നമ്മുടെ നാട്ടില്‍ അവയവദാനത്തിന്റെ ആവശ്യതകളെ കുറിച്ചു നാടെങ്ങും ബോധവല്‍ക്കരണപരിപാടികള്‍ നടക്കുമ്പോള്‍ തങ്ങളുടെ മുഴുവന്‍ പൗരൻമാരെയും അവയവദാതാക്കളായി ഫ്രാന്‍സ് പ്രഖ്യാപിച്ചു. ജനവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരമാണ് ഫ്രാന്‍സിലെ മുഴുവന്‍ പൗരൻമാരും സമ്മതപത്രം കൂടാതെ തന്നെ അവയവദാനം നടത്താന്‍ യോഗ്യരായത്.
പുതിയ നിയമപ്രകാരം രാജ്യത്തെ എല്ലാ പൗരൻമാരും മരണശേഷം അവയവദാനം നടത്താന്‍ പ്രാപ്തരാണ്. എന്നാല്‍ താൽപര്യമില്ലാത്തവര്‍ക്ക് അതിനുള്ള എതിര്‍പ്പ് അറിയിക്കാനും അവസരമുണ്ട്. ഇതിനോട് യോജിക്കാത്തവര്‍ക്ക് നാഷണല്‍ റിജെക്ഷന്‍ റജിസ്റ്ററില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി അവയവദാനത്തിനു സന്നദ്ധരല്ലെന്ന് അറിയിക്കാം.
എന്നാല്‍ ഇതുവരെ രാജ്യത്തെ 150,000 പൗരന്മാര്‍ മാത്രമാണ് ഈ റജിസ്റ്ററില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് തങ്ങളുടെ വിസമ്മതം അറിയിക്കാനുള്ള കുറിപ്പോ ശബ്ദരേഖയോ ഹാജരാക്കാനും സാധിക്കും. പ്രസ്തുത വ്യക്തിയുടെ മരണശേഷം ബന്ധുക്കള്‍ ഇത് സമര്‍പ്പിച്ചാല്‍ മതിയാകും.
2015 ല്‍ ബ്രിട്ടനിലെ വെയില്‍സില്‍ സമാനമായ നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ യുകെയിലെ മറ്റിടങ്ങളിലെ ജനങ്ങള്‍ അവയവദാനം നടത്താന്‍ മുന്‍കൂട്ടി സമ്മതപത്രം നല്‍കേണ്ടതുണ്ട്.
Read More : Health Magazines