കുഴഞ്ഞു വീണു മരണം ഒഴിവാക്കാൻ...

കുഴഞ്ഞു വീണു മരിച്ചു' വാർത്തകളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ഒരു തലക്കെട്ടാണിത്. ഇപ്പോഴിതാ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അടുത്തിടെ അനുഗ്രഹീത കലാകാരന്‍ ഗീതാനന്ദന്റെ മരണം നമ്മിൽ പലരും വിഡിയോയിലൂടെയെങ്കിലും നേരിൽക്കണ്ടതുമാണ്. അതുപോല മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം പ്രസംത്തിനിടെ കുഴഞ്ഞുവീണായിരുന്നു മരിച്ചത്. ഒരു നിമിഷം നാം ഒന്നു ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഈ ജീവനുകൾ ചിലപ്പോൾ രക്ഷപ്പെട്ടേനെ. എങ്ങനെയെന്നല്ലേ... അതിനെക്കുറിച്ച് വിശദമായി പറയുകയാണ് ഇൻഫോക്ലിനിക്കിലൂടെ ഡോ. ടി.എം ജമാൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ എംഡി ചെയ്യുന്ന കാലത്തെ സംഭവമാണ്. വാർഡിന്റെ ഒരറ്റത്ത് റൗണ്ട്സ് എടുക്കുന്ന സമയത്തു മറ്റേ അറ്റത്തു നിന്ന് ഒരു ശബ്ദവും ബഹളവും കരച്ചിലും. ഓടിച്ചെന്നു നോക്കുമ്പോൾ ബാത്റൂമിലേക്കു നടന്നു പോയ പ്രായമായ ഒരാൾ അവിടെ വീണു കിടക്കുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയാണ് കരയുന്നത്. മറ്റു രോഗികൾ ചുറ്റും കൂടി നിൽക്കുന്നു.

രോഗി അനങ്ങുന്നില്ല, പൾസും ബിപിയും ഇല്ല. ഹൃദയസ്തംഭനമാണ്. കൂടെ ഉണ്ടായിരുന്ന ഹൗസ് സർജനും ഞാനും കൂടി CPR (cardio pulmonary resuscitation) തുടങ്ങി. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

പിറ്റേ ദിവസം ICU വിൽ ചെന്നു നോക്കിയപ്പോൾ ആൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റിരിപ്പുണ്ട്. കുറച്ചു നേരം വൈകിയിരുന്നെങ്കിൽ ബാത്റൂമിനു മുന്നിൽ മരിച്ചു കിടക്കുമായിരുന്ന ആളാണ്. ആ ചിരിയേക്കാൾ കൂടുതൽ സന്തോഷം നൽകുന്ന മറ്റെന്തുണ്ട് !

കൂടെ നടക്കുന്ന ഒരാൾ. അല്ലെങ്കിൽ നമ്മൾ കണ്ടു കൊണ്ടു നിൽക്കുന്ന ഒരാൾ പെട്ടന്ന് കുഴഞ്ഞു വീഴുന്നതു ആലോചിച്ചു നോക്കൂ. എന്തായിരിക്കും നമ്മുടെ പ്രതികരണം?

സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കിൽ നമ്മൾ കരഞ്ഞു ബഹളം വെക്കും. അപരിചിതൻ ആണെങ്കിൽ ഓടിച്ചെന്നു വെറുതേ നോക്കി നിൽക്കും. എന്നാൽ സമയോചിതമായ ഇടപെടലുകൾ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവൻ ആയിരിക്കും നമ്മുടെ മുന്നിൽ കിടക്കുന്നത്.

ഇവിടെയാണ് basic life support ന്റെ പ്രസക്തി.

തളർന്നു വീഴാൻ കാരണം പലതാവാം. പക്ഷേ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നതുവരെ ആ വ്യക്തിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയണം. അതിനാൽ basic life support കൊടുക്കുക എന്നത് ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർമാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്.

പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ കഴിയും..

