Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകുകടിയുടെ അനന്തരഫലം; ബലൂണ്‍ പോലെ വീര്‍ത്ത കാലുമായി നടക്കാൻ കഴിയാതെ ഏഴു വയസ്സുകാരി

thahira

ഏഴു വയസ്സുകാരി താഹിറ ഖാന്‍ എന്ന കൊച്ചു പെണ്‍കുട്ടിയ്ക്കൊരു സ്വപ്നമുണ്ട്. തന്റെ കൂട്ടുകാര്‍ക്കൊപ്പം ഒരു സാധാരണകുട്ടിയെ പോലെ നടക്കണമെന്ന്. പക്ഷേ മാസങ്ങളായി പുറംലോകം കാണാതെ ബലൂണ്‍ പോലെ വീര്‍ത്ത വലതുകാലുമായി വേദനയനുഭവിച്ച് കഴിയുന്ന താഹിറയ്ക്ക് അറിയില്ല തന്റെ സ്വപ്നം പൂവണിയുമോ എന്ന്. 

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് താഹിറ എന്ന കൊച്ചു പെണ്‍കുട്ടിയുടെ കുടുംബം കഴിയുന്നത്‌. ബസര്‍ ഖാന്റെയും തൂര്‍പൈക്കി ഖാന്റെയും എട്ടാമത്തെ കുട്ടിയാണ് താഹിറ.  ജനിച്ച് അധികംനാളുകള്‍ കഴിയും മുന്‍പേ താഹിറയ്ക്കു കാലിന് എന്തോ പ്രശ്നമുണ്ടെന്നു മാതാപിതാക്കള്‍ക്ക് തോന്നിയിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും താഹിറ

 വളര്‍ന്നു വരുന്തോറും വലതുകാലിനു വല്ലാതെ തടിപ്പ് തോന്നി തുടങ്ങി. അങ്ങനെയാണ് അവര്‍ ഡോക്ടറെ കാണിച്ചത്. 

താഹിറയ്ക്ക് Elephantiasis അഥവാ മന്തു രോഗം ആണെന്നു ഡോക്ടർമാര്‍ സ്ഥിരീകരിച്ചതോടെ താഹിറയുടെ കുടുംബം നിരാശയിലായി. കൊതുകുകള്‍ പരത്തുന്ന ഒരുതരം പാരസൈറ്റ് ബാധ നിമിത്തമാണ് ഈ രോഗം ഉണ്ടാകുന്നത്.

 മാസങ്ങള്‍ കടന്നു പോകുന്തോറും താഹിറയുടെ അവസ്ഥ മോശമാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി അവളുടെ വലതു കാല്‍ സാധാരണവലിപ്പത്തില്‍ നിന്നും മൂന്നിരട്ടി ഭാരമേറിയതായി. ഇതോടെ താഹിറയുടെ ജീവിതം കട്ടിലില്‍ തന്നെയായി. 

നില്‍ക്കാനോ നടക്കാനോ പരസഹായം ആവശ്യമായത്തോടെ താഹിറയുടെ സ്കൂള്‍ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. 

വീടിനു സമീപത്തായി പെട്ടിക്കട നടത്തുന്ന പിതാവിന്റെ തുച്ഛ വരുമാനത്തില്‍ നിന്നും മകളുടെ ചികിത്സയ്ക്കായി വന്നേക്കാവുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തണം എന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം. കടുത്ത വേദനയില്‍ കഴിയുന്ന മകള്‍ക്ക് ഇസ്ലമാബാദിലോ കറാച്ചിയിലോ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. ഇതിനായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷിച്ചിരിക്കുകയാണ് ഈ നിര്‍ധനകുടുംബം.

കഴിഞ്ഞ രണ്ടുമാസമായാണ് താഹിറയ്ക്ക് തീര്‍ത്തും നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായതെന്നു അവളുടെ 29 കാരനായ മൂത്ത സഹോദരന്‍ പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി ഇതുവരെ തങ്ങള്‍ക്കുള്ളതെല്ലാം ഈ കുടുംബം ചെലവാക്കി. താഹിറയുടെ അമ്മയുടെ ആകെയുള്ള സമ്പാദ്യമായ ആഭരണങ്ങള്‍ എല്ലാം അവളുടെ ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. എത്ര കഷ്ടപ്പാടുകള്‍ അനുഭവിച്ചാലും മകള്‍ സാധാരണകുട്ടികളെ പോലെ നടക്കുന്നതും സ്കൂളില്‍ പോകുന്നതും കാണുക മാത്രമാണ് തങ്ങളുടെ ഒരേയൊരു ആഗ്രഹമെന്ന് മാതാപിതാക്കള്‍ കണ്ണീരോടെ പറയുന്നു.

Read More : ആരോഗ്യവാർത്തകൾ

related stories