Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലെ രണ്ടാമത്തെ കുട്ടി തല്ലുകൊള്ളിയാണോ? അതിനൊരു കാരണമുണ്ട്!

saketh-savanth മോഡലുകൾ: സാകേത്, സാവന്ത്

‘നീ നിന്റെ ചേട്ടനെ അല്ലെങ്കിൽ ചേച്ചിയെ കണ്ടു പഠിക്ക്. എന്ത് അടക്കവും ഒതുക്കവുമാ...’ മിക്ക വീട്ടിലെയും അനിയന്മാരും അനിയത്തിമാരും കേട്ടിട്ടുണ്ടാകും ഇത്തരമൊരു ഡയലോഗ്. പ്രത്യേകിച്ച് രണ്ട് മക്കളുള്ള വീടുകളിൽ. അത്രയേറെയാണ് രണ്ടാമത്തെ മക്കളെക്കൊണ്ടുള്ള തലവേദന. മൂത്തവൻ അല്ലെങ്കിൽ മകളാകട്ടെ തികച്ചും ‘മാതൃകാപരമായ’ ജീവിതം നയിക്കുന്ന കക്ഷിയും. എന്തുകൊണ്ടാണിതെന്ന് ആലോചിക്കാത്ത മാതാപിതാക്കൾ കുറവ്. മൂത്തയാളെ കണ്ടുപഠിക്കാൻ പറയുന്നത് കേട്ടുകേട്ട് അലമ്പായിപ്പോയ പിള്ളേരു വരെയുണ്ട് മിക്ക വീടുകളിലും. ഇനിയിപ്പോൾ ഇത് തങ്ങളുടെ വീട്ടിലെ മാത്രം പ്രശ്നമാണെന്നു കരുതി മറ്റുള്ളവരോട് വിഷയം ചർച്ച ചെയ്യാത്ത കുടുംബങ്ങളും ഏറെ. 

എന്നാൽ എല്ലാ കുടുംബത്തിലെയും രണ്ടാമത്തെ കുട്ടി കുരുത്തംകെട്ടവനായിരിക്കുമെന്നാണ് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് കുട്ടികളുടെ തെറ്റു ചെയ്യാനുള്ള പ്രവണതയും അവരുടെ ‘ബർത്ത് ഓർഡറും’ സംബന്ധിച്ച പഠനം നടത്തിയത്. യുഎസിലെ ഫ്ളോറിഡയിൽ നിന്നു കൂടാതെ ഡെന്മാർക്കിലുള്ള കുട്ടികളുടെ വിവരങ്ങളും പഠനത്തിനായി ഉപയോഗപ്പെടുത്തി. വിശദമായ പഠനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ഭൂരിപക്ഷം കുടുംബങ്ങളിലും രണ്ടാമത്തെ കുട്ടികളിലാണ് തെറ്റു ചെയ്യാനുള്ള പ്രവണത ഏറെയുള്ളത്. കുറ്റകൃത്യത്തിന് പൊലീസ് പിടിയിലാകുന്ന കുട്ടികളിലും ഏറ്റവും കൂടുതലും കുടുംബത്തിൽ രണ്ടാമതു ജനിക്കുന്ന കുട്ടിയാണ്. ആദ്യത്തെ കുട്ടിയേക്കാൾ 40 ശതമാനത്തിലേറെ വരും ഇക്കാര്യത്തിൽ രണ്ടാമത്തെ കുട്ടികളുടെ കുറ്റകൃത്യക്കണക്ക്. 

