Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനിടയില്‍ ഹൃദയമിടിപ്പ്‌ നിലച്ചു; ജീവിതത്തിലേക്കു മടങ്ങി വന്നെങ്കിലും ഓർമയിൽ ഇപ്പോൾ 13 വയസ്സ്, മക്കളെപ്പോലും മറന്ന് 22കാരി

shannon

സൗത്ത് വെയ്ൽസ് സ്വദേശിയായ 22കാരി ഷാനോന്‍ എവെരെറ്റും കാമുകന്‍ ലോഡ്സും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിലാണ് രാത്രി പെട്ടെന്നുണ്ടായ രക്തസ്രാവം കാരണം അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേഷിപ്പിച്ച് ഷാനോനെ ഡോക്ടർമാര്‍ പ്രസവത്തിനായി ലേബര്‍ റൂമിലേക്ക്‌ ഉടന്‍ മാറ്റി. അമ്നിയോട്ടിക് ഫ്ലൂയിഡ് നഷ്ടമായതോടെ ഷാനോനിന്റെ നില അതീവഗുരുതരമായിരുന്നു. 

ലേബര്‍ റൂമില്‍ ലോഡ്സും ഷാനോനിന്റെ അമ്മ നിക്കോളയും ആശ്വാസത്തിനായി ഉണ്ടായിരുന്നു. അമ്മയുടെയും കാമുകന്റെയും കൈപിടിച്ചു താന്‍ അവരെ വളരെയധികം സ്നേഹിക്കുന്നു എന്ന് ഷാനോന്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ പ്രസവത്തിനിടയില്‍ അപ്രതീക്ഷിതമായി ഷാനോനിന്റെ ബോധം നഷ്ടമായി. ഹൃദയമിടിപ്പ് നിലച്ചു. ഡോക്ടർമാര്‍ എത്ര ശ്രമിച്ചിട്ടും ബോധത്തിലേക്കു തിരിച്ചു വരുന്നുണ്ടായിരുന്നില്ല. ഉടന്‍ കുഞ്ഞിനെ ഫോഴ്സ്പസ് കൊണ്ട് ഡോക്ടർമാര്‍ പുറത്തെടുത്തു. അമ്മയെ വെന്റിലേറ്ററിലേക്കും മാറ്റി.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഷാനോനിന്റെ ജീവന്‍ നിലനിര്‍ത്താനായിരുന്നു ഡോക്ടര്‍മാര്‍ ശ്രമിച്ചത്. 

ഒടുവില്‍ 68 മിനിറ്റ് നേരത്തെ നിരന്തരമായ പരിശ്രമങ്ങള്‍ക്കു ശേഷം ഷാനോന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ഹൃദയമിടിപ്പ് നിന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം ഉണ്ടായിക്കാണുമെന്നും അതുകൊണ്ട് ഷാനോനിന് ഗുരുതരമായ ഓര്‍മക്കുറവ്  സംഭാവിക്കാനോ ശരീരം തളര്‍ന്നു പോകാനോ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പു നല്‍കിയിരുന്നു. 

ജീവിതത്തിലേക്കു തിരിച്ചു വന്ന ഷാനോനിന് അവളുടെ 13 വയസ്സ്  വരെയുള്ള കാര്യങ്ങള്‍ മാത്രമേ ഓർമയുള്ളു.13–ാംവയസ്സില്‍ കുടുംബം കഴിഞ്ഞിരുന്ന വീട്, സ്ഥലം എല്ലാമവള്‍ നന്നായി ഓര്‍മിച്ചു. എന്നാല്‍ തനിക്ക് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നോ, കാമുകനെയോ ഒന്നുമവള്‍ ഓര്‍ക്കുന്നില്ല. കുഞ്ഞുമകന്‍ നിക്കോയെയോ ആദ്യത്തെ കുട്ടിയായ മൂന്നുവയസ്സുകാരി മിക്കയെയോ പറ്റിയുള്ള ഒരു ഓര്‍മ്മകളും അവളില്‍ അവശേഷിച്ചിരുന്നില്ല. 

രണ്ടാഴ്ചക്കു ശേഷം ഷാനോന്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയി. ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്‌. ശരീരത്തിന് സ്വാധീനക്കുറവ് സംഭവിച്ചതിനാല്‍ ഫിസിയോതെറാപ്പി തുടരുന്നുണ്ട്. ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത്ര ശ്രദ്ധയോടെയാണ് ഷാനോനിനെ പരിപാലിക്കേണ്ടതെന്ന് അമ്മ പറയുന്നു. കാമുകനും ഷാനോനിന്റെ രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസം.  

പലവട്ടം കാമുകനെ കുറിച്ചും അവള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ കുറിച്ചും പറഞ്ഞിട്ടും അതൊന്നും ഷാനോനിന്റെ ഓര്‍മകളില്‍ പോലുമില്ലെന്നാണ് അമ്മ പറയുന്നത്. എങ്കിലും അവള്‍ സുഖപ്പെടുന്നതും കാത്തിരിക്കുകയാണ് അവരെല്ലാം. ഇടയ്ക്കിടെ കുഞ്ഞുങ്ങളെ അവള്‍ക്കരികില്‍ കൊണ്ടു വന്ന് അവരുടെ സാന്നിധ്യം അറിയിച്ച് പഴയ ഓര്‍മകളിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്.

തലച്ചോറിനെ ബാധിച്ച വൈകല്യം അവളുടെ കാഴ്ചശക്തിയും ഏറെക്കുറെ നശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരെയും ഒരു നേരിയ നിഴല്‍ പോലെയാണ് കാണുന്നത്‌. നിരന്തരമായ പരിശ്രമത്താൽ ഷാനോനിന് ഇപ്പോള്‍ എഴുന്നേറ്റിരിക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും സാധിക്കുന്നുണ്ട്. നിക്കോളയ്ക്ക് ഷാനോനിനെ കൂടാതെ സുഖമില്ലാത്ത മറ്റൊരു മകള്‍ കൂടിയുണ്ട്. ഷാനോനിന്റെ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായതിനാല്‍ ചികിത്സാസഹായത്തിനായി ഇവര്‍ ഫണ്ട്‌ സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ്. ഷാനോനിന്റെ കുഞ്ഞുങ്ങള്‍ക്കും കാമുകന്‍ ലോഡ്സിനും തങ്ങള്‍ കഴിയുന്ന സ്ഥലത്തിനു അടുത്തു മറ്റൊരു വീട് കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ഈ കുടുംബം. ഇത് ഷാനോനിന്റെ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നവര്‍ പറയുന്നു. എത്ര ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും തങ്ങള്‍ക്കു പഴയ ഷാനോനിനെ ഒരുനാള്‍ മടക്കികിട്ടുമെന്ന് തന്നെയാണ് ഇവരുടെയെല്ലാം പ്രതീക്ഷ.

Read More : ആരോഗ്യവാർത്തകൾ

related stories