കടുത്ത വേദനയായാണ് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ വേദന എടുത്ത് കരയുമ്പോഴാണ് ഏതെങ്കിലും രോഗമായിരിക്കാമെന്ന ധാരണയിൽ ഡോക്ടറുടെ അടുത്തെത്തിക്കുന്നതും. എന്നാൽ ഇവിടെ ജനിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും വേദന എന്തെന്ന് അറിയാതെ വളരുകയാണ് ഡെക്സ്റ്റർ ക്യാഹിൽ.
കുട്ടികൾ വേദനകൊണ്ട് കരായതെ വളരണമെന്ന് മാതാപിതാക്കൾ സ്വപ്നം കാണുമ്പോൾ വേദന അറിഞ്ഞ് ഒരിക്കലെങ്കിലും തങ്ങളുടെ മകൻ ഒന്നു കരഞ്ഞെങ്കിലെന്ന് ആശിക്കുകയാണ് ഡെക്സ്റ്ററിന്റെ മാതാപിതാക്കളായ ലിൻഡസിയും ടോമും. വേദന അറിയാത്തതു കാരണം കുഞ്ഞിന് എന്തെങ്കിലും അപകടം സംഭവിച്ചാലും ഇവർക്കു മനസ്സികുന്നുമില്ല.
അടുത്ത ആഴ്ച നാലു വയസ്സിലേക്കു കടക്കുന്ന ഡെക്സറ്ററിനു ഇതിനുള്ളിൽത്തന്നെ നിരവധി മുറിവുകൾ സംഭവിച്ചിട്ടുണ്ട്. വിരൽ പൊട്ടുക, കൈ ഒടിയുക, ഇടതു പാദത്തിലെ മെറ്റാടാർസർ ബോണുകൾക്ക് പൊട്ടൽ ഇങ്ങനെ നീളുന്നു അപകടങ്ങളുടെ നിര. എന്നാൽ ഇതിന്റെയൊന്നും വേദന ഒരിക്കൽപ്പോലും കുഞ്ഞ് ഡെക്സ്റ്ററിനെ അലട്ടിയിട്ടില്ല. ഇതൊക്കെ എങ്ങനെ, എപ്പോഴാണ് സംഭവിച്ചതെന്ന് ഒരിക്കൽപ്പോലും ആ മാതാപിതാക്കൾ അറിഞ്ഞിരുന്നുമില്ല.
ഒരിക്കൽ നഴ്സറിയിൽ അക്ഷരമാലകൾ കൊണ്ടുള്ള ഡാൻസ് ടീച്ചർ പരിശീലിപ്പിക്കുകയായിരുന്നു. D എന്ന അക്ഷരം എത്തിയപ്പോഴേക്കും ഡെക്സ്റ്റർ അത്യുൽസാഹത്തോടെ മുകളിലേക്കു ചാടി താഴെ വീണു. ഒന്നും സംഭവിക്കാത്ത മട്ടിൽ കുഞ്ഞ് എഴുന്നേൽക്കുകയു ചെയ്തു. വീഴ്ചയിൽ കീഴ്ക്കാലിലെ വലിയ അസ്ഥി പൊട്ടിയിട്ടും ഡെക്സ്റ്റർ കരയുകയോ ഏതെങ്കിലും തരത്തിലുള്ള വേദന പ്രകടമാക്കുകയോ ചെയ്തില്ല. ഡെക്സറ്റർ അപ്പോഴും വളരെ കൂൾ ആയിരുന്നു.
കാലിലെ വലിയ അസ്ഥി പൊട്ടിയിട്ടും യാതൊരുവിധ വേദനാസംഹാരികളുടെയും സഹായമില്ലാതെതന്നെ അസ്ഥികൾ ശരിയായ നിലയിലാക്കി പ്ലാസ്റ്റർ ചെയ്തു. ഇതെല്ലാം ചെയ്യുന്നതിന് ഡെക്സ്റ്ററിനു വേണ്ടിയിരുന്നത് ഒരു ലോലിപോപ്പ് മാത്രമായിരുന്നു.
സയിന്റിസ്റ്റുകളുടെ ഭാഷയിൽ പറഞ്ഞാൽ ഹെറിഡിറ്ററി സെൻസറി ഓട്ടോണോമിക് ന്യൂറോപ്പതി ടൈപ്പ് 4 ആണ് ഡെക്സ്റ്ററിനെ ബാധിച്ചിരിക്കുന്നത്. ഇതു പാരമ്പര്യമായി ലഭിക്കാവുന്ന ഒരുതരം രോഗമാണ്.
ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ശരീരത്തിൽ കാണുമ്പോൾ മാതാപിതാക്കൾ കരഞ്ഞു ബഹളം വയ്ക്കുന്നത് വളരെ അന്ധാളിപ്പോടെ നോക്കി നിൽക്കുകയാണ് ഡെക്സറ്റർ ചെയ്യുന്നത്.
ശരീരത്തിന്റെ താപനില കുറയുന്ന ഹൈപ്പോതെർമിയയും ഡെക്സ്റ്ററിനുണ്ട്. എല്ലാവരും കരുതുന്നത് ഡെക്സ്റ്റർ സൂപ്പർ ഹീറോ ആണെന്നാണ്. എന്നാൽ അവൻ വളരെ ദുർബലനാണെന്ന് അമ്മ ലിൻഡസി പറയുന്നു. ഒരിക്കൽ അവന് അപ്പൻഡിസൈറ്റിസും വന്നു. എന്നാൽ വേദന അറിയാത്തുകൊണ്ടുതന്നെ രോഗം മനസ്സിലാക്കാനും സാധിച്ചില്ല.
മുതിർന്നു വരുമ്പോൾ സ്വന്തം കാര്യങ്ങൾ നോക്കാൻ അവൻ പ്രാപ്തനായേക്കും. പക്ഷേ അതുവരെയുള്ള ജീവിതത്തിൽ ഒുപാടു പ്രശ്നങ്ങൾ അവനു തരണം ചെയ്യേണ്ടി വരാം.
സ്വന്തമായിട്ട് വേദനിപ്പിച്ചാൽ പോലും അവന് അറിയില്ല. എന്നിരുന്നാലും സ്വയം വേദനിപ്പിക്കാതിരിക്കാൻ അവൻ പഠിക്കേണ്ടിയിരിക്കുന്നു അമ്മ ലിൻഡസി പറയുന്നു.