മൂന്നു വയസ്സുകാരനെ വിളിച്ചുണര്‍ത്താന്‍ അമ്മ എത്തുമ്പോൾ കണ്ടത് ചര്‍ദ്ദിയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ. ഹള്‍ സ്വദേശിയായ ലിനി സ്മിത്തിനും ഭര്‍ത്താവിനും 2016 നവംബറിലെ ആ പ്രഭാതത്തിന്റെ ഓർമകൾ നൽകുന്നത് ഇപ്പോഴും ഉള്ളിലൊരു ഞെട്ടലാണ്. ഒപ്പം മകനെ തിരികെ കിട്ടിയതിലുള്ള ആശ്വാസവും. ഒന്നു വൈകിയെങ്കില്‍ മകന്‍ ഫ്രെഡിയെ തന്നെ നഷ്ടമാകുമായിരുന്നു ഇവർക്ക്. ഫ്രെഡിയുടെ ഈ രോഗാവസ്ഥ നിങ്ങളുടെ കുഞ്ഞിനു പോലും വരാം.
ഏതൊരു സാധാരണ ദിവസത്തെയും പോലെയായിരുന്നു അന്നും ലിനി സ്മിത്തിന്. രാവിലെ മകന്‍ ഫ്രെഡിയെ നഴ്സറിയിലേക്ക് വിടാനുള്ള തയാറെടുപ്പിലായിരുന്നു അവർ. നേരം ഏറെ കഴിഞ്ഞിട്ടും ഫ്രെഡി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതെ വന്നപ്പോഴാണ് ലിനി മകനെ വിളിച്ചുണര്‍ത്താന്‍ അവന്റെ അരികിലെത്തിയത്. ഛര്‍ദ്ദിച്ചു തളര്‍ന്ന് അനക്കമില്ലാതെ കിടക്കുന്ന മകനെയാണ് ലിനി കണ്ടത്.
കടുംനിറത്തിലെ ഛര്‍ദ്ദിയില്‍ ചലനമില്ലാതെ കിടന്ന ഫ്രെഡിയെ ഉടൻ കുട്ടികൾക്കുള്ള അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫ്രെഡിയുടെ മൂത്രത്തില്‍ പോലും രക്തം കാണുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍, ഒപ്പം കടുത്ത പനിയും.
ഫ്രെഡിയെ അള്‍ട്രാസൗണ്ട് സ്കാനിങ്ങിനു വിധേയമാക്കിയതോടെയാണ് കാര്യങ്ങളുടെ ഗൗരവം ചുരുൾനിവർത്തിയത്.18 മാസം മുതല്‍ മൂന്നു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളിൽ കാണുന്ന ഒരു രോഗാവസ്ഥയായിരുന്നു ഫ്രെഡിക്ക്. കുടലില്‍ ഉണ്ടാകുന്ന ഒരുതരം സങ്കോചാവസ്ഥയാണിത്(Intussusception). കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിലേക്ക് അമരുമ്പോൾ ഉണ്ടാകുന്ന തടസ്സമാണ് ഇതിനെ ഗുരുതരമാക്കുന്നത്. കുടല്‍ഭിത്തികളില്‍ ഇങ്ങനെയുണ്ടാകുന്ന സമ്മര്‍ദം രക്തപ്രവാഹത്തെ തടയും. ശരീരത്തില്‍ അതിവേഗം പടരുന്ന അണുബാധ തുടങ്ങിയ ഗുരുതരാവസ്ഥയാണ് ഫലം. ഫ്രെഡിക്ക് ഉടനടി ഡോക്ടര്‍മാര്‍ നടത്തിയ രണ്ടു ശസ്ത്രക്രിയകളാണ് ജീവന്‍ രക്ഷിച്ചത്.
ഒരാഴ്ചയ്ക്കു ശേഷം ഫ്രെഡിക്കു ആശുപത്രി വിടാന്‍ സാധിച്ചെങ്കിലും കുറച്ചു നാളത്തേക്ക് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ ജീവന്‍ രക്ഷിച്ചതില്‍ ഈസ്റ്റ് യോര്‍ക്‌ഷർ എന്‍എച്ച്എസ് ആശുപത്രിയിലെ ഡോക്ടർമാര്‍ക്ക് നന്ദി പറയുകയാണ് ലിനിയും ഭര്‍ത്താവും. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി എന്നിവയൊന്നും ശ്രദ്ധിക്കാതെ വിടരുതെന്നാണ് ഈ അനുഭവത്തിൽ നിന്ന് ലിനി മറ്റു മാതാപിതാക്കൾക്കു നൽകുന്ന മുന്നറിയിപ്പ്. വയറ്റില്‍ വേദനയുടെ ലക്ഷണങ്ങൾ കുഞ്ഞു കാട്ടിയാലോ, അതു നീണ്ടു നിന്നാലോ സമയം വൈകാതെ ഡോക്ടറെ സമീപിക്കണം. 18 മാസം മുതല്‍ മൂന്നു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാവുമ്പോൾ പ്രത്യേകിച്ചും.
Read More : ആരോഗ്യവാർത്തകൾ