കൂട്ടുകാരുടെ കയ്യിൽ നിന്ന് തമാശയ്ക്കോ കൗതുകത്തിനോ ആകും സിഗരറ്റ് വാങ്ങി ഒന്നു വലിച്ചു നോക്കുന്നത്. എന്നാൽ വെറുതെ ഒരു രസത്തിന് ഒരു പുക എടുക്കുന്നവർ പുകവലിക്ക് അടിമപ്പെടുമെന്ന് ഒരു പഠനം പറയുന്നു. ഇങ്ങനെ ഒരു പുക വലിക്കുന്ന അഞ്ചിൽ മൂന്നു പേരും പുകവലി ശീലമാക്കും എന്നാണു ഗവേഷകർ പറയുന്നത്.
ക്യൂൻ മേരി സർവകലാശാല ഗവേഷകനായ പ്രൊഫസർ പീറ്റർ ഹാജേക്കിന്റെ നേതൃത്വത്തിൽ 215000 പേരിലാണ് പഠനം നടത്തിയത്.
ഒരു പരീക്ഷണമെന്ന നിലയില്‍ ഒരു പുക എടുക്കുന്നവർ വളരെ പെട്ടെന്നു തന്നെ പുകവലി ശീലമാക്കുമെന്നു പഠനം പറയുന്നു.
ഒരിക്കലുള്ള പുകവലിയും പുകവലി ശീലവും തമ്മിലുള്ള ബന്ധം അറിയാൻ യു കെ, യു എസ് എ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് സർവേകൾ പരിശോധിച്ചു. 68.9 ശതമാനം പേരും ദിവസവും പുകവലിക്കുന്ന ശീലം ഉള്ളവരായി മാറിയെന്ന് സർവേ ഫലം പറയുന്നു.
ഇ സിഗരറ്റുകൾ സാധാരണ സിഗരറ്റിനെപ്പോലെ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഇത് ശരിയല്ല. ഇ സിഗരറ്റുകൾ വെറുതെ വലിച്ചു നോക്കുന്നയാൾ സിഗരറ്റിന് അടിമയാകുന്നില്ല. എന്നാൽ സാധാരണ സിഗരറ്റ് ഒരു രസത്തിന് വലിക്കുന്നയാൾ അധികം വൈകാതെ തന്നെ പുകവലി ശീലമാക്കുന്നുവെന്ന് നിക്കോട്ടിൻ ആൻഡ് ടുബാക്കോ റിസേർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.
Read More : Health News