24 വര്‍ഷമായ ഭ്രൂണത്തില്‍ നിന്ന് 26കാരിക്ക് കുഞ്ഞ്

വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരവധി വന്ധ്യതാചികിത്സകള്‍ നടത്തിയിട്ടും ഒരു കുഞ്ഞെന്ന സ്വപ്നം സഫലമാകാതെ വന്നപ്പോഴാണ് ടെന്നിസ്സി സ്വദേശികളായ ടിനയും ബെഞ്ചമിന്‍ ഗിബ്‌സണും ഒരു ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന ചികിത്സയെ കുറിച്ച് അറിയാനിടയായത്‌.

 പുരുഷന്മാരില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന സിസ്റ്റിക്ക് ഫൈബ്രോസിസ് (cystic fibrosis) ആയിരുന്നു 33 കാരനായ ബെഞ്ചമിന്‍ ഗിബ്‌സന്റെ പ്രശ്നം. ചികിത്സകള്‍  അനേകം നടത്തിയെങ്കിലും ഫലമില്ലാതെ വന്നതോടെ ഇനിയൊരു കുഞ്ഞിനെ ദത്തെടുക്കാം എന്ന തീരുമാനത്തില്‍ ഈ ദമ്പതികള്‍ എത്തിയിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് എംബ്രിയോ അഡോപ്ഷന്‍ (embryo adoption)  എന്നൊരു നൂതന ചികിത്സാരീതിയെ കുറിച്ചു ടിനയുടെ പിതാവ് ഇവരോട് പറയുന്നത്. 

അതോടെ ഇതിനെക്കുറിച്ചു കൂടുതല്‍ അറിയാനുള്ള ശ്രമത്തിലായി‍. അങ്ങനെയാണ് ഫെര്‍ട്ടിലിറ്റി  സെന്ററില്‍ ടീന 2016 ഓഗസ്റ്റില്‍  ഭ്രൂണം ദത്തെടുക്കാനുള്ള അപേക്ഷ നല്‍കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനിടയിലാണ് 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണമാണ് തനിക്കായി ഉപയോഗിക്കാന്‍ പോകുന്നതെന്ന് ടീനയോട് ഡോക്ടര്‍ കരോള്‍ സോമ്മര്‍ഫെല്റ്റ് പറയുന്നത്.

1992 ഒക്‌ടോബര്‍ 14 മുതല്‍ ശീതകരിച്ചു സൂക്ഷിച്ച ഭ്രൂണമാണ് 26 കാരിയായ ടിനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചത്. 

ടെന്നിസ്സിയിലെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ നിന്നാണ് ടിനയ്ക്ക് വേണ്ട ഭ്രൂണം എടുത്തത്. കഴിഞ്ഞ മാര്‍ച്ച്‌  13 നായിരുന്നു 26 കാരിയായ ടിനയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചത്. 

കഴിഞ്ഞ നവംബറില്‍ തങ്ങളുടെ ജീവിതത്തിലേക്കു വന്ന കുഞ്ഞുമാലാഖയുമായി സന്തോഷത്തോടെ കഴിയുകയാണ് ടിനയും ഭര്‍ത്താവും ഇപ്പോള്‍. എമ്മ വ്രെന്‍ ഗിബ്സണ്‍ എന്നാണു കുഞ്ഞിന്റെ പേര്. ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നുമൊരു കുഞ്ഞു പിറന്നതെന്നു ഡോക്ടർമാര്‍ പറയുന്നു. 

20 വര്‍ഷമായി സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും 2011 ല്‍ ന്യൂയോര്‍ക്ക്‌ സ്വദേശിയായ യുവതിക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചതായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്‌. എന്നാല്‍ ഇത്രയും കൂടുതല്‍ കാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും വിജയകരമായി ഒരു കുഞ്ഞിനെ നല്‍കാന്‍ സാധിച്ചതുതന്നെ ഈ രംഗത്ത് വന്‍വിപ്ലവമാണെന്ന് ടിനയുടെ ഡോക്ടര്‍ സോമ്മര്‍ഫെല്റ്റ് പറയുന്നു. 

കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന അനേകം ദമ്പതികള്‍ക്ക് ഇതൊരു സന്തോഷവാര്‍ത്ത തന്നെയാണെന്നും അദ്ദേഹം പറയുന്നു. ടിനയ്ക്ക് നല്‍കിയ ഭ്രൂണം ആരുടെയായിരുന്നു എന്നത് രഹസ്യമായി സൂക്ഷിക്കുമെന്നും ഇവര്‍ പറയുന്നു. എന്തായാലും റെക്കോര്‍ഡ്‌ ഉടമയായ തങ്ങളുടെ കുഞ്ഞുമകള്‍ എമ്മയ്ക്കൊപ്പം  ജീവിതം  ആസ്വദിക്കുകയാണ് ഇപ്പോള്‍ ടിനയും ബെഞ്ചമിന്‍ ഗിബ്‌സണും.