കുളിക്കുമ്പോൾ ആദ്യം തല നനയ്ക്കല്ലേ...

നടി ശ്രീദേവിയുടെ അപ്രതീക്ഷിതവിയോഗം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടൊപ്പം എല്ലാവരിലും ഉണ്ടായൊരു സംശയമാണ് എങ്ങനെയാണ് ബാത്ത്ടബ്ബിലെ വെള്ളത്തില്‍ ശ്രീദേവി മുങ്ങി മരിച്ചത് എന്നത്. എന്നാല്‍ ബാത്ത്റൂമിലെ മരണങ്ങള്‍ ഇതാദ്യമല്ല. മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ, ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നമ്മള്‍ അപകടസാധ്യത തീരെയില്ലെന്നു കരുതുന്ന ഇടമാണ് ബാത്ത്റൂം‍. ചിലര്‍ ഒരല്പം റിലാക്സേഷന്‍ കണ്ടെത്തുന്നതു പോലും ബാത്ത്റൂമിലാണ്. എന്നാല്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെയാണോ? ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്.

നമ്മള്‍ കുളിക്കുമ്പോള്‍ മിക്കവാറും ആദ്യം നനയ്ക്കുന്നത് തലയാണ്. ഇതു തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും.

തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അത് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം.

തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍ ഒക്കെ ഉള്ളവര്‍ ഈ രീതി പിന്തുടർന്നാൽ നന്നാവും.