മരണത്തിന്റെ വക്കിൽ നിന്നും ജീവിതം തിരികെ പിടിക്കുക, അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഏതു നിമിഷവും മരിക്കുമെന്ന് ഉറപ്പിച്ചാൽ എന്തു പരീക്ഷണത്തിനും നിന്നുകൊടുക്കാനും തയാറായിപ്പോകും. അത്തരം ഒരു പരീക്ഷണത്തിലൂടെയാണ് 36 കാരിയായ എമിലി ദംലരും കടന്നു പോയത്. മാക്സിമം ആറുമാസത്തെ ജീവൻ എന്ന് ഡോക്ടർമാർ നടത്തിയ വിധിയെഴുത്തിൽ നിന്നാണ് എമിലി പടിപടിയായി പിടിച്ചു കയറിയത്.
ആ ദിവസങ്ങളെക്കുറിച്ച് എമിലിയുടെ വാക്കുകളിലൂടെ
2013 ഓഗസ്റ്റ് വരെ ഏതൊരു സാധാരണ സ്ത്രീയെയും പോലെയായിരുന്നു ഞാനും. കാന്‍സാസിലെ വീട്ടില്‍ മക്കളായ ഹട്സണ്‍, എമിലി, ലോല എന്നിവർക്കൊപ്പം ജീവിതം ആസ്വദിക്കുകയായിരുന്നു.
ഒരുദിവസം വയറ്റില്‍ തോന്നിയ അസ്വാഭാവികതയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ബാത്ത്റൂമില്‍ പോയപ്പോള്‍ രക്തം കലർന്ന മലം. ഉടന്‍ ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തി. അതോടെ ഡോക്ടർമാര്‍ എമിലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഒടുവില്‍ Non-Hodgkin’s lymphoma എന്ന മാരകമായ കാന്‍സര്‍ ആണെന്ന് കണ്ടെത്തി.
ഇളയ മകള്‍ ലോലയുടെ കിന്‍ഡര്‍ ഗാര്‍ഡനിലെ ആദ്യ ദിവസം പോലും തനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു അപ്പോള്‍ എമിലിയെ ഏറ്റവും സങ്കടപ്പെടുത്തിയത്. എമിലിയ്ക്കൊപ്പം ഭര്‍ത്താവ് സ്കോട്ടും ഒരുപോലെ വിഷമത്തിലായിരുന്നു ഈ സമയം. എത്രയും വേഗം എമിലിക്ക് ചികിത്സ ആരംഭിക്കുക എന്നതായിരുന്നു മുന്നിലെ വഴി. നീണ്ട നാളത്തെ കീമോയ്ക്ക് ശേഷം രോഗം ഭേദമായെന്നു കരുതി .
എന്നാല്‍ വീണ്ടും കാന്‍സര്‍ തന്റെ നീരാളി കരങ്ങള്‍ കൊണ്ട് എമിലിയെ വരിഞ്ഞുമുറുക്കി. ഈ അവസരത്തില്‍ മൂലകോശം മാറ്റുക എന്നതായിരുന്നു ഏക വഴി. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ കാലമായിരുന്നു അതെന്നു എമിലി ഓര്‍ക്കുന്നു. ഭാരം ക്രമാതീതമായി കുറഞ്ഞിരുന്നു. ആറുമാസമായിരുന്നു ഡോക്ടർമാര്‍ ആ സമയത്ത് എമിലിക്ക് പറഞ്ഞ ആയുര്‍ദൈര്‍ഘ്യം.
അങ്ങനെ മരണത്തെ മുന്നില്‍ കണ്ടു കഴിയുമ്പോഴാണ് പുതിയൊരു ക്ലിനിക്കല്‍ ട്രയലിനെ കുറിച്ചു ഡോക്ടര്‍ എമിലിയോട് സൂചിപ്പിക്കുന്നത്. ഒരുതരം ഇമ്മ്യൂണോ തെറാപ്പി ചികിത്സ ആയിരുന്നു അത്. CAR-T, or chimeric antigen receptor T-cell therapy.
ലോകത്ത് തന്നെ ഈ ക്ലിനിക്കല്‍ ട്രയലിനു വിധേയയാകുന്ന മൂന്നാമത്തെ വ്യക്തിയായിരുന്നു എമിലി. Yescarta എന്നൊരു മരുന്ന് ഉപയോഗിച്ചായിരുന്നു ഈ പുതിയ പരീക്ഷണം.
നമ്മുടെ പ്രതിരോധസംവിധാനത്തെ തന്നെ ഉപയോഗിച്ചു കാന്‍സര്‍ വേരുകള്‍ നശിപ്പിക്കുകയാണ് ഇതിന്റെ ചികിത്സ. വളരെ ഗൗരവകരമായ ചികിത്സയായിരുന്നു ഇത്. തലച്ചോറിന്റെ പ്രവര്‍ത്തങ്ങളെ വരെ ചിലപ്പോള്‍ ഈ ചികിത്സ ബാധിക്കാം എന്നും ഡോകടര്‍ മുന്നറിയിപ്പ് നല്‍കി.
മരണത്തെ മുന്നില്‍ കണ്ടു നില്‍ക്കുന്ന എമിലിയ്ക്ക് ഇത് വേണോ വേണ്ടയോ എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ചികിത്സ ആരംഭിച്ചു.
ഒരുമാസത്തിന് ശേഷം എമിലിയില്‍ നടത്തിയ പരിശോധനയില്‍ അർബുദ കോശങ്ങൾ അവളില്‍ ഇല്ല എന്ന് കണ്ടെത്തി. തനിക് അവിശ്വസനീയമായ നിമിഷമായിരുന്നു അതെന്നു എമിലി പറയുന്നു. ഇപ്പോള്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ഇപ്പുറവും തന്നില്‍ കാന്‍സര്‍ വേരുകള്‍ നിശേഷം ഇല്ലെന്നു എമിലി പറയുന്നു. ഇതിനെ ദൈവീകം എന്ന് മാത്രമാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോൾ പള്ളിയില്‍ വിശ്വാസികള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് എമിലി. തന്നെ പോലെ മരണത്തിന്റെ വക്കുവരെയെത്തി തിരികെ ജീവിതത്തിലേക്ക് നടന്നു കയറിയവര്‍ക്ക് ആശ്വാസമാകുകയാണ് തന്റെ പ്രവര്‍ത്തങ്ങളിലൂടെ ഈ യുവതി.
Read More : Health Magazine