∙എന്താണ് basic life support കൊണ്ട് ഉദ്ദേശിക്കുന്നത് ?

 ഹൃദയമോ ശ്വാസകോശമോ രണ്ടും ഒന്നിച്ചോ പ്രവർത്തന രഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്തു കൊടുക്കുന്നതാണ് basic life support.

Cardiopulmonary resuscitation അഥവാ CPR എന്നത് അതിന്റെ ഏറ്റവും പ്രധാന ഘടകമാണ്. പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാൻ പഠിക്കാൻ.

പെട്ടന്ന് ഒരാൾ കുഴഞ്ഞു വീഴാൻ അനേകം കാരണങ്ങളുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് പ്രധാനമായും.

പലപ്പോഴും cardiac arrest അഥവാ ഹൃദയ സ്തംഭനം ഹാർട്ട് അറ്റാക്കുമായി ജനങ്ങൾ തെറ്റിദ്ധരിക്കാറുണ്ട്. അവ രണ്ടും ഒന്നല്ല. Cardiac arrest സംഭവിക്കുന്നത് അധികവും ഹൃദയത്തിന്റെ മിടിപ്പിന്റെ താളത്തിൽ ഉള്ള വ്യതിയാനം കൊണ്ടാണ്. Arrhythmia എന്നാണ് ഈ വ്യതിയാനത്തെ പറയുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് എന്നാൽ ഹൃദയത്തിലേക്ക് രക്തം കൊണ്ടു പോവുന്ന ധമനികൾ അടഞ്ഞു പോവുന്നതു മൂലം ഹൃദയ പേശികൾക്കുണ്ടാവുന്ന ക്ഷതമാണ്. ഹാർട്ട് അറ്റാക് വരുന്ന എല്ലാവർക്കും ഹൃദയ സ്തംഭനം വരാറില്ല. എന്നാൽ arrhythmia മൂലം സംഭവിക്കുന്ന ഹൃദയ സ്തംഭനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു ഹാർട്ട് അറ്റാക്ക് തന്നെയാണ്. ഹൃദയ സ്തംഭനത്തിന്റെ വിവിധ കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നില്ല. വഴിയിൽ കുഴഞ്ഞു വീഴുന്ന ഒരാളെ ആശുപത്രി എത്തുന്ന വരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നു മാത്രം നോക്കാം.

കുഴഞ്ഞു വീഴുന്ന ആൾക്ക്  ആദ്യമായി CPR ആവശ്യം ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഹൃദയസ്തംഭനം ആണോ അല്ലയോ എന്ന് തിരിച്ചറിയണം. ചെറിയ തലകറക്കം മൂലം വീഴുന്നവർ, ഷുഗർ കുറഞ്ഞു ബോധം കെട്ടു വീഴുന്നവർ, അപസ്മാര സംബന്ധമായ പ്രശ്നങ്ങൾ, സ്ട്രോക്ക് മൂലം വരുന്ന paralysis തുടങ്ങിയവ കാരണം വഴിയിൽ വീഴുന്നവരുടെ ഹൃദയവും ശ്വാസകോശവും സാധാരണ ഗതിയിൽ പ്രവർത്തനക്ഷമമായിരിക്കും. അവർക്ക് CPR ആവശ്യം ഇല്ല. വേഗം ആശുപത്രിയിൽ എത്തിക്കാൻ വേണ്ട ഒരുക്കങ്ങൾ ചെയ്യുകയേ വേണ്ടൂ. മദ്യപിച്ചു വഴിയിൽ കിടക്കുന്നവരും നമ്മുടെ നാട്ടിൽ കുറവല്ല എന്നോർക്കണം. ഇത്തരം ആളുകളുടെ മേൽ CPR ചെയ്താൽ അടുത്തിടെ ഇറങ്ങിയ മലയാളം ഫിലിമിലെ രംഗം പോലെ പരിതാപകരമാവും കാര്യങ്ങൾ.

