ആമാശയ അർബുദം തടയാൻ തക്കാളി

tomatoes isolated

ആമാശയ അർബുദം തടയാൻ തക്കാളിക്ക് കഴിയുമെന്നു പഠനം. ഉദരത്തിലുണ്ടാകുന്ന അർബുദ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ആമാശയ അർബുദം (Stomach cancer or Gastric cancer)

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഓരോ വർഷവും 72300 പേരാണ് ആമശയ അർബുദം ബാധിച്ചു മരിക്കുന്നത്. ലോകത്ത് സർവസാധാരണമായ അര്‍ബുദങ്ങളിൽ നാലാമത്തെതാണ് ആമാശയ അർബുദം. നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഭക്ഷണം ഇറക്കാൻ പ്രയാസം അനുഭവപ്പെടുക. മുതലായവയാണ് ഇതിന്റെ ആദ്യലക്ഷണങ്ങൾ.

ജനിതക കാരണങ്ങൾ, ഭക്ഷണശീലം, ഉപ്പ് കൂടിയ ഭക്ഷണം, ഹെലിക്കേ ബാക്ടർ ഐലോറി ഇൻഫക്ഷൻ ഇവയും രോഗകാരണമാകാം. 55 വയസു കഴിഞ്ഞവർക്കാണ് രോഗസാധ്യത കൂടുതൽ, സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്കാണ് ഈ രോഗം ബാധിക്കുന്നതായി കാണുന്നത്.

ഇറ്റലിയിലെ ഓങ്കോളജി റിസർച്ച് സെന്റർഫോർ മെർക്കോഗ്ലിയാനോ (ORCM) യിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഗാസ്ട്രിക് കാൻസർ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് തക്കാളി സത്തിന് ഉണ്ടെന്നു തെളിഞ്ഞു.

അർബുദത്തെ തടയാനുള്ള കഴിവ് തക്കാളിയിലടങ്ങിയ ലൈക്കോപീൻ എന്ന ഘടകത്തിന്റേതല്ല എന്നും തക്കാളി മുഴുവനോടെ ഫലപ്രദമാണെന്നും ഗവേഷകനായ ഡാനിയേല ബാരോൺ പറയുന്നു.

അർബുദ കോശങ്ങളുടെ വളര്‍ച്ചയും അവ പെരുകുന്നതും തടയാൻ തക്കാളിക്കു കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞു. സാൻമാർസാനോ, കോർബാറിനോ എന്നീ ഇനം തക്കാളി സത്തുകളാണ് പഠനത്തിനുപയോഗിച്ചത്.

തക്കാളി ലോകമെമ്പാടും ഭക്ഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ ഒരു പ്രധാന ഘടകവും തക്കാളിയാണ്. ആമാശയ അർബുദം തടയാൻ തക്കാളി ഫലപ്രദം എന്ന് തെളിയിച്ച ഈ പഠനം ജേണൽ ഓഫ് സെല്ലുലാർ ബയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.