മല ചവിട്ടാം ; ആരോഗ്യത്തോടെ

വൃശ്‌ചികം പിറന്നു, ക്ഷേത്രാങ്കണങ്ങൾ ശരണം വിളികളാൽ മുഖരിതം. മാലയിട്ട്, കറുപ്പുടുത്ത് മലചവിട്ടാൻ മനസ്സും ശരീരവും പ്രാപ്‌തമാക്കുകയാണ് അയ്യപ്പഭക്‌തൻമാർ. പുലരും മുൻപേ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ക്ഷേത്രങ്ങളിലേക്ക് യാത്ര... ഈ പ്രഭാതങ്ങൾ മനസ്സ് ശാന്തമാക്കുന്നതോടൊപ്പം ശരീരത്തിനും ഗുണമേകുന്നുണ്ട്. വ്രതാനുഷ്‌ഠാനത്തിന്റെ ഭാഗമായി ഭക്ഷണനിയന്ത്രണം കൂടി വരുന്നതോടെ ആരോഗ്യവും മെച്ചപ്പെടുന്നു... വ്രതാനുഷ്‌ഠാനവും ഉപവാസവും ആരോഗ്യത്തിന് തരുന്ന ഗുണങ്ങൾ ചെറുതല്ല... 

ഉപവസിക്കാം 

ആരോഗ്യദായകമായ ജീവിതത്തിന് ഏറ്റവും സുഗമവും പ്രായോഗികവുമായ മാർഗം ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഉപവാസം അനുഷ്‌ഠിക്കലാണ്. അതുപോലെ തന്നെയാണ് വ്രതത്തിന്റെ കാര്യവും. അത് മണ്ഡലകാല വ്രതമായാലും റമസാൻ നോമ്പായാലും അൻപത് നോമ്പായാലും നമ്മുടെ ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തും. വ്രതവേളയിൽ ഊർജം വർധിക്കും, ആത്മീയവും ശാരീരികവുമായി നാം കരുത്താർജിക്കും. മാലിന്യങ്ങൾ പുറന്തള്ളി ശരീരത്തിന്റെ പ്രതിരോധശക്‌തി വർധിപ്പിച്ചു രോഗമുക്‌തമാക്കുകയും ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നതിൽ വ്രതത്തിനു വലിയ പങ്കുണ്ട്. വ്രതം മനുഷ്യനെ അലസനാക്കുന്നതിനു പകരം ഉന്മേഷവാനാക്കും. 

ആഹാരനിയന്ത്രണം 

പഴമക്കാർ ആരോഗ്യം കാത്തത് ആഹാരം ഇടയ്‌ക്കൊക്കെ ഒഴിവാക്കിക്കൊണ്ടായിരുന്നു. അതിനവർ വ്രതമെന്നും ഉപവാസമെന്നുമൊക്കെ വിളിച്ചു എന്നുമാത്രം. ആരോഗ്യമുണ്ടാക്കാൻ കിട്ടുന്നതെന്തും വേണ്ടതിലേറെ വാരിവലിച്ചു തിന്നുന്ന നമ്മൾ അറിയുന്നില്ല, ഉള്ള ആരോഗ്യം പോലും ഇല്ലാതാക്കുകയാണെന്ന്. ശരീരത്തിന് ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അകത്താക്കും. വ്യായാമം തീരെയില്ല. കഴിച്ചതു ദഹിക്കുന്നതിനു മുൻപേ വീണ്ടും ആഹാരം. അപ്പോൾ ശരീരത്തിന്റെ താളം തെറ്റുന്നു. ഇവിടെയാണു പഴമക്കാരുടെ വഴി രക്ഷയാകുന്നത്. 