വീണു കിടക്കുന്ന ആളെ വെപ്രാളം കാണിക്കാതെ ശക്തമായി കുലുക്കി വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുന്നേ ആൾ കിടക്കുന്ന സ്ഥലം സുരക്ഷിതമല്ലെങ്കിൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി കിടത്തണം. പ്രതികരണം ഒന്നും ഇല്ലെങ്കിൽ കൂടുതൽ ആളുകളുടെ സഹായം കിട്ടാൻ ഉറക്കെ വിളിക്കണം. ഹൃദയസ്തംഭനം നേരിട്ട ഒരു വ്യക്തിയെ ഒരാൾക്ക് ഒറ്റയ്ക്ക് അധിക സമയം കൈകാര്യം ചെയ്യാൻ പ്രയാസമാണ്.

അടുത്ത പടിയായി രോഗിയുടെ പൾസും ശ്വസനവും പരിശോധിക്കണം. കഴുത്തിന്റെ മുൻവശത്ത് മധ്യത്തിൽ ഉള്ള, പെട്ടെന്ന് തൊട്ടു മനസ്സിലാക്കാവുന്ന എല്ലിന് ഇരു വശങ്ങളിലുമായി തലയിലേക്ക് രക്തം വഹിച്ചു കൊണ്ടു പോവുന്ന ധമനികളാണ് കാരോട്ടിഡ് ആർട്ടറികൾ. ഒന്നോ രണ്ടോ വിരലുകൾ ഉപയോഗിച്ചു പതുക്കെ അമർത്തി നോക്കിയാൽ carotid ധമനിയുടെ ഇടിപ്പു എളുപ്പത്തിൽ അറിയാൻ കഴിയും. ഇതാണ് carotid pulse.

രണ്ടു കരോട്ടിഡുകളും ഒരുമിച്ചു അമർത്തി നോക്കരുത്. സ്വന്തം carotid pulse എല്ലാവരും ഒന്നു സ്വയം പരിശോധിക്കുന്നത് നല്ലതാണ്. എങ്കിൽ മാത്രമേ ഒരു അവശ്യ ഘട്ടത്തിൽ നമുക്ക് മറ്റൊരാളുടെ പൾസ് പരിശോധിക്കാൻ കഴിയൂ.

ചുരുങ്ങിയത് 5 സെക്കന്റ് എങ്കിലും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ പൾസ് ഇല്ല എന്ന നിഗമനത്തിൽ എത്താൻ പാടുള്ളു. എന്നാൽ 10 sec ൽ ഏറെ പൾസ് തിരഞ്ഞു സമയം കളയരുത്. വൈകുന്തോറും രോഗി രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു വരും. പൾസ് നോക്കുന്ന സമയത്തു തന്നെ രോഗിയുടെ നെഞ്ചിന്റെ അനക്കം ശ്രദ്ധിച്ചു ശ്വസിക്കുന്നുണ്ടോ എന്നു മനസിലാക്കാം. അതിനായി വേറെ സമയം കളയേണ്ടതില്ല.

പൾസും ശ്വാസവും ഇല്ലെങ്കിൽ ഉടനടി CPR തുടങ്ങണം. ആദ്യം ചെയ്യേണ്ടത് ഹൃദയത്തിന്റെ ഭാഗത്തു കൈ കൊണ്ട് ശക്തമായി അമർത്തി രക്തം പമ്പ് ചെയ്യാൻ സഹായിക്കലാണ്. നെഞ്ചിന്റെ മധ്യത്തിൽ നീളത്തിൽ ഷീറ്റ് പോലെയുള്ള എല്ലാണ് sternum. Sternum തിന്റെ താഴെ പകുതിക്ക് പുറകിൽ ആണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കൈ പത്തികൊണ്ട് താഴേക്കു ശക്തമായി അമർത്തി ഹൃദയത്തിന്റെ അറകളിൽ നിന്നു രക്തം പ്രധാന ധമനിയിലേക്ക് തള്ളിക്കുകയാണ് ചെയ്യുന്നത്.

