Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വർഷത്തിനിടയിൽ മൂന്നു രൂപത്തിൽ കാൻസർ; പൊരുതി ജയിച്ച ജെന്നിക്ക് അർബുദരോഗികളോടു പറയാനുള്ളത്

jenni

കാന്‍സര്‍ എന്നു കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് കൂടുതലും. മറ്റേതു രോഗത്തെക്കാളും മാരകമാംവിധം അത് നമുക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാന്‍സര്‍ വന്നാല്‍ ജീവിതം അവസാനിച്ചു എന്നാണു മിക്ക രോഗികളുടെയും ചിന്ത. എന്നാല്‍ ചിലർ അതിനെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കൊണ്ട് പൊരുതിതോല്‍പ്പിക്കും. കാന്‍സര്‍ നമ്മെയല്ല, നമ്മൾ കാന്‍സറിനെയാണു തോൽപ്പിക്കേണ്ടതെന്ന് അവര്‍ നമുക്കു ജീവിതം കൊണ്ടു പറഞ്ഞു തരും. ജെന്നി സ്വാമിനാഥന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇതിനൊരുദാഹരണമാണ്. 

ചുറ്റുമുള്ളവര്‍ക്കെല്ലാം വെളിച്ചം വിതറുന്നൊരു പെണ്‍കുട്ടി- ഒറ്റ വാചകത്തില്‍ ജെന്നിയെ അങ്ങനെ വിശേഷിപ്പിക്കാം. കാന്‍സര്‍ നമ്മുടെ ശരീരത്തില്‍ പിടിമുറുക്കി എന്നറിയുമ്പോള്‍ തളര്‍ന്നു പോകുന്നവരാണ് മിക്കവരും. എന്നാല്‍ മനോബലം കൊണ്ടു ജെന്നി കാന്‍സറിനെ അതിജീവിച്ചത് മൂന്നു വട്ടമാണ്. മറ്റു രോഗികളിൽനിന്നു ജെന്നിയെ വേറിട്ടു നിര്‍ത്തുന്നതും ഈ അപാരമായ ധൈര്യമാണെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടർമാര്‍ പറയുന്നു.

2015 ഓഗസ്റ്റിലാണ് ജെന്നിയുടെ ജീവിതം വഴിമാറിയത്. ജെന്നിയില്‍ കാന്‍സറിന്റെ നീരാളിക്കരങ്ങള്‍ പിടിമുറുക്കിയെന്നു ഡോക്ടർമാര്‍ കണ്ടെത്തിയത് അന്നാണ്. ഓവേറിയന്‍ കാന്‍സര്‍ ആയിരുന്നു ജെന്നിക്ക്. കീമോതെറാപ്പിക്കു മുൻപ് ഒരു ശസ്ത്രക്രിയയാണ് അവളുടെ ഡോക്ടറായ ശിശിര്‍ ഷെട്ടി നിര്‍ദേശിച്ചത്. അതിനു ശേഷം കീമോ ആരംഭിച്ചു. ആ സമയത്താണ് ജെന്നിക്ക് കടുത്ത ബ്ലീഡിങ് ആരംഭിച്ചത്. തുടര്‍പരിശോധനകളില്‍ അവള്‍ക്കു Utero-vaginal fistula സ്ഥിരീകരിച്ചു. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയ. ഇതിനിടയിലാണ് ഗാള്‍ ബ്ലാഡറിനും കിഡ്നിയ്ക്കും ഇടയില്‍ മറ്റൊരു ട്യൂമര്‍ കണ്ടെത്തിയത്. ഇതിനും വേണ്ടി വന്നു ഒരു ശസ്ത്രക്രിയ. 

2016 മാര്‍ച്ച്‌–ഏപ്രില്‍ മാസങ്ങള്‍ ജെന്നിക്ക് കീമോതെറാപ്പിയുടെ കാലമായിരുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷം ജെന്നി ബ്രേക്ക്‌ എടുത്ത് നേരെ ഷിമോഗയിലേക്കു പോയി. ബാക്കി ചികിത്സ അവിടെ തുടരാനായിരുന്നു തീരുമാനം.  തനിക്കൊരു മാറ്റം ആവശ്യമാണെന്നും അവൾ വിശ്വസിച്ചു. ചായോ കാപ്പിയോ പോലും കുടിക്കാതെ ചിട്ടയോടെയുള്ള ഡയറ്റ് ആയിരുന്നു ആ സമയം ജെന്നി പിന്തുടര്‍ന്നത്‌.

കാര്യങ്ങള്‍ സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് 2016 ഡിസംബറില്‍ ശ്വാസകോശാര്‍ബുദത്തിന്റെ രൂപത്തില്‍ രോഗം വീണ്ടും ജെന്നിയെ പിടികൂടിയത്. 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം വീണ്ടും കീമോയുടേതായി. ഇടയ്ക്കുണ്ടായ ശക്തമായ രക്തസ്രാവം ജെന്നിയെ പലപ്പോഴും അബോധാവസ്ഥയില്‍ എത്തിച്ചു. 

