മെക്സിക്കോയിലെ ലൂയിസ് മാനുവൽ എന്ന പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരഭാരം 30 കിലോ. അതായത് ഒൻപതു വയസ്സുള്ള ഒരു കുട്ടിക്കു വേണ്ട ശരീരഭാരമാണ് ഇപ്പോവ്‍ ഈ പത്തുമാസക്കാരന്. രണ്ടു വയസ്സു പ്രായമുള്ള കുട്ടിയുടെ വസ്ത്രങ്ങളാണ് ധരിക്കുന്നതും. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുഞ്ഞാണ് ഇപ്പോൾ ലൂയിസ്.
അസാധാരണമായ രീതിയിൽ അരയളവ് കൂടിയിട്ടുണ്ട് ലൂയിസിന്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളിൽ ഹൃദയാഘാതം ഉണ്ടാക്കുന്ന പാർഡർ– വില്ലി സിൻഡ്രോമാണോ കുഞ്ഞിന് എന്ന ഭയവും ഡോക്ടർമാർക്കുണ്ട്. ദുർബലമായ മസിൽ ടോണും നിരന്തരമായ ഭക്ഷണം കഴിക്കാനുള്ള പ്രേരണയുമാണ് ഭേദമാക്കാൻ കഴിയാത്ത ഈ രോഗത്തിനു പിന്നിൽ.
ഡോക്ടർമാർ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ ചികിത്സയ്ക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് ലൂയിസിന്റെ നിർധനരായ മാതാപിതാക്കൾ. അമിതമായ ശരീരഭാരം കാരണം കുഞ്ഞിന് ശരിയായി ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.
ചില പ്രത്യേകതരം ജീനുകളുടെ തെറ്റായ പ്രവർത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എപ്പോഴും വിശപ്പുണ്ടാക്കകയും കുഞ്ഞുങ്ങൾ അവരുടെ പ്രായത്തിലുള്ളവർ കഴിക്കുന്നതിനെക്കാളും ആറു പ്രാവശ്യം അധികം ഭക്ഷണം കഴിക്കുകയും ചെയ്യും.