രോഗിയുടെ വശത്തു ഇരുന്നു കൈ മുട്ടുകൾ മടങ്ങാതെ ഒരു കൈ പത്തി മേൽ പറഞ്ഞ സ്ഥലത്തു വച്ചു മറു കൈ പത്തി അതിനു മുകളിൽ വച്ചു , തോളും കൈ മുട്ടും കൈ പത്തിയും ഒരു ലൈനിൽ വരുന്ന രൂപത്തിലാണ് chest compression കൊടുക്കേണ്ടത്.

ഒരു മിനിറ്റിൽ 100-120 compression എന്ന തോതിൽ വേണം compression കൊടുക്കാൻ. ഓരോ അമർത്തൽ കഴിഞ്ഞാലും കൈ അയച്ചു നെഞ്ചിനെ പൂർണമായും പഴയ position ലേക്ക് വരാൻ അനുവദിക്കണം. Compression കൊടുക്കുന്നത് മറ്റു പ്രാധാന്യം ഇല്ലാത്ത കാര്യങ്ങൾക്കു വേണ്ടി ഇടക്ക് നിർത്താതെ നോക്കണം. 10 sec ന് മുകളിൽ compression മുടങ്ങിയാൽ രോഗിയുടെ സ്ഥിതി മോശമാവാൻ സാധ്യത കൂടുതലാണ്.

ഇതോടൊപ്പം തന്നെ രോഗിയുടെ ശ്വസനവും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ശ്വാസം എടുക്കുന്നില്ലെങ്കിൽ ഓരോ 30 chest compression ന് ശേഷവും 2 ശ്വാസം കൊടുക്കണം.

അതെങ്ങനെ ചെയ്യുമെന്നു നോക്കാം.

30 compression കൊടുത്തു കഴിഞ്ഞ ഉടനെ രോഗിയുടെ തല ഭാഗത്തേക്ക് നീങ്ങുക. ഒരാൾ എഴുന്നേറ്റു നിന്നു നേരേ മുകളിലേക്കു നോക്കുമ്പോൾ എങ്ങനെയാണോ തലയുടെയും കഴുത്തിന്റെയും പൊസിഷൻ, അതേ പോലെ രോഗിയുടെ തലയും കഴുത്തും പൊസിഷൻ ചെയ്യണം. നെറ്റി യുടെ മേൽ ഒരു കൈ വച്ചു താഴോട്ടും താടി മേൽ ഒരു കൈ വച്ചു മുകളിലോട്ടും പതിയെ തള്ളിയാൽ മതിയാകും. നെറ്റിയിൽ വച്ച കൈ കൊണ്ട് രോഗിയുടെ മൂക്ക് പൊത്തി പിടിച്ചു വായയുടെ മേൽ സ്വന്തം വായ് വച്ചു 2 തവണ ഉള്ളിലേക്ക് ഊതിയാണ് ശ്വാസം കൊടുക്കേണ്ടത്. ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് വായിൽ ഊതി ശ്വാസം കൊടുക്കാൻ മടി തോന്നുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം chest compression എങ്കിലും കൊടുക്കുക. അതുതന്നെ ചിലപ്പോൾ ജീവരക്ഷയ്ക്ക് ഉത്തകുന്നതാവും

രോഗിയുടെ വായ്ക്കു മേൽ കനം കുറഞ്ഞ എന്തെങ്കിലും ടവൽ വിരിച്ചു അതിലൂടെ ഊതുന്നത് രോഗിയുടെ ഉമിനീരുമായി സമ്പർക്കം വരാതിരിക്കാൻ സഹായിക്കും. ഓരോ സെക്കന്റ് ദൈർഘ്യമുള്ള 2 ശ്വാസം കൊടുത്ത ഉടനെ തിരിച്ചു പഴയ പൊസിഷനിൽ വന്നു chest compression പുനരാരംഭിക്കണം. 30 compression കഴിഞ്ഞു വീണ്ടും പഴയ പോലെ ശ്വാസം കൊടുക്കണം.