ആഹാരത്തിലെ നിയന്ത്രണം വ്രതങ്ങളുടെ പ്രധാന ഭാഗമാണ്. പതിവായി അരിഭക്ഷണം വേണ്ടതിലേറെ കഴിക്കുന്നവർ വ്രതദിനങ്ങളിൽ അരിഭക്ഷണം ഒഴിവാക്കുന്നു. മൽസ്യവും മാംസവും ഉപയോഗിക്കുന്നവർ വ്രത നാളുകളിലെങ്കിലും അത് ഒഴിവാക്കി പച്ചക്കറി മാത്രം ഉപയോഗിക്കുന്നു. ശരീരവും മനസ്സും പതിവിലേറെ ശുദ്ധമാക്കുന്നു. നല്ല ആരോഗ്യവും സൗന്ദര്യവും വേണമെങ്കിൽ ആദ്യം വേണ്ടത് ആഹാരകാര്യങ്ങളിലെ നിയന്ത്രണമാണെന്നു തന്നെയാണ് ആധുനിക വൈദ്യശാസ്‌ത്രവും പറയുന്നത്. 

ഒരു നേരം വേണ്ട 

വ്രതം അനുഷ്‌ഠിക്കുമ്പോൾ ഒരു നേരം അരിഭക്ഷണം ഒഴിവാക്കുന്നതിനെക്കാൾ ആരോഗ്യത്തിന് നല്ലത് ഒരു നേരം ഭക്ഷണമേ ഉപേക്ഷിക്കുന്നതാണ്. പ്രത്യേകിച്ച് അമിതവണ്ണമുള്ളവർ. ഒരുനേരം അരിഭക്ഷണം ഉപേക്ഷിച്ച് മരച്ചീനിയോ മറ്റ് കിഴങ്ങുവർഗങ്ങളോ കഴിക്കുന്നതുകൊണ്ട് ആരോഗ്യപരമായി ഗുണമൊന്നും കിട്ടുന്നില്ല. വ്രതകാലത്ത് പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ (കടല, പരിപ്പ്, ചെറുപയർ) ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ സമീകൃതാഹാരം കഴിക്കുന്നതാണ് ഉത്തമം. 

ശാസ്‌ത്രീയം 

രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100 മില്ലിലീറ്ററിന് 7080 മില്ലിഗ്രാം എന്ന അനുപാതത്തിൽ കുറയാതെ നിലനിൽക്കത്തക്കവിധമാണ് മനുഷ്യ ശരീരഘടന. എല്ലാവിധ ശാരീരിക ധർമങ്ങളെയും നിയന്ത്രിക്കുന്ന മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനക്ഷമത രക്‌തത്തിലെ ഗ്ലൂക്കോസിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഇതിനു കാരണം. 

നോമ്പു നോക്കുമ്പോൾ ഭക്ഷണത്തിലൂടെ ഗ്ലൂക്കോസ് യഥാസമയം ലഭിക്കാതെ വരികയും രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിശ്‌ചിത അനുപാതത്തിൽ കുറഞ്ഞു തുടങ്ങുകയും ചെയ്യുമ്പോൾ ഹൈപ്പോതലാമസ് എന്ന മസ്‌തിഷ്‌ക ഭാഗത്തുനിന്ന് അടിയന്തര സഹായം തേടി വിവിധ ഗ്രന്ഥികളിലേക്കു സന്ദേശങ്ങൾ പ്രവഹിക്കും. തുടർന്നു ശരീരത്തിലെ ഊർജ കലവറകളിൽ സംഭരിച്ചിട്ടുള്ള ഗ്ലൈക്കോജനും കൊഴുപ്പുകളും ഗ്ലൂക്കോസാക്കി മാറ്റുന്നതിനു പ്രേരകമായ ഹോർമോണുകൾ തൈറോയ്‌ഡ്, പിറ്റ്യൂറ്ററി ഗ്രന്ഥികളിൽനിന്നു കൂടിയ അളവിൽ സ്രവിക്കാൻ തുടങ്ങും. മണിക്കൂറുകളോളം ഭക്ഷണം കഴിച്ചില്ലെങ്കിലും മുൻപു സ്വരൂപിച്ച ഊർജത്തിന്റെ വിനിയോഗത്തിലൂടെ ശരീരത്തിനു രക്‌തത്തിലെ പഞ്ചസാരയുടെ അളവ് മിക്കവാറും സ്‌ഥിരമായി നിലനിർത്താൻ കഴിയും. 

