ശരീരത്തിലെ ചെറിയ മുറിവുകൾ അവഗണിക്കരുത്; മൂന്നു വയസ്സുകാരിക്കുണ്ടായ അപകടവാസ്ഥ വെളിപ്പെടുത്തി അമ്മ

സോമര്‍സെറ്റിലെ ലിയാന എന്ന മൂന്നുവയസ്സുകാരി സുന്ദരികുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ടത് വീട്ടിലെ പൂച്ചകുട്ടിയെയായിരുന്നു. വെളുത്തു പഞ്ഞികെട്ടു പോലുള്ള അവളുടെ പൂച്ചയെ കെട്ടിപിടിച്ചാണ് ലിയാന ഉറങ്ങുന്നതുതന്നെ. അടുത്തിടെയാണ് ലിയാനയ്ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടത്‌. അസുഖം ഭേദമാകും വരെ വിശ്രമിക്കാൻ ഡോക്ടര്‍മാര്‍ നിർദേശവും നൽകി. 

അമ്മ കെല്ലിയും അച്ഛന്‍ ക്രിസ്റ്റഫറും മകൾക്ക് പരിപൂർണ വിശ്രമം നൽകി. ചിക്കന്‍ പോക്സിന്റെതായ ചില അസ്വസ്ഥതകളൊഴിച്ചാല്‍ ലിയാന തീര്‍ത്തും ആരോഗ്യവതിയായിരുന്നു. 

ഒരു ദിവസം വൈകുന്നേരം പൂച്ചകുട്ടി ചാനലുമായി കളിക്കുന്നതിനിടയില്‍ ലിയാനയുടെ കഴുത്തില്‍ ചാനലിന്റെ നഖം കൊണ്ടൊരു ചെറിയ മുറിവുണ്ടായി. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയായതുകൊണ്ട് കെല്ലി അത് കാര്യമാക്കിയില്ല. 

അന്ന് രാത്രി ലിയാനയെ ഉറക്കി കിടത്തിയ ശേഷം കെല്ലി ജോലികളൊക്കെ തീര്‍ക്കുന്നതിടയിലാണ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. മകളുടെ മുറിലെത്തിയ കെല്ലി കാണുന്നത് കഴുത്തില്‍ അമര്‍ത്തിപിടിച്ചു കരയുന്ന മകളെയാണ്. 

പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൂച്ചയുടെ നഖം കൊണ്ടുണ്ടായ മുറിവിന്റെ സ്ഥാനത്ത് ഒരു നാണയത്തോളം വലുപ്പത്തില്‍ ചുവന്നു തടിച്ചതായി കണ്ടു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ കാര്യങ്ങള്‍ നിസ്സാരമായിരുന്നില്ല. ആശുപത്രിയില്‍ എത്തി അരമണിക്കൂറിനകം ലിയാനയ്ക്ക് കടുത്ത ഛര്‍ദ്ദി ആരംഭിച്ചു. പതിയെ കുട്ടി അബോധാവസ്ഥയിലായി. 

ഡോക്ടർമാര്‍ ലിയാനയെ അടിയന്തരപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഈ സമയത്ത് ലിയാനയുടെ ശരീരം മുഴുവന്‍ ചുവന്നു തടിച്ചിരുന്നു. 

ആദ്യമൊന്നും തന്റെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കെല്ലിയ്ക്കും ഭര്‍ത്താവിനും മനസ്സിലായില്ല. എന്നാല്‍ ലിയാനയ്ക്ക് ടോക്സിക് ഷോക്ക്‌ സിന്‍ഡ്രോം( toxic shock syndrome ) ആണെന്ന് വൈകാതെ ഡോക്ടർമാർ സ്ഥിരീകരിച്ചു. 

ശരീരത്തിലെ മുറിവുകളില്‍ക്കൂടി ഉള്ളില്‍ പ്രവേശിക്കുന്ന ഒരുതരം ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന അണുബാധയാണ് ഇതിനു കാരണം. വളരെ വിരളമായി മാത്രം കുട്ടികളില്‍ കാണപ്പെടുന്ന ഈ അണുബാധയില്‍ നിന്നും ലിയാന രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ലിയാനയെ ചികിത്സിച്ച ഡോക്ടര്‍ ഒരുമാസം മുന്‍പ് സമാനമായ മറ്റൊരു കേസ് കൈകാര്യം ചെയ്തിരുന്നു. ഇതുകൊണ്ടാണ് ലിയാനയിലെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍ക്ക്‌ വേഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിഞ്ഞതെന്ന് അമ്മ കെല്ലി ഓര്‍ക്കുന്നു.  ഒരുപക്ഷേ മറ്റൊരു ക്ലിനിക്കില്‍ പോയിരുന്നെങ്കില്‍ ലിയാനയെ തങ്ങള്‍ക്കു നഷ്ടമായേനെയെന്നും കെല്ലി പറയുന്നു.

ചിക്കന്‍ പോക്സ് മൂലം ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പൂച്ചയുടെ നഖം കൊണ്ടുണ്ടായ മുറിവിലൂടെ ലിയാനയുടെ ശരീരത്തില്‍ വേഗത്തില്‍ അണുബാധയുണ്ടാകുകയായിരുന്നു. പെട്ടന്ന് തിരിച്ചറിയപ്പെടാത്ത ഈ അണുബാധയെ കുറിച്ചു ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബോധവല്‍ക്കരണങ്ങള്‍ ഇപ്പോള്‍ നൽകുന്നുണ്ട്. കെല്ലിയും ഇപ്പോള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. 

പെട്ടെന്ന് ശരീരം ചുവന്നു തടിക്കുക, വയറിളക്കം, ഛര്‍ദി, തലവേദന, പെട്ടെന്ന് ചൂട് കൂടുക എന്നിങ്ങനെയുള്ള പ്രാഥമികലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വിദഗ്ധസേവനം ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ ഒരിക്കല്‍ ഈ രോഗലക്ഷണങ്ങള്‍ ഉണ്ടായവര്‍ക്ക് ഭാവിയില്‍ വീണ്ടും ഈ അവസ്ഥ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തില്‍ മുറുവുകളോ മറ്റോ ഉണ്ടെങ്കില്‍ നല്ല ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

Read More : Health News