മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോൾ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികിൽ ഫോൺസൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
ബാത്ത്റൂമിൽ ഫോണുമായി പോകുന്നവർക്ക് നിരാശ ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ബാത്ത്റൂമിലെ ഫോൺ ഉപയോഗം പല രോഗങ്ങളിലേക്കും നിങ്ങളെ തള്ളിവിടുന്നുണ്ടത്രേ.
ടോയ്‍ലറ്റിലും കൈകഴുകുമ്പോഴുമൊക്കെ രോഗാണുക്കൾ ഫോണിലേക്കു കടന്നുകയറുന്നുണ്ട്. ഈ രോഗാണുക്കൾ വർക് ഡെസ്കിലും കുഞ്ഞുങ്ങളുടെ വിരലുകളിലും ഡൈനിങ് ടേബിളിലും തുടങ്ങി എല്ലായിടത്തും വ്യാപിക്കും.
ടോയ്‍ലറ്റ് സീറ്റ്, വാതിലിന്റെ കൈപ്പിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ–കോളി പോലുള്ള അണുക്കൾ കാണപ്പെടുന്നുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. പോൾ മെയ്റ്റ്‍വീൽ പറയുന്നു. ഇവ മൂത്രത്തിൽ അണുബാധ, കുടൽ സംബന്ധമായ രോഗങ്ങൾ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്കു കാരണമാകും.
അതുകൊണ്ടുതന്നെ ടോയ്‍ലറ്റിലെ ഫോൺ ഉപയോഗം വളരെ അപകടം പിടിച്ചതാണെന്നും ഡോ പോൾ ഓർമപ്പെടുത്തുന്നു. കാരണം നമ്മൾ പോകുന്നിടങ്ങളില്ലലെല്ലാം ഫോണും ഒപ്പമുണ്ട്. ഫോണിൽ ടച്ച് ചെയ്തിരുന്നാണ് പലരും ആഹാരം കഴിക്കുന്നതു പോലും.
രോഗമില്ലാത്ത ഒരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് ടോയ്‍ലറ്റിലെ ഫോൺ ഉപയോഗമെങ്കിലും ഇനി നിർത്തിക്കോളൂ...
Read More : ആരോഗ്യവാർത്തകൾ, ഫിറ്റ്നസ് ടിപ്സ്, ആരോഗ്യം മാഗസിൻ