വിഷമകരമായ ജീവിതസാഹചര്യങ്ങളിൽ ദീർഘനേരത്തേക്കു ഭക്ഷണം ലഭിക്കാതിരിക്കുകയോ ഭക്ഷണം കഴിക്കാൻ സൗകര്യപ്പെടാതെ പോവുകയോ ചെയ്‌താലും ശരീരത്തിന്റെ പ്രവർത്തനക്ഷമത തടസ്സമില്ലാതെ നിലനിൽക്കേണ്ടതിനാണു ശരീരത്തിൽ അധിക ഊർജം സംഭരിച്ചുവയ്‌ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മിച്ചമുള്ള ഊർജം ഗ്ലൈക്കോജന്റെയും കൊഴുപ്പുകളുടെയും രൂപത്തിൽ സംഭരിക്കുന്നു. ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോൾ നേരത്തെ പറഞ്ഞ സംവിധാനത്തിലൂടെ ശരീരം ഈ ഗ്ലൈക്കോജനും കൊഴുപ്പും ഗ്ലൂക്കോസായും കൊഴുപ്പ് അമ്ലങ്ങളായും മാറ്റിയെടുത്ത് ഉപയോഗിക്കുന്നു. 

ഭക്ഷണത്തിന്റെ ദഹനം, ഊർജസംഭരണം, ഊർജത്തിന്റെ പുനരുപയോഗം എന്നിവയെല്ലാം അത്യന്തം സൂക്ഷ്‌മവും സങ്കീർണവുമായ പ്രക്രിയകളാണ്. ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ശാരീരിക സംവിധാനങ്ങൾ കുറ്റമറ്റതായി നിലനിൽക്കണമെങ്കിൽ അവയ്‌ക്കെല്ലാം പ്രവർത്തിക്കേണ്ട ആവശ്യവും അവസരവും ഉണ്ടാകണം. 

ഭക്ഷണം കഴിക്കാത്ത അൽപം നീണ്ട ഇടവേളകൾ ഉണ്ടായാൽ മാത്രമേ സംഭരിച്ച ഊർജമെടുത്ത് ഉപയോഗിക്കേണ്ടിവരൂ. അപ്പോൾ മാത്രമേ പല ഗ്രന്ഥികൾക്കും അവയുടെ ധർമം പൂർണമായും നിറവേറ്റാൻ അവസരമുണ്ടാകൂ. സംഭരിച്ച ഊർജം ഒരിക്കലും ഉപയോഗിക്കേണ്ടി വരാതിരുന്നാൽ കരളും പാൻക്രിയാസും ഉൾപ്പെടെ പല ഗ്രന്ഥികൾക്കും യഥോചിതം പ്രവർത്തിക്കാനുള്ള അവസരം നഷ്‌ടപ്പെടും. പകൽ കൂടുതലായി കിടന്നുറങ്ങുന്നത് ഈ ശാരീരിക പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യും. 

മെല്ലെ കയറുക മെല്ലെ ഇറങ്ങുക 

പതിവില്ലാതെ പെട്ടെന്നുണ്ടാകുന്ന വ്യായാമം ശരീരത്തെ ഉലയ്‌ക്കും. സ്‌ഥിരമായി വ്യായാമം ചെയ്യാത്തവർ മലയാത്രയ്‌ക്ക് മുൻപ് അൽപം നടക്കുന്നത് നല്ലതാണ്. മെല്ലെ വേണം മല ചവിട്ടാൻ. ഇടയ്‌ക്ക് വിശ്രമിച്ച് പോകുന്നതും നല്ലതാണ്. കഫം പെരുകുന്നതും ജലദോഷവും ചുമയും ന്യൂമോണിയയും യാത്രക്കിടെ പതിവായി കാണുന്ന അസുഖങ്ങളാണ്. വെള്ളം മാറി കുളിയ്‌ക്കുന്നതും തണുപ്പടിക്കുന്നതും പലർക്കും കഫാധിക്യം വരുത്തും. ആസ്‌മ രോഗികളും ശ്രദ്ധിക്കുന്നത് നല്ലത്. ഭക്ഷണത്തിലെയും വെള്ളത്തിലെയും പ്രശ്‌നങ്ങൾ വയറിളക്കം പോലുള്ളവയ്‌ക്ക് കാരണമാകാം. ശരീര വേദനയും സന്ധിവേദനയും വിരളമല്ല. 

