എട്ടുവയസ്സായ മകൾ നേഹ സന്തോഷത്തോടെ ആഹാരം കഴിക്കുന്നതുകണ്ടപ്പോൾ അവളുടെ അച്ഛനും അമ്മയ്ക്കും അറിയാതെ കണ്ണുനിറഞ്ഞു. കാരണം മറ്റൊന്നുമല്ല ഏകദേശം ആറു വർഷത്തിനു ശേഷമാണ് കുഞ്ഞ് നേഹ കട്ടിയാഹാരം കഴിക്കുന്നത്. ഇത്രയും വർഷമായി സാധാരണ രീതിയിലുള്ള ആഹാര രീതി കുഞ്ഞിനു പിന്തുടരാനാകുമായിരുന്നില്ല.
ഒന്നര വയസ്സുള്ളപ്പോൾ മുതൽക്കാണ് നേഹയ്ക്ക് ഈ ദുരന്തം സംഭവിച്ചത്. കളിച്ചു നടക്കുന്നതിനിടയിൽ നേഹ അറിയാതെ ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. ഇത് കുഞ്ഞിന്റെ ഫുഡ്പൈപ്പിന് കാര്യമായ ക്ഷതം ഏൽപ്പിച്ചു. ഉമിനീര് ഉപയോഗിച്ച് ആഹാരം ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ്. കുടലിൽ ഇട്ട ആർട്ടിഫിഷ്യൽ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് ആറു വർഷമായി നേഹയുടെ ജീവൻ നിലനിർത്തിപ്പോന്നത്.
അച്ഛനും അമ്മയും പല ആശുപത്രികളെയും സമീപിച്ചെങ്കിലും കുഞ്ഞിന് 19.5 കിലോ ശരീരഭാരം എത്താതെ ശസ്ത്രക്രിയ ചെയ്യാൻ ആരും തയാറായില്ല. രണ്ടു മാസം മുൻപാണ് ഇവർ അഹമ്മദാബാദിലെ വിഎസ് ഹോസ്പിറ്റലിൽ(വാഡിലാൽ സാരാഭായ് ഹോസ്പിറ്റൽ) എത്തുന്നത്. മെയ് 9ന് ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ കുഞ്ഞിന്റെ അന്നനാളം മാറ്റിവച്ചു. ഗ്യാസ്ട്രിക് പുൾഅപ് ഈസോഫാഗിയൽ റീകൺസ്ട്രക്ഷൻ എന്ന ഈ സർജറി അഞ്ചു മണിക്കൂർ നീണ്ടു നിന്നു. വയറിൽ നിന്ന് കഴുത്തു വരെ എട്ട് ഇഞ്ച് നീളത്തിൽ ആഹാരം ഇറക്കാനായി ഒരു പാത സൃഷ്ടിച്ചു.
ചെറുകുടലിന്റെ കുറച്ചു ഭാഗമെടുത്ത് അന്നനാളം പുനഃസ്ഥാപിച്ചു. ഇതുവഴി വായും വയറുമായി ഒരു ലിങ്ക് ഉണ്ടായി. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ വിഎസ് ഹോസ്പിറ്റലിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.ഹസ്മുഖ് വോറ പറഞ്ഞു. അണ്ടർവെയ്റ്റിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്നും ഡോക്ടർ പറയുന്നു. എന്തായാലും ആറു വർഷത്തിലധികം നീണ്ട ദുരിതങ്ങൾക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണു നേഹ.