Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭപാത്രത്തിനുള്ളിൽ കുഞ്ഞിന് അപൂര്‍വശസ്ത്രക്രിയ; ഭൂമിയിലേക്കു പിറന്നുവീണത് വീണ്ടും പത്താഴ്ച കഴിഞ്ഞ്

eeco

ടൊറന്റോ സ്വദേശികളായ റോമിലോയും ഭര്‍ത്താവും തങ്ങളുടെ മൂന്നുമാസക്കാരി മകള്‍ ഈക്കോയുടെ വരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഈക്കോ ഇപ്പോൾ പൂര്‍ണ ആരോഗ്യവതിയാണ്. കണ്ടാല്‍ ആര്‍ക്കുമൊന്ന് ഓമനിക്കാന്‍ തോന്നുന്നത്ര ഓമനത്തമുള്ള കുഞ്ഞു. 

ഈക്കോയുടെ ഈ പാല്‍പുഞ്ചിരിക്ക് റോമിലോയും ഭര്‍ത്താവും നന്ദി പറയുന്നത് വാണ്ടെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ വിദഗ്ധരായ ഒരു സംഘം ഡോക്ടര്‍മാര്‍ക്കാണ്. 

കാരണം ഗര്‍ഭത്തിന്റെ  26–ാം ആഴ്ചയില്‍ ഉദരത്തിലുള്ള കുഞ്ഞിനു സുഷുമ്നാ നാഡിയില്‍ മാരകമായ തകരാറുണ്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും തകർന്നിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞു ജീവിതകാലം മുഴുവന്‍ ചലനശേഷിക്കുറവു കൊണ്ട് ദുരിതമനുഭവിക്കുമെന്നു കൂടി അറിഞ്ഞതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ അവര്‍ കുഴഞ്ഞു. 

സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട ജനതികവൈകല്യമായ സ്പിന ബിഫിഡ( spina bifida) എന്ന രോഗമായിരുന്നു കുഞ്ഞിൽ കണ്ടെത്തിയത്. യു എസ്സില്‍ മാത്രം ഏകദേശം 1,500 മുതല്‍ 2,000 കുട്ടികള്‍ ഒരു വർഷം ഈ രോഗവുമായി പിറക്കുന്നുണ്ടെന്നാണു കണക്കുകള്‍. കുഞ്ഞിന്റെ തലച്ചോറിനെയോ സ്പൈനല്‍ കോഡിനെയോ ബാധിക്കുന്ന തരം രോഗമാണിത്. 

ഗര്‍ഭപാത്രത്തില്‍ കുഞ്ഞു രൂപപ്പെടുന്ന ആദ്യമാസങ്ങളില്‍ത്തന്നെ ഈ അവസ്ഥ പിടിപെടാം.സുഷുമ്നാ നാഡിയിലുണ്ടാകുന്ന വിള്ളലുകള്‍ കൊണ്ട് കുഞ്ഞുങ്ങള്‍ക്ക്‌ പൂര്‍ണമായോ ഭാഗികമായോ ചലനശേഷി നഷ്ടമാകാം.

 സ്പിന ബിഫിഡയുടെ ഏറ്റവും മാരകമായ വകഭേദമായ myelomeningocele എന്ന അവസ്ഥയായിരുന്നു റോമിലോയുടെ കുഞ്ഞിന്. ഈ രോഗവുമായി കുഞ്ഞു പിറന്നാല്‍ ജീവിതകാലം മുഴുവന്‍ വീല്‍ ചെയറില്‍ കഴിയേണ്ടി വരും. ചിലപ്പോള്‍ അധികകാലം ജീവിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാകുമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. 

ഒരിക്കലും കുഞ്ഞിനെ അങ്ങനെയൊരവസ്ഥയില്‍ കാണാന്‍ അവര്‍ തയാറായിരുന്നില്ല. അങ്ങനെയാണ് 26 ആഴ്ച പ്രായമുള്ള കുഞ്ഞിന് അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. വാണ്ടെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഒരുസംഘം ഫീറ്റല്‍ വിദഗ്ധര്‍, ന്യൂറോസര്‍ജന്‍മാര്‍, ഹൃദ്രോഗവിദഗ്ധര്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ നടത്തുന്ന അപൂര്‍വം ശസ്ത്രക്രിയകളില്‍ ഒന്നാണ് ഇത്. 

ഈ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ നടത്തുന്ന ശസ്ത്രക്രിയയെക്കാള്‍ കൂടുതല്‍ ഫലപ്രദം ഗര്‍ഭസ്ഥശിശുക്കളില്‍ നടത്തുന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്ക് റോമിലോയെ വിധേയയാക്കിയതും. സങ്കീര്‍ണമായ ഈ സര്‍ജറി നടത്തുമ്പോള്‍ ഉദരത്തിലുള്ള കുഞ്ഞിനും അമ്മയ്ക്ക് നല്‍കുന്ന പോലെ തന്നെ ചെറിയ അളവില്‍ അനസ്തേഷ്യ നല്‍കാറുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ മുറിവുണ്ടാക്കി അംനിയോട്ടിക് ദ്രവത്തിനു ക്ഷതം സംഭവിക്കാതെ വളരെ ശ്രദ്ധാപൂര്‍വമാണ് ഈ ശസ്ത്രക്രിയ നടത്തുക. 

ശസ്ത്രക്രിയ കഴിഞ്ഞു പത്താഴ്ച കഴിഞ്ഞാണ് ഈക്കോ പിറന്നത്‌. കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തില്‍. ദൈവാനുഗ്രഹം കൊണ്ട് ഈക്കോ ഇപ്പോള്‍ പൂര്‍ണാരോഗ്യവതിയാണ്. ഈ മാസം മൂന്നാം മാസത്തിലേക്ക് കടക്കുന്ന ഈക്കോയുടെ വരവ് ഗംഭീരമായി ആഘോഷിക്കാന്‍ തയാറെടുക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.

Read More : ആരോഗ്യവാർത്തകൾ

related stories