Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോണരോഗം അർബുദ കാരണമോ?

Gum Disease

പല്ലുതേക്കുമ്പോൾ രക്തം വരുകയോ മോണയ്ക്ക് വേദന വരുകയോ ചെയ്യുമ്പോൾ നമ്മിൽ പലരും അത് നിസാരമാക്കാറുണ്ട്. എന്നാൽ ദന്താരോഗ്യവും വളരെ പ്രധാനമാണ്. കാരണം മോണരോഗം അർബുദത്തിനു വരെ കാരണമാകും.

മോണരോഗത്തിനു കാരണം എന്താവാം? ദന്തൽ പ്ലാക്കുകളിലെ ബാക്ടീരിയയാണ് പ്രധാന വില്ലൻ. മോണയിലെ ഈ അണുബാധ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ബാക്ടീരിയയെ കൂടാതെ ജനിതക കാരണങ്ങൾ, സമ്മർദം, പുകവലി, ഹോർമോൺ വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം ഇവയും മോണരോഗത്തിനു കാരണമാകാം.

മോണരോഗം വന്നിട്ടുള്ള സ്ത്രീകൾക്ക് അർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു യു എസ് പഠനം പറയുന്നു. പ്രത്യേകിച്ചും സ്തനാർബുദവും അന്നനാളത്തിലെ അർബുദവും.

അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ചിന്റെ ജേണലായ കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മുമ്പ് ദന്തരോഗങ്ങൾ ബാധിച്ചിട്ടുള്ളവർക്ക് അർബുദം വരാനുള്ള സാധ്യത 14 ശതമാനം കൂടുതലാണെന്നാണ്.

മോണയ്ക്ക് രോഗം ബാധിച്ച സ്ത്രീകൾക്ക് അല്ലാത്തവരെ അപേക്ഷിച്ച് അന്നനാളത്തിലെ അർബുദത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. കൂടാതെ ശ്വാസകോശാർബുദം, ഗോൾബ്ലാഡർ കാൻസർ ചർമാർബുദമായ, മെലനോമ, സ്തനാർബുദം ഇവയ്ക്കും സാധ്യത കൂടുതലാണ്.

ആർത്തവ വിരാമം സംഭവിച്ച65000 സ്ത്രീകളിൽ 1999 മുതൽ 2013 വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 54 മുതൽ 86 വരെ പ്രായമുള്ളവരായിരുന്നു പഠനത്തിൽ പങ്കെടുത്തത്.

ബഫലോയിലെ സ്റ്റേറ്റ് യൂണിവഴേസിറ്റി ഓഫ് ന്യൂയോർക്ക് പബ്ലിക് ഹെൽത്തിലെ ഡീൻ ആയ ജീൻ വാക്ടാവ്സ്കിവെൻഡിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

എങ്ങനെയാണ് മോണരോഗം അർബുദ കാരണമാകുന്നതെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു.

ഉപദ്രവകാരികളായ രോഗാണുക്കൾ ഉമിനീരിലും ദന്തൽപ്ലാക്കിലും കലർന്നിട്ടോ രോഗം ബാധിച്ച മോണയിലെ കലകൾ (tissues) രക്തചംക്രമണത്തിൽ കലർന്നിട്ടോ ആകാം രോഗം ബാധിക്കുന്നതെന്ന് ഗവേഷകർ കരുതുന്നു.

വായുടെ വളരെ അടുത്താണ് അന്നനാളം അതുകൊണ്ട് തന്നെ മോണയിലെ രോഗാണുക്കൾ വളരെ വേഗം അന്നനാളത്തിലെ മ്യൂക്കോസയിൽ ബാധിക്കുകയും അർബുദ കാരണമാകുകയും ചെയ്യുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

രോഗങ്ങളെ അകറ്റാൻ വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമെങ്കിൽ ദന്തഡോക്ടറുടെ സഹായം തേടേണ്ടതുമാണ്. ആരോഗ്യമുള്ള പല്ലിനും മോണയ്ക്കും പോഷകങ്ങളും ആവശ്യമാണ്. ജീവകം സി അടങ്ങിയ ഭക്ഷണം ദന്താരോഗ്യമേകും.

Read More : ആരോഗ്യവാർത്തകൾ