ആയിടെയാണ് തന്റെ ചെവിയില്‍ വല്ലാത്ത മൂളല്‍ പോലെ ജെന്നിക്കു തോന്നിത്തുടങ്ങിയത്. മുഖത്തിന്റെ ഇടതുവശത്ത്‌ എന്തോ പ്രശ്നമുള്ളതായും അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെ 2017 ജൂലൈയില്‍ എംആര്‍ഐ സ്കാൻ ചെയ്തു. കിട്ടിയ റിപ്പോർട്ട് സന്തോഷം നൽകുന്നതായിരുന്നില്ല. ജെന്നിക്ക് തലച്ചോറില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു; ശ്വാസകോശാര്‍ബുദത്തിന്റെ ബാക്കിപത്രം.

ശ്വാസകോശാര്‍ബുദത്തിനു ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ നടക്കുമ്പോള്‍ത്തന്നെ ബ്രെയിന്‍ കാന്‍സറിന്റെ സാധ്യതയെക്കുറിച്ച് ഡോക്ടർമാര്‍ മുന്നറിയിപ്പു തന്നിരുന്നെന്നു ജെന്നി പറയുന്നു. 

അവിടുത്തെ ഡോക്ടർമാരുടെ നിര്‍ദേശപ്രകാരമാണ് ജെന്നി പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധനായ ഡോ. അദ്വാനിയുടെ അടുത്തെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചികിൽസയിൽ കാന്‍സറിനോട് സന്ധിയില്ലാ സമരം ചെയ്യുകയാണ് ജെന്നി. ദുബായില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവും  പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകനും അടങ്ങിയതാണ് ജെന്നിയുടെ കുടുംബം. കടന്നു വന്ന വഴികളെക്കുറിച്ചും ചികിത്സയുടെ ഘട്ടങ്ങളെക്കുറിച്ചുമെല്ലാം ജെന്നി മകനോടു പറയാറുണ്ട്‌. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും സഹകരണവുമാണ് ഏറ്റവും വലിയ ഊര്‍ജമെന്ന് ജെന്നി പറയുന്നു. മുംബൈയിൽ താമസിക്കുന്ന ജെന്നി ചികിത്സയുടെ ഭാഗമായി യാത്രകള്‍ ചെയ്യുന്നതും കാര്യങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം പലപ്പോഴും ഒറ്റയ്ക്കാണ്. എത്രത്തോളം സ്‌ട്രെസ് കുറയ്ക്കാന്‍ കഴിയുമോ അത്രയും ജീവിതം സുന്ദരമാകും. ഇതാണ് എല്ലാവരോടും ജെന്നിക്കു പറയാനുള്ളത്. 

‘സത്യത്തില്‍ ഞാന്‍ ധൈര്യശാലിയായിരുന്നില്ല. ജീവിതത്തില്‍ നേരിടുന്ന എല്ലാ അവസ്ഥകള്‍ക്കും നമ്മള്‍ മാത്രമാണ് ഉത്തരവാദി എന്ന തിരിച്ചറിവാണ് എന്നെ ഇത്രത്തോളം ആത്മവിശ്വാസമുള്ളവളാക്കിയത്. ഒരുകാലത്ത് വല്ലാത്ത ടെന്‍ഷന്‍ അടിക്കുന്ന സ്വഭാവക്കാരിയായിരുന്നു. ആര്‍ത്തവം ക്രമമായി വരാനും മറ്റും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകള്‍ കഴിച്ചിരുന്നു. ഒരുപക്ഷേ ഇതെല്ലാം വിപരീതഫലം നല്‍കിയിട്ടുണ്ടാകാം’ - ജെന്നി പറയുന്നു. 

‘റേഡിയേഷന്‍ ആരംഭിച്ചതോടെ മുടി കൊഴിയാൻ തുടങ്ങി. ആദ്യമൊക്കെ അതു വിഷമിപ്പിച്ചിരുന്നു. പിന്നെ ഞാന്‍ തന്നെ മുടി മുഴുവന്‍ ഷേവ് ചെയ്തു കളഞ്ഞു. കണ്‍പീലികളിലെയും പുരികത്തിലെയും രോമങ്ങള്‍ ഇടയ്ക്കിടെ കൊഴിയും. ഇതൊക്കെ ചികിത്സയുടെ ഭാഗമാണെന്നു ചിന്തിച്ചാൽത്തന്നെ പ്രശ്നങ്ങള്‍ തീരും. മറ്റുള്ളവരിലേക്ക് എത്രത്തോളം പ്രകാശവും കരുണയും നിറയ്ക്കാന്‍ സാധിക്കുന്നുവോ അതാണ്‌ ഒരാളുടെ യഥാര്‍ഥസൗന്ദര്യം’ - ജെന്നിയുടെ വാക്കുകളിൽ കരുത്തും ആത്മവിശ്വാസവും തെളിയുന്നു. ജെന്നിയെ വേറിട്ടവളാക്കുന്നതും ഇതുതന്നെയാണ്.

Read More : Health News