നെഞ്ചു വേദനയെ എല്ലാവർക്കും ഭയമാണ്. ചെറിയൊരു വേദന ആയാലും ഉടനെ ഹൃദ്രോഗം ആണോ എന്നാ മിക്കവര്‍ക്കും സംശയം. ഇടതുവശം ചേര്‍ന്നുള്ള വേദനയ്ക്ക് ഒരല്‍പം ശ്രദ്ധനല്‍കേണ്ടതുണ്ട്.
എന്നാല്‍ വലതുവശം ചേര്‍ന്നുള്ള വേദനയോ? അതിനെ അങ്ങനെ അവഗണിക്കാമോ ? വേണ്ട എന്നു തന്നെയാണ് ഡോക്ടർമാര്‍ നല്‍കുന്ന ഉത്തരം. കാരണം പല രോഗങ്ങളുടെ ലക്ഷണമാകാം ഈ വേദന.
വലതുവശത്തെ നെഞ്ചു വേദനയുടെ കാരണങ്ങള്‍ എന്തൊക്കെ ആണെന്നു നോക്കാം.
അമിതമായ ടെന്‍ഷന്‍
ടെന്‍ഷന്‍ ഒട്ടുമിക്ക വേദനകളുടെയും കാരണക്കാരനാണ്. ഉത്കണ്ഠ കൂടുമ്പോള്‍ ഹൃദയാഘാതത്തിന് സമാനമായ വേദന ചിലര്‍ക്ക് തോന്നുക സ്വാഭാവികമാണ്. ഇതിനെ ഹൃദയാഘാതം എന്നും തെറ്റിദ്ധരിക്കും. പക്ഷേ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉടന്‍ ഡോക്ടറെ കണ്ടു വേണ്ട പരിശോധനകള്‍ നടത്തുക.
പേശിവേദന
ഒരുപാട് മസ്സിലുകള്‍ ചേര്‍ന്ന ഇടമാണ് നമ്മുടെ നെഞ്ചുഭാഗം. വ്യായാമവും മറ്റും ചെയ്യുമ്പോള്‍ മസ്സിലുകള്‍ക്ക് വേദന ചിലപ്പോള്‍ തോന്നാം.
അപകടം
എന്തെങ്കിലും തരത്തിലെ അപകടങ്ങള്‍ നിമിത്തമോ വീഴ്ച കാരണമോ വേദന തോന്നാം. ഇതുമൂലം നെഞ്ചിലെ രക്തക്കുഴലുകള്‍ക്കോ പേശികള്‍ക്കോ ക്ഷതം സംഭവിക്കാം. ഇതും നെഞ്ചു വേദനയായി തോന്നാം.
കോസ്റ്റോകോണ്‍ട്രൈറ്റിസ്( Costochondritis)
നെഞ്ചിലെ പ്രധാന അസ്ഥിയും വാരിയെല്ലുമായി (ribs) ബന്ധിക്കുന്ന രക്തക്കുഴലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് ഇതിനു കാരണമാകുന്നത്. ശക്തമായ ചുമ, വേദന, അണുബാധ എന്നിവ ഇതുകാരണം ഉണ്ടാകാം.
വാരിയെല്ലില്‍ പൊട്ടല്‍
ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്ന കവചമാണ് വാരിയെല്ലുകള്‍. ഇതില്‍ ഉണ്ടാകുന്ന ചെറിയ പൊട്ടലുകള്‍ പോലും കടുത്ത നെഞ്ചു വേദന ഉണ്ടാക്കും. ശക്തമായ ചുമ ,വീഴ്ച, അപകടം എന്നിവ എല്ലാം കാരണം വാരിയെല്ലില്‍ പൊട്ടലുകള്‍ സംഭവിക്കാം.
ന്യൂമോതോറക്സ് (Pneumothorax)
ശ്വാസകോശത്തിനും നെഞ്ചിലും ഇടയിലായി വായു നിറയുമ്പോള്‍ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇതുമൂലം ശരിയായി ശ്വാസം എടുക്കാന്‍ കഴിയാതെ വരും. അപ്പോഴാണ് നെഞ്ചു വേദന ഉണ്ടാകുന്നത്.
