Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ കരുതിയിരിക്കുക ജീവന്‍ അപകടത്തിലായേക്കാം

660142228

ഒരുദിവസം ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. 

ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠനം. ഒരുപാട് സമയം ഇരുന്നായാലും നിന്നായാലും ജോലി ചെയ്യുന്നത് ഒട്ടും സുഖകരമായ കാര്യമല്ല. എങ്കിലും നിന്ന് ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങള്‍ എന്നാണ് പഠനം പറയുന്നത്.രക്ത ചംക്രമണ വ്യവസ്ഥയെയും നട്ടെല്ലിന്റെ ശേഷിയെയും വരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതു ചിലപ്പോള്‍ സമ്മാനിക്കുക.  

കൂടുതൽ സമയം ഒരേ പോലെ ഇരുന്നു ജോലി ചെയ്യുന്ന ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനപ്രകാരം മണിക്കൂറുകള്‍ നീണ്ട ഇരിപ്പു ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്ക് കാരണമായതായി തെളിഞ്ഞു. ഇവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ്സ് കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഏറെ നേരം ഇരുന്നുള്ള ജോലി മാനസികാരോഗ്യത്തെ  ബാധിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം ഓര്‍മക്കുറവിന്റെ അപകടങ്ങള്‍ ഇങ്ങനെയുള്ള ജോലി ചെയ്യുന്നവരില്‍ ഏറുന്നതായി കണ്ടു വരുന്നുണ്ട്. കൂടാതെ വിഷാദരോഗത്തിനുള്ള സാധ്യതയുമുണ്ട്. അതുപോലെ പ്രമേഹസാധ്യതയും കൂടുതലാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും ഈ ഇരുപ്പു നിങ്ങള്‍ക്ക് സമ്മാനിക്കും. 

പേശി തകരാറ്, വൃക്കരോഗങ്ങള്‍, അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറയുക, ഉയര്‍ന്ന രക്തസമ്മർദം, നടുവേദന, വെരിക്കോസ് വെയിന്‍, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്), ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതം, എന്തിനു കാന്‍സര്‍ സാധ്യത വരെയാണ് ദീര്‍ഘനേരത്തെ ഈ ഇരുപ്പ് ചിലപ്പോള്‍ സമ്മാനിക്കുക. 

ഓരോ അരമണിക്കൂറിലും എഴുനേറ്റു നില്‍ക്കുക, ലഘുവ്യായാമങ്ങള്‍ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങി ശരീരത്തെ ഒരേ അവസ്ഥയില്‍ ചടഞ്ഞുകൂടാതെ ഇരിക്കാന്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

Read More : Health and Wellbeing