ഇതിനിടെ സഹായത്തിന് ഒരാളെ കിട്ടിയാൽ chest compression ഒരാളും ശ്വാസം കൊടുക്കൽ മറ്റേ ആളും ഏറ്റെടുക്കണം. Chest compression കൊടുക്കുന്ന ആൾ പെട്ടെന്ന് ക്ഷീണിക്കാൻ സാധ്യതയുള്ളതിനാൽ 30 compression, 2 ശ്വാസവും 5 തവണ കൊടുത്തു കഴിഞ്ഞാൽ chest compression നിലവിൽ ശ്വാസം കൊടുക്കുന്ന ആൾ ഏറ്റെടുത്തു ആ ജോലി മറ്റേ ആൾക്ക് കൈ മാറണം. ഓരോ 5 cycle കഴിയുമ്പോളും ഇങ്ങനെ പരസ്പരം മാറണം.

ഓരോ 5 cycle കഴിയുമ്പോളും മറക്കാൻ പാടില്ലാത്ത ഒരു കാര്യം ഉണ്ട്.

ഹൃദയം സ്വയം പ്രവർത്തനക്ഷമമായോ എന്നു നോക്കേണ്ടതുണ്ട്. നേരത്തെ കാരോട്ടിഡ് പൾസ് നോക്കിയ പോലെ വീണ്ടും നോക്കണം. ശ്വാസം കൊടുക്കുന്ന ആളും chest compression കൊടുക്കുന്ന ആളും പരസ്പരം ജോലി മാറുന്ന സമയത്തു സമയ നഷ്ടം കൂടാതെയാണ് പൾസ് നോക്കേണ്ടത്. പൾസ് നോക്കുന്നതിൽ പ്രാവീണ്യം ഇല്ലാത്ത ആളുകൾ അതിനു വേണ്ടി സമയം പാഴാക്കാതെ രോഗി ശ്വസിക്കുന്നുണ്ടോ അല്ലെങ്കിൽ ജീവന്റെ മറ്റു ലക്ഷണങ്ങൾ വല്ലതും ഉണ്ടോ എന്നു നോക്കുന്നതാണു നല്ലത്. പൾസ് ഉണ്ടെങ്കിൽ chest compression ആവശ്യമില്ല. . പൾസ് വന്ന ശേഷം രോഗി സ്വയം ശ്വസിക്കുന്നുണ്ടെങ്കിൽ ശ്വാസം കൊടുക്കുന്നത് നിർത്താം. അല്ലെങ്കിൽ ഓരോ 5-6 സെക്കന്റിൽ ഒരു ശ്വാസം എന്ന മട്ടിൽ കൊടുക്കണം. പൾസും ശ്വാസവും വന്നില്ലെങ്കിൽ ആശുപത്രിയിൽ എത്തുന്നത് വരെയോ emergency medical team എത്തുന്നത് വരെയോ CPR തുടരണം.

Arrhythmia എന്ന അവസ്ഥയാണ് ഹൃദയ സ്തംഭനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നെന്ന് നേരത്തെ പറഞ്ഞല്ലോ. ഹൃദയത്തിലെ normal electrical activity ക് പകരം ഒരു abnormal electrical activity രൂപപ്പെടുന്ന അവസ്ഥ. ഇത്തരം electrical activity ഹൃദയത്തെ പമ്പ് ചെയ്യിക്കാൻ പര്യാപതമല്ല. Arrhythmia തക്ക സമയത്തു കണ്ടുപിടിച്ചു ചികിൽസിച്ചാൽ രോഗി രക്ഷപ്പെടാൻ സാധ്യതയുണ്ട്.

