പുകവലി ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നതെന്ത്?

ഇന്ത്യയിൽ ഏകദേശം പത്തുലക്ഷം പേരാണ് പുകവലി മൂലം മരിക്കുന്നത്. ആ കൂട്ടത്തിൽ  പേടാതിരിക്കേണ്ടേ നിങ്ങൾക്കും?

നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് പറ്റിയ സമയം. ഇപ്പോൾ തന്നെ ഉപേക്ഷിച്ചെങ്കിൽ അതൊരു ശുഭവാർത്തയാണ്. പുകവലി ഉപേക്ഷിച്ചവരുടെ കൂട്ടത്തിലേക്ക് സ്വാഗതം. പിന്‍വാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) നിങ്ങൾക്ക് പ്രയാസം ഉണ്ടാക്കിയേക്കാം. എന്നാൽ അത് താൽക്കാലികം മാത്രമാണ്. ഏതാനും ആഴ്ചകള്‍ കൊണ്ട് മാറ്റാവുന്ന ഒന്ന്. 

പുകയിൽ അടങ്ങിയ ലഹരി മരുന്നായ നിക്കോട്ടിനിൽ നിന്നുള്ള പിൻവാങ്ങൽ ലക്ഷണങ്ങളിൽ തലവേദന, ഉത്കണ്ഠ, മനം പിരട്ടൽ, പുകവലിക്കു വേണ്ടിയുള്ള ആർത്തി ഇവ ഉൾപ്പെടുന്നു. നിക്കോട്ടിൻ ഒരു രാസ ആശ്രിതത്വം (Chemical dependency) സൃഷ്ടിക്കുന്നു. ഇതുമൂലം ശരീരത്തിന് എല്ലാ സമയത്തും ഒരു പ്രത്യേക അളവ് നിക്കോട്ടിൻ ആവശ്യമായ അവസ്ഥയിലെത്തുന്നു.

ശരീരം പുകവലിയിൽ നിന്നു പൂർണ്ണമായി മുക്തമാക്കാൻ എത്ര ദിവസങ്ങൾ എടുക്കും എന്നറിയേണ്ടേ. യു എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവൻഷൻ  പറയുന്ന സമയ പരിധി ഇതാ. പുകവലി ഉപേക്ഷിച്ച് 20 മിനിറ്റിനു ശേഷം.

പുകവലി ഉപേക്ഷിച്ചാലുടൻ ഫലം കണ്ടുതുടങ്ങും. അവസാന സിഗരറ്റും വലിച്ച് 20 മിനിറ്റാകും മുൻപേ നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ ഗതിയിലാകും.

രണ്ടുമണിക്കൂറിനു ശേഷം നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്കും രക്തസമ്മർദ്ദവും കുറഞ്ഞ് സാധാരണ നില കൈവരിക്കും. പെരിഫെറൽ സർക്കുലേഷൻ മെച്ചപ്പെടും. കൈവിരലുകളുടെയും കാൽവിരലുകളുടെയും അറ്റം ചൂടായതായി അനുഭവപ്പെടും.

സാധാരണ പുകവലി ഉപേക്ഷിച്ച് രണ്ടു മണിക്കൂർ ആകുമ്പോഴാണ് പിൻവാങ്ങൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ആദ്യം അനുഭവപ്പെടുന്ന ലക്ഷണങ്ങൾ പുകവലിക്കാനുള്ള ആർത്തി, ഉത്കണ്ഠ, സമ്മർദം, ഇച്ഛാഭംഗം, ഉറക്കം തുടങ്ങുന്ന അവസ്ഥ, ഉറക്ക പ്രശ്നങ്ങൾ, വിശപ്പ് കൂടുതൽ ഇവയാണ്.

24 മണിക്കൂറിനു ശേഷം- പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത 70 ശതമാനം കൂടുതലാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും പുകവലി ഉപേക്ഷിച്ചതിന്റെ അടുത്ത ദിവസം നിങ്ങൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കുറയും.

മൂന്നു ദിവസത്തിനു ശേഷം - ഈ സമയത്ത് ശരീരത്തിൽ നിന്ന് നിക്കോട്ടിൻ‌ പൂർണമായും പോകും. ദൗർഭാഗ്യമെന്നു പറയട്ടെ ഈ സമയത്ത് പിൻവാങ്ങൽ ലക്ഷണങ്ങൾ‌ അതിന്റെ മൂർധന്യത്തിലാകും. തലവേദന, ഉറക്കം തൂങ്ങുന്ന അവസ്ഥ, പേശിവേദന ഇവയൊക്കെ അനുഭവപ്പെടും. 

ഒന്നുമുതല്‍ ഒൻപതുമാസങ്ങൾക്കു ശേഷം- ഒരു മാസത്തിനു ശേഷം നിങ്ങളുടെ ശ്വാസകോശം തകരാറു പരിഹരിക്കാൻ തുടങ്ങും. ശ്വാസകോശത്തിലെ സീലിയകൾ മ്യൂക്കസിനെ പുറന്തള്ളുന്ന ചെറിയ രോമം പോലുള്ള ഓർഗനൽസ് – സ്വയം തകരാറു പരിഹരിച്ച് വീണ്ടും ശരിയായി പ്രവർത്തിക്കാൻ തുടങ്ങും. അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു. ശ്വാസകോശം ശരിയായി പ്രവർത്തിച്ചു ‌തുടങ്ങുമ്പോൾ ചുമയും ശ്വാസതടസവും കുറയും. വളരെ കടുത്ത പുകവലിക്കാരിൽപ്പോലും ഈ ദിവസത്തിനുള്ളിൽ തന്നെ പിൻവാങ്ങല്‍ ലക്ഷണങ്ങൾ മാറും.

ഒരു വർഷത്തിനു ശേഷം: പുകവലി ഉപേക്ഷിച്ച ശേഷം ഹൃദ്രോഗസാധ്യത അന്‍പതു ശതമാനം കുറഞ്ഞു.

അഞ്ചുവർഷത്തിനു ശേഷം: പുകവലി ഉപേക്ഷിച്ച് അഞ്ചുമുതൽ പതിനഞ്ചു വർഷങ്ങൾ കഴിയുമ്പോൾ പക്ഷാഘാതസാധ്യത പുകവലിക്കാത്ത ഒരാളുടേതിനു തുല്യമാകും. 

പതിനഞ്ചു വർഷത്തിനു ശേഷം: ഹൃദ്രോഗസാധ്യത ‍പുകവലിക്കാത്ത ആളുടേതിനു തുല്യമാകും. ഹൃദ്രോഗം, കൊറോണറി ആർട്ടറി ഡിസീഡ്, ഹൃദയത്തിലെ അണുബാധ, ഹൃദയമിടിപ്പിന്റെ താളം ഇവയെല്ലാം വരാനുള്ള സാധ്യതയും കുറയും.