കുറ്റകൃത്യങ്ങളുമായി മാത്രം ബന്ധപ്പെട്ടല്ല, സ്കൂളുകളിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ കണക്കെടുത്താലും രണ്ടാമത്തെ കുട്ടികളാണ് പ്രശ്നക്കാരിലേറെയും. അതേസമയം സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിൽ മൂത്തയാളും രണ്ടാമത്തെ കുട്ടിയും ഏകദേശം തുല്യത പാലിക്കുന്നുണ്ട്. രണ്ട് ആൺകുട്ടികളുടെ കുടുംബത്തിലാണ് രണ്ടാമത്തെയാൾ തല്ലിപ്പൊളിയാകാനുള്ള സാധ്യതയേറെ. പകരം ഇവരിലാരെങ്കിലും പെൺകുട്ടിയാണെങ്കിൽ കുരുത്തക്കേടിന്റെ വ്യാപ്തി കുറയും. ജീവിതസാഹചര്യങ്ങളുടെ കാര്യത്തിലുൾപ്പെടെ എല്ലാത്തരത്തിലും വ്യത്യസ്തമായ ഫ്ലോറിഡയിലെയും ഡെന്മാർക്കിലെയും കുട്ടികളുടെ ഡേറ്റ പരിശോധിച്ചപ്പോൾ ഏതാണ്ടെല്ലാം തുല്യമായിത്തന്നെ വരികയായിരുന്നു. ഇതും പഠനത്തിന്റെ വിശ്വാസ്യത കൂട്ടുന്നുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് രണ്ടാമത്തെ കുട്ടി ‘തലതെറിച്ചു’ പോകുന്നതെന്ന സംശയം സ്വാഭാവികം. അതിനുമുണ്ട് പഠനസംഘത്തിന്റെ ഉത്തരം. മൂത്ത കുട്ടിക്ക് കൊടുക്കുന്നത്ര പരിചരണം രണ്ടാമത്തെയാൾക്കു കിട്ടുന്നില്ല എന്നതാണു പ്രശ്നം. അതായത്, മാതാപിതാക്കൾ തന്നെയാണ് രണ്ടാമത്തെ കുട്ടിയുടെ കുരുത്തക്കേടിനു കാരണം. കുട്ടികൾക്കു വേണ്ടി ചെലവിടുന്ന സമയത്തിലുമുണ്ട് ഏറ്റക്കുറച്ചിലുകൾ. മൂത്തകുട്ടിക്ക് മാതാവിന്റെ പരിചരണം ഏറെ ലഭിക്കുന്നുണ്ട്. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ അച്ഛനും അമ്മയും ഒരുപോലെ സ്നേഹിക്കും. അതേസമയം രണ്ടാമത്തെയാൾ വരുമ്പോൾ മൂത്തയാളെ നോക്കാനായിരിക്കും മാതാപിതാക്കളിലൊരാളുടെ സമയം ചെലവഴിക്കേണ്ടി വരിക. അമ്മയ്ക്കാകട്ടെ രണ്ടു പേരുടെയും കാര്യം നോക്കുകയും വേണം. സ്വാഭാവികമായും ആദ്യത്തെ കുട്ടിക്ക് കിട്ടിയത്ര ശ്രദ്ധ രണ്ടാമനു കിട്ടില്ല. 

എല്ലാ കുടുംബത്തിലെയും രണ്ടാമന്മാർ കുരുത്തംകെട്ടവരാണെന്ന അഭിപ്രായം പഠനറിപ്പോർട്ടിലില്ല. എങ്കിലും ഭൂരിപക്ഷം പേരും പ്രശ്നക്കാരാകുന്നതിന്റെ കാരണം കൃത്യമായി കണ്ടെത്താനായിട്ടുണ്ട്. ഇനി കുറുമ്പു കാണിക്കുന്നതിനു ശിക്ഷയായി ‘രണ്ടാമന്മാ’രെ തല്ലാൻ വടിയെടുക്കുമ്പോൾ വേറുതെ ഒന്നാലോചിക്കുക; ‘താൻ കൂടി കാരണമാണല്ലോ ഇവൻ ഇങ്ങനെയായിപ്പോയത്’ എന്ന്.

Read more : കുട്ടികളുടെ ആരോഗ്യം