ശക്തമായ ഒരു DC കറന്റ് ഹൃദയത്തിലേക്ക് കടത്തി വിട്ടാൽ മേൽപറഞ്ഞ abnormal electrical activity പെട്ടന്ന് നിലയ്ക്കുകയും ഹൃദയം താൽക്കാലികമായി പ്രവർത്തനം നിർത്തുകയും ചെയ്യും. ചില computer program errors ഒന്നു restart ചെയ്യുമ്പോൾ ശരിയാവാറുള്ള പോലെ ഹൃദയം ഒന്നു restart ചെയ്താൽ പിന്നീട് ഉണ്ടാവുന്ന rhythm നോർമൽ ആവാൻ സാധ്യത കൂടുതലാണ് എന്നതാണ് dc shock ന് പുറകിലെ തത്വം. ഇവിടെയാണ് പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കാറുള്ള AED മെഷീന്റെ പ്രാധാന്യം.

AED എന്നാൽ automated external defibrillator. Arrhythmia കണ്ടു പിടിച്ചു സ്വയം വിശകലനം ചെയ്ത് ആവശ്യമെങ്കിൽ DC ഷോക്ക് കൊടുക്കാവുന്ന ഉപകരണം. വികസിത രാജ്യങ്ങളിൽ ഒട്ടു മിക്ക പൊതു ഇടങ്ങളിലും ഈ മെഷീൻ ലഭ്യമാണ്. പ്രത്യേകിച്ചു മുൻപരിചയം ഇല്ലാത്തവർക്കും ഇതു പ്രവർത്തിപ്പിക്കാം. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അത്ര സാധാരണയായി ലഭ്യമല്ല. ഇപ്പോൾ കേരളത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ AED മെഷീൻ ഉണ്ടെന്നു കേൾക്കുന്നു. പക്ഷേ ആർക്കും അതേ കുറിച്ചു അറിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

AED ലഭ്യമായ സ്ഥലം ആണെങ്കിൽ CPR നിടെ AED ലഭ്യമാക്കാൻ ആവശ്യപ്പെടാം. AED ഒരു ബോക്സ് പോലത്തെ ചെറിയ ഉപകരണമാണ്. നെഞ്ചിൽ ഒട്ടിക്കാൻ ഉള്ള 2 പാഡും അതു മെഷീനിൽ connect ചെയ്യാനുള്ള വയറുകളും AED യുടെ കൂടെ ഉണ്ടാകും. ലീഡ് നെഞ്ചിന്റെ ഏതു ഭാഗത്തു ഒട്ടിച്ചു വെക്കണം എന്നു അതിന്മേൽ ചിത്രം കൊടുത്തിട്ടുണ്ടാവും. മെഷീൻ ഓണാക്കി ലീഡ് connect ചെയ്യുമ്പോളും cpr തുടരണം. മൂന്നാമത് ഒരാൾ ഉണ്ടെങ്കിൽ ഈ പ്രക്രിയ അയാൾ ചെയ്യണം. അല്ലെങ്കിൽ ശ്വാസം കൊടുക്കുന്ന ആൾ പെട്ടന്ന് AED connect ചെയ്യണം.

Arrhythmia ഉണ്ടോ എന്ന് AED മെഷീൻ പരിശോധിക്കുന്ന 2-3 സെക്കന്റ് CPR നിർത്തി രോഗിയുടെ ശരീരത്തിൽ ആരും തൊടാതിരിക്കണം. ഷോക്ക് കൊടുത്തു രക്ഷപ്പെടുത്താവുന്ന arrhythmia ആണെങ്കിൽ മെഷീൻ തന്നെ പറയും ഷോക്ക് കൊടുക്കാൻ. ആ സമയം വീണ്ടും CPR പുനരാരംഭിക്കണം. ഉടൻ തന്നെ AED pad ചാർജ് ചെയ്യാൻ ഉള്ള ബട്ടൻ അമർത്തിയാൽ പാഡ് ഷോക്ക് കൊടുക്കാൻ റെഡി ആയി നിൽക്കും. പാഡ് ചാർജ് ആയ സിഗ്നൽ കിട്ടിയാൽ ഉടൻ രോഗിയുടെ ശരീരത്തിൽ തൊടാതെ മാറി നിന്ന ശേഷം മാത്രം ഷോക്ക് ബട്ടൺ അമർത്തുക. ഷോക്ക് കൊടുക്കുന്ന സമയം രോഗിയുടെ ശരീരത്തിൽ ആരെങ്കിലും തൊട്ടു നിൽക്കുന്നുണ്ടെങ്കിൽ അവർക്കും ഷോക്ക് അടിക്കാൻ സാധ്യതയുണ്ട്.

