പല നിറങ്ങളിലും ഡിസൈനിലുമുള്ള ഗ്ലാസ്സുകൾ കബോർഡുകൾക്ക് ഒരലങ്കാരമാണ്. ഗ്ലാസ്സിൽ പെയിന്റ് ചെയ്ത് ഭംഗി കൂട്ടുന്നവരും കുറവല്ല. അതിഥികൾ വരുമ്പോൾ ഏറ്റവും ഭംഗിയുള്ള ചിത്രപ്പണികളുള്ള ഗ്ലാസ്സ് തന്നെയാകും ജ്യൂസും ചായയും മറ്റും നൽകാൻ തിരഞ്ഞെടുക്കുന്നതും. കുട്ടികൾക്കും കാണും ചില നിറങ്ങളിലുള്ള ഗ്ലാസ്സിൽ തന്നെ ചായ വേണം എന്ന വാശി.
എന്നാൽ ഇനി ഈ ബഹുവർണ ഗ്ലാസ്സുകൾ ഉപയോഗിക്കും മുമ്പ് ശ്രദ്ധിക്കുക. ഇവയിലെ പെയിന്റിൽ അപകടകരമാംവിധം ലെഡ്, കാഡ്മിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ഇനാമൽ പുശിയ ഗ്ലാസ്സുകളുടെ ദീർഘകാല ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്ലിമൗത്ത് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.
പുതിയതും സെക്കൻഡ് ഹാൻഡുമായ 72 ഇനം ഗ്ലാസ്സ് ഉൽപ്പന്നങ്ങളിൽ 197 പരിശോധനകൾ നടത്തി. ബിയർ, വൈൻ ഗ്ലാസ്സുകൾ, ടംബ്ലറുകൾ, ജാറുകൾ എന്നിവയും ഇതിലുൾപ്പെടുന്നു. 139 കേസുകൾ ലെഡ് അടങ്ങിയതും. 134 കേസുകൾ കാഡ്മിയം അടങ്ങിയതാണെന്നും കണ്ടു. ഗ്ലാസ്സിനു പുറത്തും ഗ്ലാസിന്റെ വക്കിലും അടങ്ങിയ ലെഡ് സുരക്ഷാ പരിധിയിലും ആയിരം മടങ്ങ് അധികമായിരുന്നു.
പെയിന്റിലും അലങ്കാര ഗ്ലാസ്സുകളിലെ തിളക്കത്തിലും മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഗ്ലാസ്സിനു പുറത്തു മാത്രമല്ല വക്കിലും ലെഡും കാഡ്മിയവും ഉയർന്ന അളവിലുണ്ട്– ഗവേഷകനായ ആൻഡ്രൂ ടേണർ പറയുന്നു.
ദീർഘകാലം ഈ വസ്തുക്കൾ ഉള്ളിൽ ചെല്ലുന്നത് അപകടകരമാണ്. അന്താരാഷ്ട്ര ഗ്ലാസ്സ്‌വെയർ വ്യവസായം അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കേണ്ടതാണെന്ന് സയൻസ് ഓഫ് ദ് ടോട്ടൽ എൻവയൺമെന്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.
പോർട്ടബിൾ എക്സ്റേ ഫ്ലൂറസെൻ (XRF) സ്പെക്ടോമെട്രി ഉപയോഗിച്ച് വിവിധയിനം ഗ്ലാസ്സ് ഉൽപ്പന്നങ്ങള്‍ പരിശോധിച്ചു. ഇവയിലെ ലെഡിന്റെ ഗാഢത 40 മുതൽ 400,000 പാർട്സ് പെർ മില്യൺ (ppm) ഉം കാഡ്മിയത്തിന്റേത് 300 മുതൽ 70,000 ppm ഉം ആയിരുന്നു.
യുഎസിലെ എൻവയൺമെന്റെ ഹെൽത്ത് ഹസാർഡ് അസെസ്മെന്റ് അനുസരിച്ച് ഗ്ലാസ്സുകളിലെ വക്കുകളിൽ അതായത് ചുണ്ട് മുട്ടുന്ന സ്ഥലത്തെ ബാഹ്യ അലങ്കാരങ്ങൾക്ക് അനുവദിച്ചിട്ടുള്ള അളവ് 200 ppm മുതൽ 800 ppm വരെ മാത്രമാണ്.
Read More : Health News