ക്ഷയരോഗം ഇല്ലാതാക്കാന്‍ വേണ്ടത് പുക വിമുക്ത അന്തരീക്ഷം

ക്ഷയരോഗം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം മാത്രമല്ല, അതിന്റെ ദോഷങ്ങളില്‍നിന്ന് പൂര്‍ണമായും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ടിബി അസോസിയേഷന്‍ ഓഫ് കേരള, ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റി, ടുബാക്കോ ഫ്രീ കേരള തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടു. 

ലോക ക്ഷയരോഗ ദിനമായ ഇന്ന് (മാര്‍ച്ച് 24) ലോകം ക്ഷയരോഗം അവസാനിപ്പിക്കാന്‍ കൈകോര്‍ക്കുമ്പോള്‍, ഈ രോഗം തുടച്ചുനീക്കുന്നതിനായി വ്യക്തിതലത്തിലും കൂട്ടായും പുകയില നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധരടങ്ങിയ സംഘടനകള്‍  ആവശ്യപ്പെടുന്നത്.

നൂറുശതമാനം പുകരഹിതം എന്ന ആശയത്തിന്റെ ലക്ഷ്യം പുക കാണാനോ മണക്കാനോ അനുഭവപ്പെടാനോ അളക്കാനോ സാധ്യമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണെന്ന് ടുബാകോ ഫ്രീ കേരള ഉപദേശകനും ഹെല്‍ത്ത് സര്‍വീസസ് മുന്‍ അഡീഷണല്‍ ഡയറക്ടറുമായ ഡോ. എ. എസ്. പ്രദീപ് കുമാര്‍ പറഞ്ഞു.  സിഗററ്റ്, ബീഡി കുറ്റികളോ ചാരമോ ഉണ്ടെങ്കില്‍പ്പോലും ഒരു പ്രദേശം നൂറുശതമാനം പുകവിമുക്തം എന്നു പറയാന്‍ സാധിക്കാതെവരും. ആഷ് ട്രേ, തീപ്പെട്ടി, ലൈറ്റര്‍ തുടങ്ങിയ പുകവലിക്ക് സഹായകരമാകുന്ന വസ്തുക്കള്‍ പൊതുഇടങ്ങളില്‍ ഇരിക്കുന്നത് ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം കോട്പ 2003ന്റെ സെക്ഷന്‍ നാലിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലെ ക്ഷയരോഗത്തില്‍ 40 ശതമാനവും പുകവലി കാരണമാണെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്. പുകവലിക്കുന്ന ക്ഷയരോഗികളുടെ ശ്വാസകോശങ്ങള്‍ തകരാറിലാകുന്നതുകൊണ്ടുതന്നെ ചികിത്സ ഫലവത്താകാതെ പോകുന്നുവെന്ന് ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റി ദക്ഷിണ മേഖലാ അധ്യക്ഷന്‍ ഡോ.ജെ.ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടി. ചികിത്സിച്ച് പൂര്‍ണമായി മാറിയാല്‍പോലും ഇവരില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിഗററ്റ്-ബീഡി പുക ശ്വസിക്കുന്നവരെയും ക്ഷയം ബാധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

രക്തത്തോടോ കഫത്തോടോ കൂടിയ തീവ്രമായ ചുമയും നെഞ്ചുവേദനയുമാണ് ക്ഷയരോഗത്തിന്റെ പൊതുലക്ഷണങ്ങളില്‍ ഇള്‍പ്പെടുന്നതെന്ന് ടിബി അസോസിയേഷന്‍ ഓഫ് കേരള ഓണററി സെക്രട്ടി ഡോ. എം. സുനില്‍ കുമാര്‍ പറഞ്ഞു. പുകവലി ക്ഷയരോഗ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമൊന്നുമില്ലാത്തതിനാല്‍ രോഗി പുകവലിക്കരുത്. ക്ഷയരോഗത്തില്‍നിന്ന് സംരക്ഷണം നേടുന്നതിനായി വ്യക്തിതലത്തില്‍ പുകവലി നിര്‍ത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിക്കപ്പെട്ട ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ  ഒടുവില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2015ല്‍ 14,147 പേരാണ് കേരളത്തില്‍ ക്ഷയരോഗ ബാധിതരായി കാണപ്പെട്ടത്. ചികിത്സയ്ക്കായി റജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ 22,785 ആണ്. 

കോട്പ നിര്‍ദേശിക്കുന്നപ്രകാരമുള്ള വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള 'പുകവലി നിരോധിച്ചിരിക്കുന്നു' എന്ന മുന്നറിയിപ്പ് ചിഹ്നങ്ങള്‍ പൊതുഇടങ്ങളില്‍ സ്ഥാപിക്കണമെന്നും ഡോ. പ്രദീപ് കുമാര്‍ ആവശ്യപ്പെട്ടു.