Pleurisy എന്ന അവസ്ഥയും ശ്വാസകോശവുമായി ബന്ധപ്പെട്ട് ഉണ്ടാകുതാണ്. ശ്വാസകോശത്തിലെ ചെറിയ പാളികളില്‍ പരസ്പരമുള്ള ഉരസല്‍ കാരണം ഉണ്ടാകുന്ന പ്രശ്നമാണ് ഇതുമായി ബന്ധപ്പെട്ട വേദനയ്ക്ക് കാരണമാകുന്നത്.
ന്യുമോണിയ
ശ്വാസകോശത്തിലെ അണുബാധയാണ് ന്യുമോണിയ. ന്യുമോണിയ ബാധ ഉള്ളവര്‍ക്ക് കടുത്ത ചുമ, ശ്വാസം എടുക്കുമ്പോള്‍ വേദന എന്നിവ ഉണ്ടാകാം. പനി, വിറയല്‍, വയറ്റില്‍ വേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.
ശ്വാസകോശാര്‍ബുദം
ശ്വാസമെടുക്കുമ്പോള്‍ വേദന, ചുമ, നെഞ്ചുവേദന എന്നിവയെല്ലാം ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങളാണ്. ശരിയായ രീതിയിലെ പരിശോധനകള്‍ ചെയ്തു യഥാസമയം രോഗം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ട്യൂമര്‍
നെഞ്ചിനോ നെഞ്ചു ഭാഗത്തോ ഉണ്ടാകുന്ന ട്യൂമറുകള്‍ ചിലപ്പോള്‍ നെഞ്ചു വേദന ഉണ്ടാക്കും. ഈ ട്യൂമറുകള്‍ എപ്പോഴും കാന്‍സര്‍ ആകണമെന്നില്ല. ട്യൂമര്‍ വളരുംതോറും അത് രക്തകുഴലുകള്‍ക്ക് സമ്മര്‍ദം നല്‍കുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും.
ഹൃദ്രോഗം
ഇടതുവശത്തെ വേദന മാത്രമല്ല വലതുവശത്തെ വേദനയും എന്തെങ്കിലും തരത്തിലെ ഹൃദ്രോഗത്തിന് കാരണമാകും.
ഷിന്‍ഗിള്‍സ് ( shingles)
ചിക്കന്‍ പോക്സിനു കാരണമാകുന്ന വൈറസ് തന്നെയാണ് ഷിന്‍ഗിള്‍സിനു കാരണമാകുന്നത്. ഇത് ഒരുതരം ത്വക്ക്‌രോഗമാണ്. ഇത് പേശികള്‍ക്കും നാഡിയ്ക്കും വേദന ഉണ്ടാക്കും. ചിലപ്പോള്‍ ഈ രോഗാണുക്കള്‍ നെഞ്ചു ഭാഗത്താണ് അണുബാധ ഉണ്ടാക്കുന്നതെങ്കില്‍ നെഞ്ചു വേദന സ്വാഭാവികമാണ്. ശരീരത്തിന്റെ ഒരുഭാഗത്തെ ആണ് ഇത് കൂടുതല്‍ ബാധിക്കുക.
നെഞ്ചെരിച്ചില്‍, കരള്‍ രോഗം
ഇതെല്ലം ചിലപ്പോള്‍ നെഞ്ചു വേദന ഉണ്ടാക്കാം. ഗാള്‍ബ്ലാഡര്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ അസ്വസ്ഥതകളും ചിലപ്പോള്‍ വലതുവശം ചേര്‍ന്നുള്ള നെഞ്ചുവേദനയ്ക്ക് കാരണമായേക്കാം.
എപ്പോള്‍ ഡോക്ടറെ കാണണം?
വിട്ടുവിട്ടുള്ള വേദന കഠിനമാകുമ്പോള്‍,
തലകറക്കം, ശ്വാസതടസം , ബോധം മറഞ്ഞാല്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണുക
കൈകളിലേക്കും താടിയെല്ലിലേക്കും വേദന പടര്‍ന്നാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തുക.
Read More : Health Magazine