ഹൃദയവും കരളും കുടലുകളും ശരീരത്തിനു പുറത്തായ നിലയിൽ ജനിച്ചു വാർത്തകളിലിടം നേടിയ കെയ്റാന്‍ വിറ്റ്‌സ മൂന്നാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുന്നു. അമ്മയുടെ ഗർഭപാത്രത്തിൽനിന്നു പുറത്തെത്തിയാൽ ജീവനോടെ എത്ര നിമിഷം ഭൂമിയിൽ ഉണ്ടാകുമെന്ന് ഉറപ്പു പറയാൻ പറ്റാത്ത അവസ്ഥയിൽ നിന്നാണ് കുഞ്ഞു കെയ്റാൻ പതുക്കെ കയറിവന്നത്. എക്‌ടോഫിയ കോര്‍ഡിസ് (ectopia cordis) എന്ന അസാധാരണമായ ശാരീരികാവസ്ഥയായിരുന്നു അവൾക്ക്. ഒരു മില്യന്‍ കുഞ്ഞുങ്ങളില്‍ എട്ടുപേര്‍ക്കു മാത്രം വരാന്‍ സാധ്യതയുള്ള അപൂർവാവസ്ഥ.
മാരകമായ ഹൃദ്രോഗത്തിന്റെ അനന്തരഫലമായി ഹൃദയവും കരളും കുടലുകളും ശരീരത്തിനു പുറത്തേക്ക് തള്ളിനില്‍ക്കുന്നതാണ് ഈ അവസ്ഥ. പത്തുശതമാനം പോലും അതിജീവനം ഉറപ്പുനല്‍കാനാവാത്ത സ്ഥിതി.
2014 നവംബറില്‍, ഗർഭത്തിന്റെ ഇരുപതാമത്തെ ആഴ്ചയിലെ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലാണ് കുഞ്ഞിന്റെ ഈ അപൂർവാവസ്ഥയെക്കുറിച്ച് മാതാപിതാക്കളായ കെയ്റ്റിലിനും ബൈറനും അറിയുന്നത്. കുഞ്ഞിന്റെ ഹൃദയവും കരളും കുടലുകളും ശരീരത്തിന് പുറത്താണ് വളരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. നോര്‍ത്ത് ഡെക്കോഡ സ്വദേശികളായ ഇവര്‍ കൂടുതല്‍ ചികിത്സകള്‍ക്കായി 700 കിലോമീറ്റര്‍ അകലെയുള്ള മിനസോട്ടയിലേക്കു താമസം മാറി.
കുഞ്ഞ് ജനിച്ച ഉടൻ ശസ്ത്രക്രിയയ്ക്കു വേണ്ട സജ്ജീകരണങ്ങളെല്ലാം അവിടെ ഡോക്ടർമാർ ഒരുക്കി. ഇതിനായി ആദ്യം കുഞ്ഞിന്റെ ഒരു 3D മോഡല്‍ തയാറാക്കി. 36-ാ മത്തെ ആഴ്ചയില്‍ കുഞ്ഞു കെയ്റാന്‍ പിറന്നു. 60 ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ 12 അംഗ സ്പെഷല്‍ ടീമായിരുന്നു കുഞ്ഞിനെ ചികിത്സിച്ചത്. ശസ്ത്രക്രിയയിലൂടെ കെയ്റാന്റെ ഹൃദയവും കരളും കുടലുകളും യഥാസ്ഥാനത്തു ചേര്‍ത്തുവെച്ചു. പിന്നെ ആറു മാസം ഐസിയുവില്‍. ആറു മാസം പിന്നിട്ടപ്പോൾ ആശുപത്രിയിൽനിന്നു വീട്ടിലെത്തി.
ഒരു വര്‍ഷത്തിനു ശേഷം, കെയ്റാന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബ് നീക്കം ചെയ്തു. ആഹാരം കഴിക്കാന്‍ ഇപ്പോഴും ഫീഡിങ് ട്യൂബ് ആണ് ഉപയോഗിക്കുന്നത്. സംസാരിക്കാനും നില്‍ക്കാനും നടക്കാനുമെല്ലാം കുഞ്ഞിനു ബുദ്ധിമുട്ടുകളുണ്ട്. ഇതിനു പരിഹാരമായി ഇപ്പോള്‍ പലതരം ചികിത്സകള്‍ നടത്തുന്നുണ്ട്.
സാധാരണ കുഞ്ഞുങ്ങളെപ്പോലെ മകള്‍ വളരാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കണം. ഇനിയും ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ട്. എങ്കിലും അവള്‍ക്ക് ഒരിക്കൽ സാധാരണ ജീവിതം സാധ്യമാകുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നു കെയ്റ്റിലിനും ബൈറനും പറയുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മാത്രമല്ല, അപരിചിതരായ അനേകം പേരുടെ പോലും സ്നേഹം തിരിച്ചറിയാന്‍ കെയ്റാന്‍ വന്നതുകൊണ്ട് തങ്ങള്‍ക്കു സാധിച്ചെന്നും ഇവര്‍ പറയുന്നു. മാര്‍ച്ച് 11 നു മൂന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയാറെടുക്കുകയാണ് കെയ്റാനും മാതാപിതാക്കളും.
Read More : Health News