ഒരു ദിവസം വിശ്രമം 

മലയാത്രയ്‌ക്ക് ശേഷം ഒരു ദിവസമെങ്കിലും വിശ്രമിക്കുന്നത് നന്ന്. തണുപ്പ് ഏറ്റാൽ ബുദ്ധിമുട്ടുള്ളവർ തല മൂടി കെട്ടിയാൽ തൽക്കാലം പരിഹാരം. മലിനമല്ലാത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കുക മാത്രമാണ് വയറിളക്കത്തെ തടയാനുള്ള മാർഗം. പ്രതികൂല സാഹചര്യത്തിൽ പിടിപെടുന്ന പനി കടുത്തതായിരിക്കും. 

നീലിമലയും അപ്പാച്ചിമേടും 

നീലിമല കുത്തനെയുള്ള മലകയറ്റമാണ്. ഏഴു തട്ടുണ്ട്. ഒറ്റയടിക്കു മലചവിട്ടാതെ ഇടയ്‌ക്കിടെ വിശ്രമിച്ചു കയറുക. ഇടയ്‌ക്കിടെ ചുക്കുവെള്ള വിതരണ കേന്ദ്രങ്ങൾ ഉണ്ട്. അവിടെനിന്നു ദാഹമകറ്റാം. അസിഡിറ്റി, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ, വയറിന് മറ്റ് അസ്വസ്‌ഥതകൾ ഉള്ളവർ എന്നിവരൊന്നും ഉപവസിക്കരുത്. അല്ലെങ്കിൽ ഡോക്‌ടറുടെ നിർദേശ പ്രകാരം പ്രതിരോധ മരുന്നുകൾ കഴിച്ച ശേഷമേ ഉപവാസിക്കാവൂ. ഉപവാസത്തിനിടെ അസ്വാഭാവിക അസ്വസ്‌ഥതകൾ തോന്നിയാൽ ഉടൻ തന്നെ ഉപവാസം അവസാനിപ്പിച്ച് ഡോക്‌ടറെ കാണണം. തലവേദന, തലചുറ്റൽ, ക്ഷീണം, കാഴ്‌ചയ്‌ക്കു മങ്ങൽ, തളർച്ച, അമിത വിയർപ്പ് മുതലായവയാണ് സാധാരണ കണ്ടുവരുന്ന പ്രധാന പ്രശ്‌നങ്ങൾ. ആഴ്‌ചയിലൊരിക്കൽ ഉപവസിക്കുന്നത് ശാരീരിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രവണത കുറയുകയും ചെയ്യും. 

മലകയറും മുൻപ് 

. ശബരിമല ദർശനത്തിനു പോകുന്നവർ വൈദ്യ പരിശോധന നടത്തി ശാരീരികക്ഷമത ഉറപ്പാക്കണം. പ്രമേഹം, രക്‌തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ ഡോക്‌ടറെ കണ്ടു രോഗം നിയന്ത്രണ വിധേയമാണെന്ന് ഉറപ്പാക്കണം. 

. ശാരീരിക പ്രശ്‌നങ്ങളുള്ളവർ ഒരു സഹായിയെകൂടി കൊണ്ടുപോകണം. 

. ചികിൽസാ രേഖകൾ, കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ തുടങ്ങിയവ ഒപ്പം കരുതണം. 

. പമ്പയിൽ നിന്നു മല കയറുന്നതിനു മുൻപ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. കഴിയുന്നതും ഒന്നും കഴിക്കാതെ, അല്ലെങ്കിൽ ലഘുഭക്ഷണം മാത്രം കഴിച്ചു മല കയറുക. 

. സാവധാനം, ആവശ്യത്തിനു വിശ്രമിച്ചു മാത്രം മല കയറുക. കയറ്റത്തിനിടയിൽ ക്ഷീണമോ തളർച്ചയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ വിശ്രമിക്കുക. 

