എം.ആർ.ഐ. സ്കാനിങ്; ചില മുന്‍കരുതലുകള്‍

എം.ആർ.ഐ. സ്കാൻ ചെയ്യുന്ന മെഷീനില്‍ കുടുങ്ങി മുംബൈയില്‍ യുവാവ് മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓക്സിജൻ സിലിണ്ടര്‍ ചുമന്നു സ്കാനിങ് മുറിയിലേക്ക് കടന്നപ്പോള്‍ സ്കാനിങ് മെഷീനിനുള്ളിലെ കാന്തിക ശക്തിയാല്‍ യുവാവും സിലണ്ടറും സഹിതം മെഷീനിനുള്ളില്‍ കുടുങ്ങിപോകുകയായിരുന്നു. കാന്തത്തിന്റെ ശക്തി നിമിത്തം സിലണ്ടറിനൊപ്പം യുവാവും മെഷീനിലേക്ക് കയറിപോകുകയായിരുന്നു. 

ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് സ്കാനിങ് മുറികളില്‍ പാലിക്കേണ്ട നടപടികളെ കുറിച്ചു പലരും ബോധാവാന്മാരായത്. ഒരുതരത്തിലുള്ള മെറ്റല്‍ വസ്തുക്കളും സ്കാന്‍ മുറികളില്‍ പ്രത്യേകിച്ച് എംആര്‍ഐ സ്കാന്‍ നടത്തുന്ന മുറികളില്‍ കയറ്റാന്‍ പാടില്ല എന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. 

പലരും അലസ്സമായി കരുതുമെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഈ അപകടമാണ് ഇതിന്റെ ഗൗരവം പുറത്തുകൊണ്ടു വന്നത്. 

മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിങ് (magnetic resonance imaging) എന്നാണ് എംആര്‍ഐ സ്കാനിന്റെ പൂര്‍ണനാമം. ഒരു വലിയ  വളയത്തിനുള്ളിലേക്ക് യന്ത്രസഹായത്തോടെ രോഗിയെ കയറ്റിയാണ് സ്കാന്‍ ചെയ്യുന്നത്. ആരോഗ്യ പരമായ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാത്ത രോഗ നിർണയ ടെസ്റ്റാണ് എം.ആർ.ഐ.  

അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്.സി.ടി. സ്‌കാനിങ്ങിലെയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലെയും പോലെ എം.ആര്‍.ഐ. സ്‌കാനിങ്ങിലും പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുക വഴിയാണ് പരിശോധന സാധ്യമാവുക. ബാഹ്യകാന്തികപ്രഭയുടെ സ്വാധീനത്താല്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ സ്വഭാവമാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും റേഡിയോ തരംഗങ്ങള്‍ കടത്തിവിടുമ്പോഴും അല്ലാതെയുമുള്ള അവസരങ്ങളില്‍ കാന്തികസ്വഭാവത്തിനു സംഭവിക്കുന്ന വ്യത്യാസങ്ങള്‍ ക്രോഡീകരിച്ചുമാണ് എം.ആര്‍.ഐ.യില്‍ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നത്.

അതി ശക്തമായ ഇലെക്ട്രോമഗ്നെറ്റിക് തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതിനാലാണ് എം.ആർ.ഐ. സ്കാൻ മെഷീന്‍ ഓണ്‍ ആയിരിക്കുമ്പോള്‍ അതിനു സമീപം പോകരുതെന്ന് നിര്‍ദേശിക്കുന്നത്. ആഭരണങ്ങള്‍, ബെല്‍റ്റ്, വാച്ച്, മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, നാണയങ്ങള്‍ , മെറ്റല്‍ ബട്ടണുകള്‍ തുടങ്ങിയ ലോഹനിര്‍മിത സാധനങ്ങളടങ്ങിയ വസ്ത്രങ്ങള്‍ ഒന്നും സ്കാന്‍ സമയത്ത് ധരിക്കരുത്.  ഫെറോമഗ്നെറ്റിക് വസ്തുക്കളായ ഓക്സിജന്‍ സിലിണ്ടര്‍, ഗ്യാസ് സിലിണ്ടര്‍ എന്നിവയൊന്നും സ്കാന്‍ മുറിയിലേക്ക് കൊണ്ട് പോകാന്‍ പാടില്ല .

എം.ആർ.ഐ. സ്കാൻ ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ 

എം.ആർ.ഐ. സ്കാൻ ചെയ്യാന്‍ പോകുന്ന രോഗികള്‍ ഒരു കാരണവശാലും ലോഹഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ല. ഹെയര്‍ പിന്നുകള്‍, കേള്‍വി തകരാര്‍ ലഘൂകരിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, വെപ്പുപല്ല് എന്നിവയെല്ലാം സ്‌കാനിങ്ങിനു മുമ്പ് ഊരിമാറ്റണം.

സ്ത്രീകളായ രോഗികളോട് സ്കാന്‍ സമയത്ത് മേക്കപ്പ് വരെ നീക്കാന്‍ ചിലപ്പോള്‍ ആവശ്യപെടാറുണ്ട്. കണ്‍മഷിയുടെ ഉപയോഗം പോലും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. കൺമഷി, ഐ ഷാഡോ, ലിപ്സ്റ്റിക്, ബ്രഷ്, നെയില്‍ പോളിഷ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വരെ ചിലപ്പോള്‍ അപകടം ഉണ്ടാക്കാം. 

ടാറ്റൂ ചെയ്തവര്‍ സ്കാനിങിനു വിധേയരാകുമ്പോള്‍ ടാറ്റൂ ചെയ്ത സ്ഥലം ചിലപ്പോള്‍ പൊള്ളലേറ്റ പോലെയാകാന്‍ സാധ്യതയുണ്ട്. ടാറ്റൂവില്‍ ഉപയോഗിക്കുന്ന  അയണ്‍ ഓക്സൈഡ് മെഷീനില്‍ നിന്നുള്ള കാന്തികശക്തിയാല്‍ അപകടം ഉണ്ടാക്കാം.

ഹൃദയപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന പേസ്‌മേക്കര്‍, അസ്ഥികളില്‍ ശസ്ത്രക്രിയാനന്തരം ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍, ഇന്‍ഫ്യൂഷന്‍ കത്തീറ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കേണ്ടിവരുന്ന രോഗികൾ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യാന്‍ പാടില്ല. ഇനി ഇത്തരം രോഗികള്‍ക്ക് ഇത് കൂടിയേ തീരൂ എന്നാന്നെകില്‍ ഡോക്ടര്‍ക്ക്‌ മറ്റു ചികിത്സാവിധികള്‍ നിശ്ചയിക്കാം.

Read More : Health News