Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂക്കു വളരുന്ന അപൂർവ രോഗവുമായി ഗണേശ്

ganesh

മൂക്കു വളരുന്നതാണ് ഗണേശ് എന്ന ഒൻപതു വയസ്സുകാരനെ വലയ്ക്കുന്ന അപൂർവരോഗം. അനാഥനായ ഗണേശിനെ അസമിൽ ഒരു ഉൾനാടൻ ഗ്രാമത്തിലെ വഴിയോരത്തുനിന്ന് പൊലീസുകാർക്കു കിട്ടുമ്പോൾ അവന്റെ മൂക്കു വളർന്ന് വിചിത്രരൂപത്തിലായിരുന്നു. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ആകാതെ, നിർത്താതെ കരയുകയായിരുന്നു അവൻ. തുമ്പിക്കൈ പോലെ വളർന്ന മൂക്കു കണ്ട് അവൻ ദൈവത്തിന്റെ അവതാരമാണെന്നു പറഞ്ഞ് ചില നാട്ടുകാർ ആരാധനയും തുടങ്ങിയിരുന്നു. പൊലീസ് ഗണേശിനെ അസമിലെ ബകാഖത് നിർമാൺ ഗട്ട് എന്ന എൻജിയെ ഏൽപ്പിച്ചു. ഉടൻ ശസ്ത്രക്രിയയ്ക്കു തയാറെടുക്കുകയാണ് ഗണേശ്. 

തലച്ചോറിന്റെ ഒരു ഭാഗം തലയോട്ടിയിൽനിന്നു തള്ളി പുറത്തേക്കു വന്ന് മുഴ പോലെ രൂപപ്പെടുന്ന Frontonasal Encephalocele എന്ന രോഗമാണ് ഗണേശിനെ ബാധിച്ചിരിക്കുന്നത്. ഇതേ പ്രായത്തിലുള്ള മറ്റു കുട്ടികൾക്കുള്ള അത്രയും തലച്ചോർ വളർച്ച ഗണേശിനില്ല. സംസാരശേഷിയും മാനസിക വളർച്ചയും കുറവാണ്. ശസ്ത്രക്രിയകൊണ്ട് ഗണേശിന്റെ രോഗം പൂര്‍ണമായി മാറ്റാനാവുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

തങ്ങളടെ സംരക്ഷണത്തിലുള്ള കുട്ടികളിൽ ഏറ്റവും പ്രത്യേകതയുള്ള ആളാണ് ഗണേശെന്ന് എൻജിഒ പ്രസിഡന്റ് ജിതെൻ ഗെഗോയ് പറഞ്ഞു. ‘ഇതിനു മുൻപ് ഇത്തരത്തിലൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അവനെ ആരാധിക്കാനും വണങ്ങാനുമായി ആളുകൾ അവിടെ എത്തുമായിരുന്നു. മൂക്കിന്റെ ഭാരം കാരണം അവന് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. തനിയെ ഭക്ഷണം കഴിക്കാനും സാധിക്കില്ല. സന്നദ്ധ പ്രവർത്തകർ അവനു പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു’-  ജിതെൻ പറഞ്ഞു.

സർക്കാരിന്റെ സഹായത്തോടെ ആസമിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗണേശിനെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലുള്ള നാരായണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ജൻമനാലുള്ള തകരാറാണ് ഗണേശിനെ ഈ അവസ്ഥയിലേക്കെത്തിച്ചതെന്ന് ബാംഗ്ലൂരിൽ ഗണേശിനെ ചികിത്സിക്കുന്ന ന്യൂറോസർജൻ സീനിയർ കൺസൽറ്റന്റ് ഡോ.ഷിബു പിള്ള പറയുന്നു. തുടക്കത്തിലേ ചികിത്സ ചെയ്യാതിരുന്നതാണ് ഗണേശിന്റെ അവസ്ഥ ഇത്രയും വഷളാക്കിയത്. ഒരു റീകൺസ്ട്രക്ടീവ് സർജറിയിലൂടെ മൂക്കിന്റെ വളർച്ച മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർ. ഒരുപാട് ശസ്ത്രക്രിയകളിലൂടെ മാത്രമേ ഗണേശിനെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനാകൂവെന്നാണ് വിദഗ്ധാഭിപ്രായം. എന്തായാലും തങ്ങളുടെ ആദ്യ ഉദ്യമം വളർച്ച കുറച്ച് മൂക്കിനെ റീ കൺസ്ട്രക്ട് ചെയ്യുക എന്നതാണെന്ന് ഡോ.പിള്ള പറയുന്നു. ആറു മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രധാന ശസ്ത്രക്രിയയാണെങ്കിലും അത് സമ്പൂർണ വിജയമായിരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡോക്ടർമാർ. 

സാധാരണ നിലയിലായി ഗണേശ് വീണ്ടും എൻജിഒയിൽ തിരിച്ചെത്തിക്കഴി‍ഞ്ഞാൽ അവനെ ദത്തു നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് ഗൊഗോയ് പറയുന്നു. അങ്ങനെ,  മിടുക്കനായി തിരിച്ചുവരുന്ന ഗണേശിനെ കാത്തിരിക്കുകയാണ് എൻജിഒയിലെ  അവന്റെ കൂട്ടുകാർ.

related stories