഗ്രൂപ്പുമായി താരതമ്യം ചെയ്തു.
മൂന്നു മാസത്തിനും ശേഷം കൺട്രോൾ ഗ്രൂപ്പിലെ 28 ൽ നാലു പേർക്കു മാത്രം പ്രമേഹം കുറഞ്ഞപ്പോൾ മറ്റു ഗ്രൂപ്പിലെ 27 ൽ 11പേർക്കും പ്രമേഹം കുറഞ്ഞതായി കണ്ടു.
ജീവിതശൈലി വ്യത്യാസപ്പെടുത്തിയതു കൊണ്ട് പ്രമേഹം കുറയ്ക്കാൻ സാധിക്കും എന്നത് പ്രമേഹരോഗികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. ഗ്ലൂക്കോസ് നില നോർമൽ ആക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ കുറയ്ക്കാനും ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുത്താനും ഇതു മൂലം കഴിയുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ കാനഡയിലെ മക്മാസ്റ്റർ സർവകലാശാല ഗവേഷകയായ നതാലിയ മക് ഇൻസ് പറഞ്ഞു.
‘ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.