. മല കയറുന്നതിനിടയിൽ അമിതക്ഷീണം അനുഭവപ്പെട്ടാൽ ഗ്ലൂക്കോസോ പഴവർഗങ്ങളോ കഴിക്കുക. ധാരാളം വെള്ളം കുടിക്കണം. 

. പ്രമേഹ രോഗികൾ മല കയറുമ്പോൾ രക്‌തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകാനിടയുണ്ട്. അമിതക്ഷീണം അനുഭവപ്പെട്ടാൽ അൽപം മധുരം കഴിക്കുക. 

.മലകയറ്റത്തിനിടെ നെഞ്ചുവേദന, ശ്വാസംമുട്ടൽ, തലകറക്കം അനുഭവപ്പെട്ടാൽ അവഗണിക്കരുത്. അടുത്തുള്ള മെഡിക്കൽ സെന്ററുകളിൽനിന്നു വൈദ്യ സഹായംതേടുക. 

. ആസ്‌മയുള്ളവർ പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ഇൻഹേലറുകൾ കരുതുക. ശ്വാസംമുട്ടലുണ്ടായാൽ പാതയ്‌ക്ക് ഇരുവശവുമുള്ള ഓക്‌സിജൻ പാർലറുകളെ സമീപിക്കാവുന്നതാണ്. 

. അപസ്‌മാര രോഗികൾ ഉറക്കമിളയ്‌ക്കരുത്. രോഗം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മാത്രം മല കയറുക. 

. നേരത്തേ ഹൃദ്രോഗമുണ്ടായിട്ടുള്ളവർ മല ചവിട്ടിക്കയറുന്നതിനു പകരം ഡോളികളിൽ യാത്ര ചെയ്യുന്നതാണ് ഉചിതം. 

. യാത്രയ്‌ക്കിടയിൽ മുറിവുകളുണ്ടായാൽ ഡ്രസ് ചെയ്യാൻ വൃത്തിയുള്ള പഞ്ഞി, തുണി, ആന്റിസെപ്‌റ്റിക് ക്രീം എന്നിവ കരുതുക. 

. യാത്രയിലുടനീളം വ്യക്‌തിശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുക. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം കരുതുക. 

. പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി വേണം ദർശനം നടത്താൻ. പമ്പയും പരിസരവും മലിനമാക്കരുത്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ വേസ്‌റ്റ്‌ബോക്‌സുകളിൽ മാത്രം കളയുക. 

ഹൃദ്രോഗം, ആസ്‌ത്മ, പ്രമേഹം, രക്‌താദിസമ്മർദം എന്നീ അസുഖങ്ങളുള്ളവർ ഡോക്‌ടറെ കണ്ട് അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം യാത്രയ്‌ക്കൊരുങ്ങിയാൽ മതി. ഹൃദ്രോഗികൾ ട്രെഡ് മിൽ ടെസ്‌റ്റ് ചെയ്‌ത ശേഷം യാത്രനടത്തുന്നത് നല്ലതാണ്. പെട്ടെന്നുള്ള അധ്വാനം പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് കുറയാൻ ഇടയാക്കും. യാത്രക്കിടെ ഭക്ഷണം മുടക്കാതിരിക്കുകയും മിഠായിയോ മറ്റോ കൈവശം വയ്‌ക്കുകയും ചെയ്യുക. പ്രമേഹമുള്ളവർക്ക് സൈലന്റ് അറ്റാക്കിന് സാധ്യത ഏറെയാണ്. വ്രതത്തിന്റെ പേരിൽ മരുന്ന് മുടക്കരുത്. അധ്വാനം രക്‌തസമ്മർദം വർധിപ്പിക്കുമെന്ന് അറിയുക. മരുന്ന് മുടക്കാതിരിക്കുക. പാരസെറ്റാമോൾ, ഒആർഎസ് ലായനി എന്നിവ കയ്യിൽ കരുതുന്നതും നല്ലതാണ്.