ബ്രൊക്കോളി, കോളിഫ്ലവർ എന്നിവയിലടങ്ങിയ ഒരു സംയുക്തം ചർമാർബുദമായ മെലനോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കുമെന്നു പഠനം.
രോഗം ബാധിച്ച കോശങ്ങളുടെ വളർച്ച 69 ശതമാനം തടയാൻ ഈ സംയുക്തത്തിനാകുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. സമീപത്തെ ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെതന്നെ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഒരു പുതിയ മരുന്നിന്റെ കണ്ടെത്തലിലേക്ക് ഈ പഠനഫലം നയിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ചർമത്തിലുണ്ടാകുന്ന അർബുദത്തിൽ വളരെ സാധാരണവും ഗുരുതരവുമാണ് അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലമുണ്ടാകുന്ന മെലനോമ.
നേരത്തേ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാവുന്ന ഒന്നാണിത്. എന്നാൽ ക്രമേണ അത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഘട്ടം എത്തുകയും ചെയ്യും.
മെലനോമയുടെ അവസാന ഘട്ടത്തിൽ കീമോതെറപ്പിയോ മറ്റു മരുന്നുകളോ ഫലപ്രദമാകില്ല. ചർമത്തിലെ അർബുദം മൂലമുള്ള നാലിൽ മൂന്നു മരണത്തിനും മെലനോമ കാരണമാകുന്നു.
കാബേജ് കുടുംബത്തിൽപ്പെട്ട പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവർ, കെയ്ൽ, ടർണിപ്, കൊളാർഡ്, റാഡിഷ് എന്നീ പച്ചക്കറികളിൽ അർബുദ നാശകാരിയായ സംയുക്തം അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ കാണപ്പെടുന്ന, ഐസോസയനേറ്റുകളിൽനിന്നു വേർതിരിക്കുന്ന ഈ സംയുക്തമാണ് അർബുദത്തെ തടയുന്നതെന്ന് പെൻ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായി.
അർബുദ മുഴകളെ വളരാൻ അനുവദിക്കുന്ന മാംസ്യത്തെ ഇതു തടയുന്നു. ഫലപ്രാപ്തി വർധിപ്പിക്കാനായി ഗവേഷകർ മരുന്നിനു ചില മാറ്റങ്ങൾ വരുത്തി. സൾഫറിനു പകരം അവർ സെലേനിയം ഉപയോഗിച്ചു.
യൂറോപ്യൻ ജേണൽ ഓഫ് മെഡിസിനൽ കെമിസ്ട്രിയിൽ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More : ആരോഗ്യവാർത്തകൾ