‘ബന്ധുക്കൾക്ക് ഒന്നെടുക്കാൻ പോലും മടിയായിരുന്നു എന്റെ കുഞ്ഞിനെ...നാട്ടുകാരാണെങ്കിൽ പ്രേതത്തെ കാണുന്നതു പോലെയായിരുന്നു നോക്കിയിരുന്നത്...’ നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ടാണ് ഗുലാബ് ജാൻ അതു പറഞ്ഞത്. പക്ഷേ ഇന്ന് ആ കണ്ണുനീർത്തുള്ളികൾ മാഞ്ഞു പോയിരിക്കുന്നു. ഗുലാബ് ജാന്റെ മകൻ മുഹമ്മദ് ഹുസൈൻ ബക്‌ഷിനുണ്ടായിരുന്ന അപൂർവ അവസ്ഥ പൂർണമായും മാഞ്ഞു പോയിരിക്കുകയാണിപ്പോൾ.
തലയ്ക്കു പുറകിൽ ഒരു വലിയ പന്തിനോളം പോന്ന മുഴയുമായിട്ടായിരുന്നു പാകിസ്ഥാനിലെ കറാച്ചിയിൽ ബക്‌ഷിന്റെ ജനനം. മസ്തിഷ്കത്തിനുള്ളിൽ സെറിബ്രോസ്പൈനൽ ദ്രവം നിറയുന്ന ഹൈഡ്രോസെഫാലസ് എന്ന രോഗാവസ്ഥയായിരുന്നു അത്. ‘വാട്ടർ ഓൺ ദ് ബ്രെയിൻ’ എന്നും ഈ അവസ്ഥയ്ക്കു പേരുണ്ട്. ഇരട്ടകളിലൊരാളായിട്ടായിരുന്നു ബക്‌ഷിന്റെ ജനനം. ജനിക്കുന്നതിനു മുൻപേ തന്നെ തലയ്ക്കു പുറകിലെ അസാധാരണ വളർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്ന് 30,000ത്തോളം രൂപ ചെലവിട്ടാൽ ശസ്ത്രക്രിയ നടത്താമെന്ന് കറാച്ചിയിലെ ഡോക്ടർമാരും പറഞ്ഞു. പക്ഷേ ബക്‌ഷിന്റെ അച്ഛൻ മുഹമ്മദ് ഉസ്മാന് അന്ന് 300 രൂപ തികച്ചില്ല ദിവസക്കൂലി!
ബക്‌ഷിന്റെ ഇരട്ടസഹോദരന് ആരോഗ്യപരമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ ബക്‌ഷിന്റെ തലയ്ക്കു പിന്നിലെ മുഴ അധികം വളരില്ലെന്നും കരുതി. പക്ഷേ ഓരോ ദിവസം ചെല്ലും തോറും അത് വളർന്നു കൊണ്ടേയിരുന്നു. കുട്ടിക്ക് രാത്രി ഉറക്കമില്ലാതായി. ഭക്ഷണം കഴിക്കാൻ പറ്റാതായി. കഴുത്തിലേക്ക് അസാധാരണമായ വലുപ്പത്തിലുള്ള തലയുടെ ഭാരമെത്തിയതോടെ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ. മുഴുവൻ സമയവും കിടപ്പു തന്നെ. തലയ്ക്കു പിന്നിൽ വലിയൊരു മുഴയുമായുള്ള ആ കുരുന്നിന്റെ ജീവിതം കണ്ടുനിൽക്കാൻ തന്നെ പറ്റാത്ത അവസ്ഥയിലായി. അതിനിടെ നാട്ടുകാരുടെ കുത്തുവാക്കുകളും.
കുട്ടിയുടെ മസ്തിഷ്കത്തിലേക്ക് അധികസമ്മർദമേൽക്കുന്നത് ബുദ്ധിയെ ബാധിക്കുമെന്നും ഒടുവിൽ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞതോടെ എന്തുവില കൊടുത്തും ബക്‌ഷിനെ രക്ഷിക്കണമെന്നായി. അങ്ങനെയാണ് ഒരു ബന്ധുവിൽ നിന്ന് പണം കടം വാങ്ങി അവനെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിക്കുന്നത്. ലിയാഖത്ത് നാഷനൽ ഹോസ്പിറ്റലിൽ ജൂൺ ഒന്നിന് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി തലയിൽ നിന്ന് എടുത്തുകളഞ്ഞത് ഒരു ലിറ്ററിലേറെ ദ്രവമായിരുന്നു. തലയ്ക്കു പുറകിലെ മുഴയുടെ ഭാഗങ്ങളും എടുത്തു കളഞ്ഞു.
ഇപ്പോൾ തന്റെ ബാക്കി മൂന്ന് സഹോദരങ്ങളുടേതു പോലെത്തന്നെയായിരിക്കുന്നു ബക്‌ഷിന്റെയും ശിരസ്സ്. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനകം ഡിസ്ചാർജും ചെയ്തു. ഇനി മറ്റെല്ലാ കുട്ടികളെയും പോലെ ബക്‌ഷിനും ഓടിച്ചാടി കളിച്ചു നടക്കാമെന്ന് ഡോക്ടർമാരുടെയും വാക്ക്. സാധാരണ നവജാത ശിശുക്കളിലും കുട്ടികളിലുമാണ് ഹൈഡ്രോസെഫാലസ് കാണപ്പെടാറുള്ളത്. 60 വയസ്സു കഴിയുമ്പോഴും ഈ പ്രശ്നമുണ്ടാകാറുണ്ട്. മസ്തിഷ്കത്തിലെ വെൻട്രിക്കിളുകളിൽ സെറിബ്രോസ്പൈനൽ ദ്രവത്തിന്റെ സഞ്ചാരം തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നതാണ് പ്രശ്നത്തിനു കാരണം. ചെറുപ്പക്കാരിലും അപൂർവമായി ഈ അവസ്ഥ കാണാറുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഹൈഡ്രോസെഫാലസ് വഴി മരണം വരെ സംഭവിക്കാമെന്നും വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്.
Read more :ആരോഗ്യവാർത്തകൾ