വെള്ളം തൊട്ടാൽ ശരീരം പൊള്ളുന്ന അപൂർവ രോഗവുമായി ഇവാൻ

വെള്ളത്തില്‍ കളിക്കാന്‍ മിക്ക കുഞ്ഞുങ്ങള്‍ക്കും വലിയ ഇഷ്ടമാണ്.  എന്നാല്‍ വെള്ളം ശരീരത്തു തൊട്ടാല്‍ പൊള്ളലേറ്റ പോലെ ആയാലോ? അങ്ങനെയൊരു വിചിത്ര അവസ്ഥയാണ് 18 മാസം പ്രായമുള്ള ഇവാന്‍ അങ്കെര്‍മാന്. യുഎസിലെ മിനസോട്ട സ്വദേശിയാണ് ഇവാൻ. Aquagenic urticaria എന്നാണു ഇതിനു വൈദ്യശാസ്ത്രം നല്‍കുന്ന പേര്.

വെള്ളത്തില്‍ തൊട്ടാല്‍ മാത്രമല്ല കരയുകയോ വിയര്‍ക്കുകയോ ചെയ്‌താലും ഇവാന്റെ ശരീരം പൊള്ളിക്കുടുന്നതു പോലെയാകും. അതായത്, വെള്ളം അടുത്തുകൂടി പോലും പോകാന്‍ പാടില്ല. ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് ഇത് ഭീകരമായ അവസ്ഥയാണ്. ഇത് വളരെയേറെ ശ്രദ്ധ നല്‍കേണ്ട രോഗമാണെന്ന് ഇവാന്റെ അമ്മ ബ്രിട്നി പറയുന്നു. ഭാവിയില്‍ മറ്റു കുട്ടികള്‍ കളിയാക്കിയാലോ വിഷമിപ്പിച്ചാലോ കരയാതിരിക്കാന്‍ അവളെ ഇപ്പോഴേ പ്രാപ്തയാക്കുകയാണെന്ന് ബ്രിട്നി പറയുന്നു.

Antihistamine മരുന്നുകള്‍ ഒരുപരിധി വരെ കുഞ്ഞിന്റെ അവസ്ഥയ്ക്കു പരിഹാരമാകും. എന്നാല്‍ നിരന്തരം ഉപയോഗിച്ചാൽ കുഞ്ഞിന്റെ ശരീരത്തിന് അതിനോടുള്ള പ്രതികരണം നഷ്ടമാകും. അതുകൊണ്ടുതന്നെ വെള്ളം കഴിവതും ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിരോധം. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതാണ്. ചികിത്സയ്ക്കും ഇവാനുവേണ്ടിയുള്ള വൈദ്യോപകരണങ്ങൾക്കുമായി മാതാപിതാക്കള്‍ സഹായം തേടുകയാണ്.

Aquagenic urticaria ബാധിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്‌ ഇവാന്‍ എന്നാണ് കരുതുന്നത്. ഇതുവരെ ലോകത്ത് അമ്പതുപേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സാധാരണ പ്രായപൂര്‍ത്തിയാകുമ്പോഴാണ് പലര്‍ക്കും ഈ അവസ്ഥ കണ്ടെത്തുന്നത്. പക്ഷേ ഇവാന് ഇത്ര ചെറുപ്പത്തില്‍ ഇതെങ്ങനെ വന്നു എന്നത് ഡോക്ടർമാര്‍ക്കും പറയാന്‍ കഴിയുന്നില്ല. വെള്ളം തൊട്ടാല്‍ അടുത്ത പതിനഞ്ചു മിനിറ്റിനുള്ളില്‍ ശരീരം ചൊറിഞ്ഞു തടിച്ച് ചുവപ്പു നിറം ആകും.

പലതരത്തിൽ വെള്ളം മാറ്റി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം ചെയ്തില്ലെന്ന് ബ്രിട്ടനി പറയുന്നു. ആഴ്ചയില്‍ ഒരിക്കലാണ് ഇവാനെ ഇപ്പോള്‍ കുളിപ്പിക്കുന്നത്. ബ്ലീച്ചില്‍ മുക്കിയ പോലെയാണ് അന്ന് അവളുടെ ശരീരം. മഞ്ഞുകാലമായാല്‍ ഇവാനു വീടിനു പുറത്തേക്ക് ഇറങ്ങാനേ കഴിയില്ല. അവള്‍ക്കു വേണ്ടി ജീവിതചര്യ തന്നെ മാറ്റിയെന്ന് ഇവാന്റെ അച്ഛനും അമ്മയും പറയുന്നു.

നിലവില്‍ വെള്ളം കുടിക്കാൻ ഇവാനു പ്രശ്നമില്ല. എന്നാല്‍ ഭാവിയില്‍ അതും ഉണ്ടാകുമോ എന്ന ഭയമുണ്ട്. എങ്കിലും കഴിയുന്നത്ര പോസിറ്റീവ് ആകാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഭാവിയില്‍ ഈ രോഗത്തിന് വൈദ്യശാസ്ത്രം ഒരു മരുന്നു കണ്ടെത്തുമെന്നും തങ്ങളുടെ ഇവാന് ആവശ്യമായ ചികിത്സ ലഭിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

Read More : Health News