ഉറക്കം– ശരീരത്തിന്റെ ശരിയായ ആരോഗ്യസ്ഥിതി നിലനിർത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഉറക്കം കൂടിയാലും കുറഞ്ഞാലും നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിവയ്ക്കും. എന്നാൽ ഉറങ്ങിയാൽ നിങ്ങൾ അപ്പോൾതന്നെ മരിക്കുമെന്നു കേട്ടാലോ? അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുകയാണ് ലണ്ടനിലെ റോബർട്ട്– സിൽവിയ ദമ്പതികളുടെ മകളായ നാലു വയസ്സുകാരി പൗല ടെക്സെയ്റ.
നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൃത്രിമ ബീജസങ്കലനത്തിലൂടെ ലഭിച്ച കൺമണി ഉറങ്ങിപ്പോകാതെ കാത്തിരിക്കുകയാണ് ഈ അച്ഛനും അമ്മയും. ഓൺഡൈൻ സിൻഡ്രോം(Ondine Syndrome) എന്ന അപൂർവ രോഗമാണ് കുഞ്ഞിന്റെ അവസ്ഥയ്ക്കു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ രോഗം പിടിപെടുന്നവർ ഉറങ്ങിയാൽ ഉടൻ ശ്വാസം നിലയ്ക്കും. ലോകത്തിൽ 1000 മുതൽ 1200 പേർക്കുവരെ മാത്രമുള്ള രോഗമാണിത്.
പകൽ സമയങ്ങളിൽ സാധാരണ കുട്ടികളെപ്പോലെ സ്കൂളിൽ പോകുകയും കളിക്കുകയും ചെയ്യാറുണ്ട് പൗല. രാത്രിയാകുമ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴുത്തിൽ ഘടിപ്പിച്ച ട്യൂബ് വഴി ഓക്സിജൻ നൽകും. ഇത് ഒരുപകരണമായതിനാൽ എപ്പോൾ വേണമെങ്കിലും തകരാർ സംഭവിക്കാമെന്ന ഭീതിയുള്ളതിനാൽ നാലു വർഷമായി രാത്രിയിൽ ഉറങ്ങാതെ മകൾക്കു കാവലിരിക്കുകയാണ് ഈ അച്ഛനും അമ്മയും.
Read More : Health News