ഷോക്ക് കിട്ടുന്നതോടെ ഹൃദയം പ്രവർത്തനം നിലയ്ക്കും. അപ്പോൾ തന്നെ CPR പുനരാരംഭിക്കണം. 5 സൈക്കിൾ കഴിഞ്ഞാൽ പൾസ് പരിശോധിക്കാം. അതിനിടെ AED Rhythm analysis നടത്തുന്നു എന്നു പറയുന്നുണ്ടെങ്കിൽ രോഗിയെ തൊടാതെ മാറി നിൽക്കണം. ഷോക്ക് കൊടുക്കേണ്ടതുണ്ടെങ്കിൽ നേരത്തെ പോലെ AED സൂചന തരും. ഷോക്ക് കൊടുക്കാൻ പറ്റാത്ത asystole എന്ന അവസ്ഥയാണെങ്കിൽ ഷോക്ക് കൊടുക്കാൻ പറയുന്നതിന് പകരം CPR. തുടരാനാണ് മെഷീൻ നിർദ്ദേശം നല്കുക. ഷോക്കിന് ശേഷം 5 സൈക്കിൾ CPR കഴിഞ്ഞ ഉടനെ പൾസ് നോക്കുക. പൾസ് ഉണ്ടെങ്കിൽ CPRനിർത്താം. ശ്വാസം ശരിയായില്ലെങ്കിൽ തുടർന്നും കൃത്രിമ ശ്വാസം കൊടുത്തുകൊണ്ടിരിക്കണം. പൾസ് ഇല്ലെങ്കിൽ പഴയ പോലെ CPR തുടരുക.

ഇനി പ്രധാന ചോദ്യത്തിലേക്കു വരാം. CPR. ചെയ്താൽ എല്ലാവരും രക്ഷപ്പെടുമോ?

ഇല്ല എന്നാണ് ഉത്തരം. ആശുപത്രികളിൽ വച്ചുണ്ടാവുന്ന ഹൃദയ സ്തംഭനത്തിനു ആ മേഖലയിൽ പ്രാവീണ്യം നേടിയവർ ചെയ്യുന്ന CPR ൽ രോഗി രക്ഷപ്പെടാൻ ഉള്ള സാധ്യത 25% ആണ്. എന്നിരിക്കെ പൊതു സ്ഥലങ്ങളിൽ സാധാരണക്കാർ ചെയ്യുന്ന CPR ന് 10% തിൽ താഴെയാണ് വിജയസാധ്യത.

എന്നാൽ ഇത് ഒരു ജീവനും മരണത്തിനും ഇടയിലുള നൂൽപാലമാണ്. കുറച്ചു മനസാനിധ്യവും അനുകമ്പയും അല്ലാതെ ഒരു മുതൽ മുടക്കും വേണ്ടാത്ത കാര്യം. അതിനാൽ ശതമാന കണക്കിൽ തല പുകയ്ക്കേണ്ടതില്ല. വിജയ സാധ്യത കുറവാണെങ്കിൽ പോലും ഓരോ ജീവനും വിലപ്പെട്ടതാണ്.

കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ നിരവധി പേർക്ക് CPR കൊടുത്തിട്ടുണ്ട്. രക്ഷപ്പെടാതെ പോയവരാണ് അധികം. എങ്കിലും രക്ഷപ്പെട്ട പുഞ്ചിരിക്കുന്ന ചില മുഖങ്ങളും ഉണ്ട്. നമ്മൾ CPR ചെയ്യുന്ന ആളും പുഞ്ചിരിച്ചേക്കാം. ശ്രമിച്ചു നോക്കിയാലല്ലേ അറിയാൻ കഴിയൂ...

എഴുതിയത്: ഡോ. ടി.എം ജമാൽ. 

Read More : Health Magazines