രണ്ടു വയസ്സുള്ള മകന്റെ പുകവലി കണ്ട് തളർന്നിരുന്ന പോയ ഒരമ്മയുണ്ട്... ഒരിക്കലും മകനെ പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ലെന്നു പറഞ്ഞു വിലപിച്ച, സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന ഒരമ്മ. അന്നവർ അവർക്കുനേരേതന്നെ ശാപവാക്കുൾ ചൊരിഞ്ഞു. എന്നാൽ ഇന്ന് ആ അമ്മ മകനെ തന്നോടൊപ്പം ചേർത്തു പിടിച്ച് അഭിമാനിക്കുന്നു. ഇപ്പോഴും ആ കണ്ണിൽ നിന്നു കണ്ണുനീർ പൊടിയുന്നുണ്ട്, പക്ഷേ അത് ആനന്ദാശ്രുക്കൾ ആണെന്നു മാത്രം.
ഓർമയില്ലേ, ഇൻഡോനേഷ്യയിലെ ആ കുട്ടി ചെയിൻ സ്മോക്കർ അൽഡി സുഗന്ധയെ. രണ്ടു വയസ്സിൽ ഒരു ദിവസം 40 സിഗരറ്റുകൾ വരെ വലിച്ച് അവൻ വാർത്തയിലിടം നേടി. എന്നാൽ ഇന്ന് പുകവലിക്കെതരിരെ ഇൻഡോനേഷ്യയിൽ ശബ്ദമുയർത്തുന്നത് ഇപ്പോൾ എട്ടു വയസ്സുള്ള ഈ അൽഡി തന്നെയാണ്.
അന്നത്തെ ദിനങ്ങളെക്കുറിച്ച് അൽഡി തന്നെ പറയുന്നു– പുകവലി ഉപേക്ഷിക്കാനുള്ള ആ തീരുമാനം എന്നെ സംബന്ധിച്ച് വളരെ കഠിനം തന്നെയായിരുന്നു. സിഗരറ്റ് വലിച്ചില്ലെങ്കിൽ വായ്ക്കകത്ത് കയർപ്പും തലകറക്കവും അനുഭവപ്പെടുമായിരുന്നു.
ഇപ്പോൾ ഞാൻ അതീവ സന്തോഷവാനാണ്. ഉത്സാഹഭരിതനുമാണ്. എന്റെ ശരീരംതന്നെ ഉൻമേഷമുള്ളതായി.
ആ ദിവസങ്ങളെക്കുറിച്ച് അമ്മ ഡയാന പറയുന്നതിങ്ങനെ: മാർക്കറ്റിൽ പച്ചക്കറി വിൽപ്പനയായിരുന്നു എന്റെ തൊഴിൽ. മാർക്കറ്റിൽ പോകുമ്പോൾ കുഞ്ഞ് അൽഡിയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാൻ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാഞ്ഞാൽ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകൾ ഏൽപ്പിക്കും. തന്നെ ഒരു ചീത്ത അമ്മയായാണ് എല്ലാവരും മുദ്ര കുത്തിയത്. മാത്രമല്ല പാരന്റിങ് സ്കിലിനെ ചോദ്യം ചെയ്യുകയുമുണ്ടായിട്ടുണ്ട്. സിഗരറ്റു വാങ്ങാൻ പണം നൽകിയില്ലെങ്കിൽ എന്നെ ഉപദ്രവിക്കും അവൻ മരിക്കുമോ എന്ന പേടിയും എനിക്കുണ്ടായിരുന്നു.
ഇതെല്ലാം അമ്മ പറയുമ്പോൾ അൽഡി നിശബ്ദനായി കേട്ടിരിക്കുന്നു. ഇൻഡോനേഷ്യയിൽ ഏതാണ്ട് 267000 കുട്ടികൾ ഇപ്പോഴും പുകയില ഉൽപ്പന്നങ്ങൾക്ക് അടിമകളാണെന്നാണ് കണക്കുകൾ പറയുന്നത്.
ഇന്ന് അൽഡി മിടുക്കനായ ഒരു കുട്ടിയാണ്. സ്കൂളിൽ പോകുന്നുണ്ട്. പഠന കാര്യത്തിലും ഏറെ മുന്നിലാണ് അൽഡി. അവനെ ഈ നിലയിലെത്തിക്കാൻ വർഷങ്ങളുടെ പരിശ്രമം വേണ്ടിവന്നെന്ന് ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. സിറ്റോ മുല്യാഡി പറയുന്നു. പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുന്ന നിലയിലെത്തിയപ്പോൾ ആഹാരം ധാരാളം കഴിക്കുന്ന ശീലം തുടങ്ങി. ഇതാകട്ടെ അവനെ പൊണ്ണത്തടിയനാക്കുകയും ചെയ്തു. ഇതു നിയന്ത്രിക്കാനായി രണ്ടാംഘട്ട ചികിത്സയും നടത്തി.
അൽഡിയുടെ കാര്യത്തിൽ അവന്റെ പ്രായവും ബുദ്ധിയുമാണ് ചികിത്സ വിജയകരമാക്കിയതെന്ന് ഡോക്ടർ പറയുന്നു. ഓടുക, ചാടുക, കളിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് വലിക്കുന്ന സിഗരറ്റുകളുടെ എണ്ണം കുറച്ചു. മൂന്നു വയസ്സിൽ അവൻ നാലു പായ്ക്കറ്റ് സിഗരറ്റ് വരെ ഒരു ദിവസം വലിച്ചിരുന്നു.
എനിക്ക് ഇനി പുക വലിക്കണ്ട, എനിക്കു രോഗിയാകാൻ താൽപ്പര്യമില്ല – അൽഡി പറയുന്നു. പുക വലിക്കുന്ന ശീലമുള്ള മറ്റു കുട്ടികളെ അതിൽ നിന്നു മോചിതരാക്കാനുള്ള യജ്ഞത്തിലാണ് ഇപ്പോൾ അൽഡി.
Read More : Health Magazine